IPL 2022 : ഒമിക്രോണ്‍ ഐപിഎല്ലിന് ഭീഷണിയാകുമോ? ബിസിസിഐടെ മാസ്റ്റര്‍ പ്ലാനിങ്ങനെ

By Web TeamFirst Published Dec 23, 2021, 3:31 PM IST
Highlights

എന്നാല്‍ ബിസിസിഐ വെട്ടിലാക്കുന്നത് ഒമിക്രോണ്‍ വ്യാപനമാണ്. വ്യാപനം രൂക്ഷമായാല്‍ ഇന്ത്യയില്‍ ടൂര്‍ണമെന്റ് നടത്തുക പ്രയാസമായിരിക്കും. ഇതിനൊരു പോംവഴിയും ബിസിസിഐ കണ്ടെത്തിയിട്ടുണ്ട്.

മുംബൈ: ഐപിഎല്‍ 15-ാം (IPL 2022) സീസണിലേക്കുള്ള മെഗാതാരലേലം ഫെബ്രുവരി ഏഴ്, എട്ട് തിയതികളില്‍ ബാംഗ്ലൂരില്‍ നടക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. അവസാനത്തെ മെഗാതാരലേലമായിരിക്കും ഇതെന്നും പറയുന്നു. ഇത്തവണ പൂര്‍ണ്ണമായും ഇന്ത്യയില്‍ത്തന്നെ ഐപിഎല്‍ നടത്താനാണ് ബിസിസിഐ (BCCI) ആലോചിക്കുന്നത്. 

എന്നാല്‍ ബിസിസിഐ വെട്ടിലാക്കുന്നത് ഒമിക്രോണ്‍ വ്യാപനമാണ്. വ്യാപനം രൂക്ഷമായാല്‍ ഇന്ത്യയില്‍ ടൂര്‍ണമെന്റ് നടത്തുക പ്രയാസമായിരിക്കും. ഇതിനൊരു പോംവഴിയും ബിസിസിഐ കണ്ടെത്തിയിട്ടുണ്ട്. ടൂര്‍ണമെന്റിനിടെ വ്യാപാനമുണ്ടായാല്‍ വേദി യുഎഇയിലേക്ക് മാറ്റാനാണ് ബിസിസിഐയുടെ പദ്ധതി. ഇതുമായി ബന്ധപ്പെട്ട് ബിസിസിഐ ഫ്രാഞ്ചൈസികളുമായി സംസാരിച്ചിരുന്നുവെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നു. 2020 സീസണ്‍ മുഴുവനായും യുഎഇയിലും 2021 സീസണിന്റെ രണ്ടാം പാദം യുഎഇയിലുമാണ് നടത്തിയത്.

കഴിഞ്ഞ സീസണില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ടൂര്‍ണമെന്റ് യുഎഇയിലേക്ക് മാറ്റേണ്ടി വന്നിരുന്നു. ഈ മാറ്റം പല ഫ്രാഞ്ചൈസികളുടെയും പദ്ധതികളെ തകര്‍ക്കുന്നതായിരുന്നു. പല സൂപ്പര്‍ താരങ്ങളും ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഇത് ടീമുകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ഇതൊഴിവാക്കാനാണ് നേരത്തെ തന്നെ ഇക്കാര്യത്തില്‍ ബിസിസി ഐ ഫ്രാഞ്ചൈസികളെ നിലപാടറിയിച്ചത്. മാത്രമല്ല, ഇന്ത്യയിലെ ബയോബബിള്‍ സംവിധാനം മോശമായിരുന്നുവെന്നും ആരോപണമുണ്ടായിരുന്നു. ഓസ്‌ട്രേലിയന്‍ താരങ്ങളായ ആഡം സാപം, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ആന്‍ഡ്രൂ ടൈ തുടങ്ങിയവര്‍ അങ്ങനെയാണ് രണ്ടാംപാദത്തില്‍ നിന്ന് പിന്മാറിയത്. അതുകൊണ്ടുതന്നെ ഇത്തവണ പഴുതടച്ച സുരക്ഷയാണ് ബിസിസിഐ ഒരുക്കുക. 

മെഗാ താരലേലം യുഎഇയിലായിരിക്കും നടക്കുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഇന്ത്യയില്‍ തന്നെ നടത്താനാണ് ഇപ്പോള്‍ ബിസിസിഐയുടെ തീരുമാനം. അതേസമയം, ഓരോ മൂന്നുവര്‍ഷം കൂടുമ്പോഴും മെഗാ താരലേലം നടത്തുന്നതിനെ നിലവിലെ ടീമുകള്‍ എതിര്‍ക്കുന്നതിനാല്‍ മെഗാ താരലേലം തന്നെ ഉപേക്ഷിക്കാന്‍ ബിസിസിഐ ആലോചിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓരോ മെഗാ താരലേലവും ടീമിന്റെ സന്തുലനത്തെ തന്നെ തകര്‍ക്കുന്നതാണെന്നാമ് നിലവിലെ ടീമുകളടെ പരാതി. കഷ്ടപ്പെട്ട് ടീം കെട്ടിപ്പടുത്തശേഷം നിര്‍ണായക കളിക്കാരെ വിട്ടുകൊടുക്കേണ്ടിവരുന്നത് ബുദ്ധിമുട്ടാണെന്ന് ഡല്‍ഹി ടീം ഉടമ പാര്‍ഥ് ജിന്‍ഡാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

click me!