ഏഷ്യാ കപ്പില്‍ നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങി തിലക് വര്‍മ; ഓസ്‌ട്രേലിയ എ ടീമിനെതിരെ ഒറ്റയാള്‍ പ്രകടനം, ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍

Published : Oct 03, 2025, 05:25 PM IST
Once  Again Tilak Varma Shines for India A

Synopsis

ഓസ്‌ട്രേലിയ എ ടീമിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ എ ടീം 247 റൺസ് വിജയലക്ഷ്യം വെച്ചു. മുൻനിര തകർന്നപ്പോൾ 94 റൺസെടുത്ത തിലക് വർമയുടെയും 58 റൺസെടുത്ത റിയാൻ പരാഗിന്റെയും ഇന്നിംഗ്‌സുകളാണ് ഇന്ത്യക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്.

കാണ്‍പൂര്‍: ഇന്ത്യ എ ടീമിനെതിരായ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലി എ ടീമിന് 247 റണ്‍സ് വിജയലക്ഷ്യം. മുന്‍നിര താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ തിലക് വര്‍മ (122 പന്തില്‍ 94), റിയാന്‍ പരാഗ് (54 പന്തില്‍ 58) എന്നിവരുടെ പ്രകടനാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. കാണ്‍പൂര്‍, ഗ്രീന്‍ പാര്‍ക്കില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു ഇന്ത്യ. ഓസീസിന് വേണ്ടി ജാക്ക് എഡ്വേര്‍ഡ്‌സ് നാല് വിക്കറ്റ് വീഴ്ത്തി. വില്‍ സതര്‍ലന്‍ഡ്, തന്‍വീര്‍ സംഗ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. പരമ്പരയില്‍ രണ്ടാം മത്സരമാണിത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചിരുന്നു.

ടോസ് നേടി ബാറ്റിംഗ് ചെയ്യാനുള്ള ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ തീരുമാനം തെറ്റെന്ന് തെളിയിക്കുന്ന രീതിയിലായിരുന്നു ഇന്ത്യയുടെ തുടക്കം. രണ്ടാം ഓവറില്‍ തന്നെ അഭിഷേക് ശര്‍മ ഗോള്‍ഡന്‍ ഡക്കായി. സതലന്‍ഡിന് ക്യാച്ച് നല്‍കിയാണ് അഭിഷേക് മടങ്ങിയത്. ഏഷ്യാ കപ്പില്‍ പുറത്തെടുത്ത മിന്നുന്ന പ്രകടനം ആവര്‍ത്തിക്കാന്‍ അഭിഷേകിന് സാധിച്ചില്ല. തൊട്ടടുത്ത ഓവറില്‍ പ്രഭ്‌സിമ്രാന്‍ സിംഗും മടങ്ങി. 10 പന്തുകളില്‍ നിന്ന് ഒരു റണ്‍സെടുക്കാന്‍ മാത്രമാണ് പ്രഭ്‌സിമ്രാന് കഴിഞ്ഞത്. തുടര്‍ന്ന് ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ എട്ട് റണ്‍സെടുത്ത് മടങ്ങി. എഡ്വേര്‍ഡ്‌സിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു ശ്രേയസ്. ഇതോടെ മൂന്നിന് 17 എന്ന നിലയിലായി ഇന്ത്യ.

പിന്നീട് പരാഗ് - തിലക് സഖ്യം 101 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് കൂട്ടതകര്‍ച്ച ഒഴിവാക്കിയത്. എന്നാല്‍ പരാഗിനെ പുറത്താക്കി ഓസീസ് മത്സരത്തിലേക്ക് തിരിച്ചെത്തി. ഇതോടെ നാലിന് 118 എന്ന നിലയിലായി ഇന്ത്യ. ശേഷം, വീണ്ടും തകര്‍ച്ച. നിശാന്ത് സിന്ധു (1), സൂര്യന്‍ഷ് ഷെഡ്ഗെ (10), ഹര്‍ഷിത് റാണ (21), യുധ്‌വീര്‍ സിംഗ് (4) തിലകിന് പിന്തുണ നല്‍കാനുള്ള ശ്രമം പോലും നടത്തിയില്ല. വാലറ്റത്ത് രവി ബിഷ്‌ണോയിയുടെ (30 പന്തില്‍ 26) പ്രകടനം നിര്‍ണായകമായി. തിലകിനൊപ്പം 34 റണ്‍സാണ് ബിഷ്‌ണോയ് ചേര്‍ത്തത്.

ബിഷ്‌ണോയ് 42-ാം ഓവറില്‍ മടങ്ങിയെങ്കിലും അര്‍ഷ്ദീപ് സിംഗിനെ കൂട്ടുപിടിച്ച് തിലക് മാന്യമായ സ്‌കോറിലേക്ക് നയിച്ചു. എന്നാല്‍ സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. 46-ാം ഓവറില്‍ പുറത്തായി. നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. ഏഷ്യാ കപ്പില്‍ കളിച്ച അഭിഷേക്, തിലക് എന്നിവര്‍ക്ക് പുറമെ ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ് എന്നിവരും ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ എ: അഭിഷേക് ശര്‍മ, പ്രഭ്സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, തിലക് വര്‍മ, നിഷാന്ത് സിന്ധു, സൂര്യന്‍ഷ് ഷെഡ്ഗെ, ഹര്‍ഷിത് റാണ, യുധ്‌വീര്‍ സിംഗ് ചരക്, അര്‍ഷ്ദീപ് സിംഗ്, രവി ബിഷ്ണോയ്.

ഓസ്‌ട്രേലിയ: മക്കെന്‍സി ഹാര്‍വി, ജെയ്ക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക് (വിക്കറ്റ് കീപ്പര്‍), ലാച്‌ലാന്‍ ഹിയേണ്‍, കൂപ്പര്‍ കൊനോലി, ജാക്ക് എഡ്വേര്‍ഡ്‌സ് (ക്യാപ്റ്റന്‍), ലാച്‌ലാന്‍ ഷാ, ഹാരി ഡിക്‌സണ്‍, ലിയാം സ്‌കോട്ട്, വില്‍ സതര്‍ലാന്‍ഡ്, സാം എലിയട്ട്, തന്‍വീര്‍ സംഗ.

PREV
Read more Articles on
click me!

Recommended Stories

ആ 2 പേര്‍ പുറത്തേക്ക്, ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍
മുഷ്താഖ് അലി ട്രോഫി വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്ത് മലയാളി താരം, മുഹമ്മദ് ഷമി 25ാം സ്ഥാനത്ത്