
മെല്‍ബണ്‍: ടി20 ഫ്രാഞ്ചൈസി ക്രിക്കറ്റിന്‍റെ കാലത്ത് ഏകദിന ക്രിക്കറ്റ് മെല്ലെ മരിച്ചു കൊണ്ടിരിക്കുകയാണെന്ന് ഓസീസ് താരം ഉസ്മാന്‍ ഖവാജ. വ്യക്തിപരമായി താന്‍ ഏകദിന ക്രിക്കറ്റില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് പോലെ ഗൗരവത്തോടെയോ ടി20 ക്രിക്കറ്റിനെപോലെ രസകരമായോ ഏകദിന ക്രിക്കറ്റിനെ സമീപിക്കാനാവില്ലെന്നും ഖവാജ പറഞ്ഞു.
വ്യക്തിപരമായി പറഞ്ഞാല്‍ ഏകദിന ക്രിക്കറ്റ് മെല്ലെ മരിച്ചുകൊണ്ടിരിക്കുകയാണ്. എങ്കിലും ലോകകപ്പ് പോലെയുള്ള ടൂര്‍ണമെന്‍റുകളിലൊഴികെ ഏകദിന ക്രിക്കറ്റ് ആസ്വാദ്യകരമാകില്ലെന്നും അതിനപ്പുറം തനിക്ക് ഏകദിന ക്രിക്കറ്റിനോട് താല്‍പര്യമില്ലെന്നും ഖവാജ പറഞ്ഞു.
മൂന്ന് ഫോര്‍മാറ്റിലും കളിക്കാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് ഏകദിന ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഖവാജയുടെ പ്രതികരണം. നിലവില്‍ ടി20 ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ ഏകദിന മത്സരങ്ങള്‍ക്ക് പ്രസക്തിയില്ല. മൂന്ന് ഫോര്‍മാറ്റിലും ഏല്ലാ മത്സരങ്ങളിലും ഒരുപോലെ കളിക്കുക ബുദ്ധിമുട്ടാണ്. ഏതെങ്കിലും ഒരു ഫോര്‍മാറ്റ് കൈവിട്ടെ മതിയാവു. തീരുമാനമെടുക്കേണ്ടത് കളിക്കാരന്‍ തന്നെയാണ്.
ടി20യുടെ വരവോടെ ഏകദിനം വിരസമായി, വണ്‍ഡേ മത്സരങ്ങള്‍ നിർത്തലാക്കണം: വസീം അക്രം
ക്രിക്കറ്റിന്‍റെ ഏറ്റവും മഹത്തായ ഫോര്‍മാറ്റ് ടെസ്റ്റ് ക്രിക്കറ്റാണ്. പിന്നെ വിവിധ രാജ്യങ്ങളിലായി നടക്കുന്ന ടി20 ലീഗുകളുണ്ട്. എന്‍റര്‍ടെയ്നര്‍ എന്ന നിലയില്‍ അത് ആസ്വാദ്യകരവുമാണ്. ഇതു രണ്ടും കഴിഞ്ഞെ ഏകദിന ക്രിക്കറ്റിന് പ്രസക്തിയുള്ളു.
കളിക്കാരാരും അവരുടെ കുടുംബത്തില്‍ നിന്ന് വര്‍ഷം മുഴുവന്‍ വിട്ടു നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നില്ല. അതിനാല്‍ ഒരു ഫോര്‍മാറ്റ് അവര്‍ കൈവിടാന്‍ തയാറാവുന്നു. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ കളിക്കുക എന്നത് അസാധ്യമല്ല, പക്ഷ ബുദ്ധിമുട്ടാണെന്നും ഖവാജ പിടിഐയോട് പറഞ്ഞു. ഓസീസ് ടെസ്റ്റ് ടീമിലും ഏകദിന ടീമിലും കളിക്കുന്ന ഖവാജയെ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാറില്ല. എന്നാല്‍ ഓസ്ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷ് ലീഗിലടക്കം ഖവാജ സജീവമാണ്.