'ഞാന്‍ അനുഭവിച്ച സമ്മര്‍ദ്ദം എനിക്ക് മാത്രമേ അറിയൂ', ജയത്തിനുശേഷം തുറന്നുപറഞ്ഞ് സൂര്യകുമാർ യാദവ്

Published : Feb 08, 2026, 06:20 AM IST
Suryakumar Yadav Press

Synopsis

ബാറ്റിംഗിനെ അകമഴിഞ്ഞ് തുണക്കാറുള്ള വാങ്കഡെയിലെ പിച്ച് ഇത്തവണ അൽപം വ്യത്യസ്തമായിരുന്നുവെന്നും സൂര്യ പറഞ്ഞു.

മുംബൈ: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ അമേരിക്കയ്ക്കെതിരെ പൊരുതി നേടിയ വിജയത്തിന് പിന്നാലെ ബാറ്റിംഗിനിടെ താന്‍ അനുഭവിച്ച സമ്മര്‍ദ്ദത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. ഒരു ഘട്ടത്തിൽ 77 റൺസിന് 6 വിക്കറ്റ് എന്ന നിലയിൽ തകർന്നടിഞ്ഞപ്പോൾ താൻ അനുഭവിച്ച സമ്മർദ്ദം വാക്കുകൾകൊണ്ട് വിവരിക്കാനാവില്ലെന്ന് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടശേഷം സമ്മാനദാനച്ചടങ്ങില്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു.

77-ന് 6 എന്ന നിലയിൽ നിൽക്കുമ്പോൾ എത്രത്തോളം സമ്മർദ്ദം ഉണ്ടായിരുന്നു എന്ന് എനിക്ക് മാത്രമേ അറിയൂ. പക്ഷേ, സമാനമായ സാഹചര്യങ്ങളിൽ മുൻപും ഞാൻ ബാറ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ തിരിച്ചുവരനാകുമെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. അവസാനം വരെ ക്രീസിൽ നിന്നാൽ കളി മാറ്റാനാവുമെന്ന് മുംബൈയിലെ മൈതാനങ്ങളിൽ ഒരുപാടുകാലം ക്രിക്കറ്റ് കളിച്ച എനിക്കറിയാമായിരുന്നു-സൂര്യകുമാർ പറഞ്ഞു.

ബാറ്റിംഗിനെ അകമഴിഞ്ഞ് തുണക്കാറുള്ള വാങ്കഡെയിലെ പിച്ച് ഇത്തവണ അൽപം വ്യത്യസ്തമായിരുന്നുവെന്നും സൂര്യ പറഞ്ഞു. സാധാരണ വാങ്കഡെയിൽ കാണുന്ന പിച്ചല്ല ഇന്ന് കണ്ടത്. രാവിലെ എഴുന്നേറ്റപ്പോൾ പുറത്ത് നല്ല വെയിലുണ്ടായിരുന്നില്ല. പിച്ച് നന്നായി ഒരുക്കാൻ ക്യുറേറ്റർമാരും ഗ്രൗണ്ട് സ്റ്റാഫും പരമാവധി ശ്രമിച്ചിട്ടുണ്ട്. പക്ഷേ മതിയായ വെയിൽ ലഭിക്കാത്തത് പിച്ച് ഒരുക്കുന്നതിനെ ബാധിച്ചിട്ടുണ്ടാകാം. എങ്കിലും പിച്ചിനെ മാത്രം പഴി ചാരുന്നതിൽ അർത്ഥമില്ല, ഞങ്ങൾ കുറച്ചുകൂടി നന്നായി ബാറ്റ് ചെയ്യണമായിരുന്നു-സൂര്യ പറഞ്ഞു.

ജയിച്ചെങ്കിലും ബാറ്റിംഗ് നിരയ്ക്ക് ഇനിയും മെച്ചപ്പെടാനുണ്ടെന്ന് ക്യാപ്റ്റൻ സമ്മതിച്ചു. ഇന്നത്തെ മത്സരത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. കുറച്ചുകൂടി നന്നായി ബാറ്റ് ചെയ്യണമായിരുന്നു. ഒന്നോ രണ്ടോ പേർ അവസാനം വരെ ബാറ്റ് ചെയ്യുന്നതിന് പകരം ചെറിയ കൂട്ടുകെട്ടുകൾ ഉണ്ടാക്കിയിരുന്നെങ്കിൽ കൂടുതൽ ആത്മവിശ്വാസത്തോടെ 160 കടക്കാമായിരുന്നു. ബുമ്രയുടെയും വാഷിംഗ്ടണ്‍ സുന്ദറിന്‍റെയും ആരോഗ്യസ്ഥിതിയെക്കുറിച്ചും സൂര്യകുമാർ വ്യക്തത വരുത്തി:

കാലാവസ്ഥാ വ്യതിയാനം മൂലം ബുമ്രയ്ക്ക് കടുത്ത പനിയായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന് വിശ്രമം അനുവദിച്ചത്. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. സുന്ദർ പൂർണ്ണ ആരോഗ്യവാനാണ്. ഡൽഹിയിൽ നടക്കുന്ന അടുത്ത മത്സരത്തിൽ സുന്ദര്‍ ടീമിനൊപ്പം ചേരും. അടുത്ത മത്സരത്തിന് മുൻപ് അഞ്ച് ദിവസത്തെ ഇടവേളയുണ്ടെന്നും ടീം കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്നും സൂര്യകുമാർ യാദവ് പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വാങ്കഡെയില്‍ വിജയസൂര്യനുദിച്ചു, അമേരിക്കയുടെ വെല്ലുവിളി അതിജീവിച്ച് ഇന്ത്യ, ടി20 ലോകകപ്പില്‍ ജയത്തുടക്കം
കാലിസിന്‍റെ കളരിയില്‍ പഠനം, അവഗണനക്കൊടുവില്‍ അമേരിക്കയിൽ, ആരാണ് വാങ്കഡെയില്‍ ഇന്ത്യയെ വിറപ്പിച്ച ഷാഡ്‌ലി വാൻ ഷാൽക്വിക്