
മുംബൈ: ടി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത് അമേരിക്കൻ പേസർ ഷാഡ്‌ലി വാൻ ഷാൽക്വിക്കിന്‍റെ ബൗളിംഗ് പ്രകടനമായിരുന്നു. വാങ്കഡെയില്‍ ഇന്ത്യൻ ബാറ്റരുടെ ആറാട്ട് കാണാനെത്തിയ പതിനായരങ്ങളെ നിശബ്ദരാക്കിയാണ് ഷാൽക്വിക് പവര്‍ പ്ലേയിലെ അവസാന ഓവറില്‍ മൂന്ന് വിക്കറ്റുകൾ എറിഞ്ഞി ഇന്ത്യയുടെ നടുവൊടിച്ചത്. ടൂർണമെന്‍റിലെ ഹോട്ട് ഫേവറിറ്റുകളായ ഇന്ത്യയെ പവർപ്ലേയിൽ തന്നെ 46/4 എന്ന നിലയിലേക്ക് തള്ളിയിട്ട ഷാൽക്വിക് ശരിക്കും ഞെട്ടിച്ചു.
രണ്ടാം ഓവറിൽ അഭിഷേക് ശർമ്മയെ (0) പുറത്താക്കി അലി ഖാൻ തുടങ്ങിയ തകർച്ച ഷാൽക്വിക് ഏറ്റെടുക്കുകയായിരുന്നു. മത്സരത്തിലെ ആറാം ഓവറിലായിരുന്നു വാൻ ഷാൽക്വിക്കിന്‍റെ മാന്ത്രിക പ്രകടനം. രണ്ടാം പന്തില്‍ ഇഷാൻ കിഷൻ (20) ഷാൽക്വിക്കിന്‍റെ സ്ലോ ബോളില്‍ വീണു. അപകടകാരിയായ തിലകിനെ ഷോർട്ട് ബോളിലൂടെ ഷാൽക്വിക് മടക്കി. ശിവം ദുബെ (0): ദുബെയെ നേരിട്ട ആദ്യ പന്തിൽ തന്നെ മറ്റൊരു സ്ലോ ബോളിലൂടെ പുറത്താക്കിയതോടെ ഇന്ത്യ പകച്ചു. തന്‍റെ ആദ്യ മൂന്ന് ഓവറിൽ വെറും 13 റൺസ് മാത്രം വിട്ടുകൊടുത്ത ഷാൽക്വിക് ഇന്ത്യയെ വരിഞ്ഞു മുറുക്കുകയും ചെയ്തു.
വാങ്കഡെയിൽ ഇന്ത്യൻ ബാറ്റിംഗ് നിരയെ എറിഞ്ഞൊതുക്കിയ ഷാഡ്‌ലി വാൻ ഷാൽക്വിക് എന്ന 37-കാരന്റെ ജീവിതം ഏതൊരു സിനിമാക്കഥയെയും വെല്ലുന്നതാണ്. 1988-ൽ ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ ജനിച്ച വാൻ ഷാൽക്വിക് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസം ജാക്വസ് കാലിസ് പഠിച്ച വൈന്‍ബെര്‍ഗ് അബോയ്സ് ഹൈസ്കൂളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ദക്ഷിണാഫ്രിക്കയുടെ അണ്ടർ-19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും, പ്രായപരിധിയുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങളാൽ 2009-ലെ അണ്ടർ-19 ലോകകപ്പിൽ കളിക്കാൻ ഷാൽക്വിക്കിന് കഴിഞ്ഞില്ല. തൊട്ടുപിന്നാലെ ആദ്യ പ്രൊഫഷണൽ കരാറും നഷ്ടമായതോടെ ക്രിക്കറ്റ് കരിയർ തന്നെ അവസാനിപ്പിക്കാൻ ഷാൽക്വിക് ആലോചിച്ചിരുന്നു.
എന്നാല്‍ കുടുംബാംഗങ്ങളുടെയും പരിശീലകരുടെയും അകമഴിഞ്ഞ പിന്തുണയോടെ ക്രിക്കറ്റില്‍ തുടര്‍ന്ന ഷാൽക്വിക് ദക്ഷിണാഫ്രിക്കൻ ആഭ്യന്തര ക്രിക്കറ്റിൽ നൈറ്റ്‌സ്, ഫ്രീ സ്റ്റേറ്റ് ടീമുകളുടെ വിശ്വസ്തനായ ഓൾറൗണ്ടറായി. 97 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 2,593 റൺസും 239 വിക്കറ്റുകളും ഷാൽക്വിക് നേടി. എന്നിട്ടും ദക്ഷിണാഫ്രിക്കൻ ദേശീയ ടീമിൽ ഇടം ലഭിക്കാതിരുന്നതോടെ 2020-ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്.
അമേരിക്കയില്‍ മൈനർ ലീഗിലൂടെ കളി തുടങ്ങിയ ഷാൽക്വിക് മേജർ ലീഗ് ക്രിക്കറ്റിൽ ലോസ് ഏഞ്ചൽസ് നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായി. 2024 ഏപ്രിലിൽ അമേരിക്കയ്ക്കായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു. ഐഎൽടി20യിൽ അബുദാബി നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയും ഷാൽക്വിക് കളിക്കുന്നുണ്ട്. വാങ്കഡെയിലെ ബാറ്റിംഗ് പിച്ചിൽ ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത യുഎസ്എ ക്യാപ്റ്റൻ മൊണാങ്ക് പട്ടേലിന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു ഷാൽക്വിക്കിന്‍റെ സ്പെൽ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!