ശ്രീലങ്കന്‍ കളിക്കാരുടെ പിന്‍മാറ്റം; ഇന്ത്യയുടെ ഭീഷണിമൂലമെന്ന് പാക് മന്ത്രി

By Web TeamFirst Published Sep 10, 2019, 4:47 PM IST
Highlights

സുരക്ഷാഭീതി കണക്കിലെടുത്ത് ശ്രീലങ്കയുടെ ടി20 ടീം നായകന്‍ ലസിത് മലിംഗ, ടെസ്റ്റ് ടീം നായകന്‍ കരുണരത്നെ, മുന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസ് എന്നിവരടക്കം പാക് പര്യടനത്തില്‍ നിന്ന് പിന്‍മാറിയിരുന്നു.

കറാച്ചി: പാക്കിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് ശ്രീലങ്കന്‍ ടീമിലെ പ്രമുഖ താരങ്ങള്‍ പിന്‍മാറിയതിന് പിന്നില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭീഷണിയാണെന്ന ആരോപണവുമായി പാക് മന്ത്രി ഫവദ് ഹുസൈന്‍. പാക് പര്യടനത്തിന് പോയാല്‍ ഐപിഎല്‍ കരാര്‍ നല്‍കില്ലെന്ന ബിസിസിഐയുടെ ഭീഷണിമൂലമാണ് ശ്രീലങ്കയുടെ പ്രമുഖ താരങ്ങള്‍ പാക്കിസ്ഥാന്‍ പര്യടനം ബഹിഷ്കരിക്കാന്‍ തയാറായതെന്നും ഫവദ് ഹുസൈന്‍ ആരോപിച്ചു. സ്പോര്‍ട്സ് കമന്റേറ്റര്‍മാരാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയുടേത് വിലകുറഞ്ഞ നടപടിയായി പോയെന്നും മന്ത്രി പറഞ്ഞു.

Informed sports commentators told me that India threatened SL players that they ll be ousted from IPL if they don’t refuse Pak visit, this is really cheap tactic, jingoism from sports to space is something we must condemn, really cheap on the part of Indian sports authorities

— Ch Fawad Hussain (@fawadchaudhry)

സുരക്ഷാഭീതി കണക്കിലെടുത്ത് ശ്രീലങ്കയുടെ ടി20 ടീം നായകന്‍ ലസിത് മലിംഗ, ടെസ്റ്റ് ടീം നായകന്‍ കരുണരത്നെ, മുന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസ് എന്നിവരടക്കം പിന്‍മാറിയിരുന്നു. സീനിയര്‍ താരങ്ങള്‍ക്ക് പുറമെ നിരോഷന്‍ ഡിക്‌വെല്ല, കുശാല്‍ പേരേര, ധനഞ്ജയ ഡിസില്‍വ, തിസാര പേരേര, അഖില ധനഞ്ജയ, സുരംഗ ലക്‌മല്‍, ദിനേശ് ചണ്ഡിമല്‍ എന്നിവരാണ് പരമ്പരയില്‍ കളിക്കില്ലെന്ന് ബോര്‍ഡിനെ അറിയിച്ചത്. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരവും അടങ്ങിയ പരമ്പരയാണ് ശ്രീലങ്കന്‍ ടീം പാക്കിസ്ഥാനില്‍ കളിക്കാനിരുന്നത്. ഈ മാസം 27നാണ് പരമ്പര തുടങ്ങേണ്ടത്.

2009 മാര്‍ച്ചില്‍ പാക്കിസ്ഥാനില്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ ടീം ബസിനുനേരെ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. അന്ന് തലനാരിഴയ്ക്കാണ് താരങ്ങള്‍ രക്ഷപ്പെട്ടത്. ഇതിനുശേഷം കഴിഞ്ഞ 10 വര്‍ഷത്തിനിടെ പ്രമുഖ ടീമുകളൊന്നും പാക്കിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കാന്‍ തയാറായിട്ടില്ല.

click me!