ഇന്ത്യക്കായും തിളങ്ങി കേരളത്തിന്റെ സക്സേന; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച ലീഡ്

By Web TeamFirst Published Sep 10, 2019, 3:27 PM IST
Highlights

എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 100 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. 96 പന്തില്‍ 11 ബൗണ്ടറികള്‍ സഹിത 61 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സക്സേനക്ക് ഠാക്കൂര്‍ മികച്ച പിന്തുണ നല്‍കി

തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എക്കെതിരായ ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ എക്ക് 139 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 164 റണ്‍സിന് മറുപടിയായി രണ്ടാം ദിനം ഇന്ത്യ 303 റണ്‍സിന് ഓള്‍ ഔട്ടായി. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ കേരള രഞ്ജി താരം ജലജ് സക്സേനയുടെയും(61 നോട്ടൗട്ട്), ശര്‍ദ്ദുല്‍ ഠാക്കൂറിന്റെയും(34) ഇന്നിംഗ്സുകളുകാണ് കാത്തത്.

എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 100 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. 96 പന്തില്‍ 11 ബൗണ്ടറികള്‍ സഹിത 61 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സക്സേനക്ക് ഠാക്കൂര്‍ മികച്ച പിന്തുണ നല്‍കി. ഠാക്കൂര്‍ പുറത്തായതിന് ശേഷം  ഇന്ത്യന്‍ ഇന്നിംഗ്സ് അധികം നീണ്ടില്ല. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കിസായി എങ്കിഡിയും പെഡ‍ിറ്റും മൂന്നു വീതം വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സിംപാലയും മാര്‍ക്കോ ജാന്‍സനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ക്രീസിലിറങ്ങിയത്. നാലു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.ആറ് റണ്‍സെടുത്ത അങ്കിത് ബാവ്നെയാണ് പുറത്തായത്. പിന്നീട് ശ്രീകര്‍ ഭരതും ശുഭ്‌മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യയെ സുരക്ഷിത സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും സ്കോര്‍ 177ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ ശുഭ്‌മാന്‍ ഗില്‍ വീണു. 90 റണ്‍സെടുത്ത ഗില്ലിനെ പെഡിറ്റ് ബൗള്‍ഡാക്കി.

ശിവം ദുബെക്കും ക്രീസില്‍ അധികം ആയുസുണ്ടായില്ല. എട്ട് റണ്‍സെടുത്ത ദുബെയെ ലുങ്കി എങ്കിഡി മടക്കി. കെ ഗൗതമിനെയും(0) ഭരതിനെയും വീഴ്ത്തി സിംപാല ഇരട്ട പ്രഹരമേല്‍പ്പിച്ചതോടെ ഇന്ത്യയും തകര്‍ച്ചയിലേക്ക് വീഴുകയായിരുന്നു.

click me!