
ലാഹോര്‍: ക്യാപ്റ്റന്‍ ബാബര്‍ അസം( Babar Azam) സെഞ്ചുറിയുമായി വീണ്ടും മിന്നിത്തിളങ്ങിയപ്പോള്‍ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര (Pakistan-Australia)സ്വന്തമാക്കി പാക്കിസ്ഥാന്‍. നിര്‍ണായക മൂന്നാം ഏകദിനത്തില്‍ ഓസ്ട്രേലിയയെ 41.5 ഓവറില്‍ 210 റണ്‍സിന് പുറത്താക്കിയ പാക്കിസ്ഥാന്‍ 37.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അടിച്ചെടുത്തു. 105 റണ്‍സെടുത്ത ബാബര്‍ അസം ആണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍. സ്കോര്‍ ഓസ്ട്രേലിയ 41.5 ഓവറില്‍ 210ന് ഓള്‍ ഔട്ട്, പാക്കിസ്ഥാന്‍ ഓവറില്‍ 37.5 ഓവറില്‍ 214-1.
പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാമത്തെയും കരിയറിലെ പതിനാറാമത്തെയും ഏകദിന സെഞ്ചുറിയാണ് ബാബര്‍ ഇന്ന് അടിച്ചെടുത്തത്. ആദ്യ ഏകദിനത്തില്‍ ബാബര്‍ 57 റണ്‍സടിച്ചിരുന്നു. 110 പന്തില്‍ സെഞ്ചുറിയിലെത്തിയ ബാബര്‍ 12 ഫോര്‍ അടിച്ചു. ഫഖര്‍ സമനെ(17) തുടക്കത്തിലെ നഷ്ടമായശേഷം ബാബറിനൊപ്പം തകര്‍പ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയ ഇമാമുള്‍ ഹഖ്(89*) പാക് ജയം അനായാസമാക്കി. പിരിയാത്ത രണ്ടാം വിക്കറ്റ് കൂട്ടകെട്ടില്‍ ഇരുവരും ചേര്‍ന്ന് 190 റണ്‍സടിച്ചു. ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഓസ്ട്രേലിയ ജയിച്ചപ്പോള്‍ രണ്ടും മൂന്നും മത്സരങ്ങള്‍ ജയിച്ചാണ് പാക്കിസ്ഥാന്‍ പരമ്പര സ്വന്തമാക്കിയത്. നേരത്തെ ടെസ്റ്റ് പരമ്പര പാക്കിസ്ഥാന്‍ കൈവിട്ടിരുന്നു.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക് തുടക്കത്തിലെ ഓപ്പണര്‍മാരെ രണ്ടുപേരെയും നഷ്ടമായി. ട്രാവിസ് ഹെഡ്(0), ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്(0) എന്നിവര്‍ക്ക് പിന്നാലെ മാര്‍നസ് ലാബുഷെയ്നെയും നഷ്ടമായതോടെ ഓസീസ് 6-3ലേക്ക് കൂപ്പുകുത്തി. ബെന്‍ മക്ഡര്‍മോര്‍ട്ട്(36) നടത്തിയ ചെറുത്തുനില്‍പ്പ് ഓസീസിനെ 50 കടത്തിയെങ്കിലും സ്റ്റോയിനിസും(19) മക്ഡര്‍മോര്‍ട്ടും പുറത്തായതോടെ ഓസീസ് വീണ്ടും കൂട്ടത്തകര്‍ച്ചയിലായി.
വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരി(56), കാമറൂണ്‍ ഗ്രീന്‍(34) സീന്‍ ആബട്ട്(40 പന്തില്‍ 49) എന്നിവര്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് ഓസീസിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. പാക്കിസ്ഥാനുവേണ്ടി ഹാരിസ് റൗഫ്, മുഹമ്മദ് വസീം ജൂനിയര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഷഹീന്‍ ്ഫ്രീദി രണ്ട് വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!