ട്വന്‍റി 20 ലോകകപ്പ് കിരീടം പാകിസ്ഥാന്‍ കൊണ്ടുപോകും; പറയുന്നത് ഇന്ത്യന്‍ മുന്‍ താരം

By Jomit JoseFirst Published Nov 12, 2022, 5:22 PM IST
Highlights

ഇംഗ്ലണ്ട് കപ്പുയര്‍ത്തുമെന്ന് നിരവധി പേര്‍ വിശ്വസിക്കുമ്പോള്‍ മറിച്ചാണ് ഇന്ത്യന്‍ മുന്‍താരം സഞ്ജയ് ബംഗറിന്‍റെ അഭിപ്രായം

മെല്‍ബണ്‍: ട്വന്‍റി 20 ലോകകപ്പില്‍ നാളെ പാകിസ്ഥാന്‍-ഇംഗ്ലണ്ട് സൂപ്പര്‍ ഫൈനലാണ്. മത്സരത്തിന് മഴ ഭീഷണിയുണ്ടെങ്കിലും 1992 ലോകകപ്പ് ആവര്‍ത്തിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അന്ന് ഫൈനലില്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തി പാകിസ്ഥാന്‍ ഏകദിന ലോകകപ്പ് കിരീടമുയര്‍ത്തിയിരുന്നു. ഇക്കുറി സെമിയില്‍ ഇന്ത്യയെ അപ്രസക്തമാക്കിക്കളഞ്ഞ മികവുമായി തിളങ്ങിയ ഇംഗ്ലണ്ട് കപ്പുയര്‍ത്തുമെന്ന് നിരവധി പേര്‍ വിശ്വസിക്കുമ്പോള്‍ മറിച്ചാണ് ഇന്ത്യന്‍ മുന്‍താരം സഞ്ജയ് ബംഗറിന്‍റെ അഭിപ്രായം. 

'ഞാന്‍ പാകിസ്ഥാന്‍ ടീമിനെ പിന്തുണയ്ക്കും. കാരണം, ബൗളര്‍മാര്‍ ടൂര്‍ണമെന്‍റുകള്‍ വിജയിപ്പിക്കും. പാകിസ്ഥാന്‍ ശക്തമായ ബൗളിംഗ് നിരയാണ്, നാല് മികച്ച പേസര്‍മാര്‍ക്കൊപ്പം റിസ്റ്റ് സ്‌പിന്നര്‍മാരുമുണ്ട്. ആവശ്യമെങ്കില്‍ ഇടംകൈയന്‍ സ്‌പിന്നറുമുണ്ട്. അങ്ങനെ ഉപയോഗിക്കും എന്ന് കരുതുന്നില്ലെങ്കിലും ഷദാബ് ഖാന്‍റെ ഓള്‍റൗണ്ട് മികവ് നിര്‍ണായകമാണ്. ഫൈനലിന് മുമ്പ് ഇംഗ്ലണ്ടിനേക്കാള്‍ ഒരുപടി മുകളിലാണ് പാകിസ്ഥാന്‍' എന്നും സഞ്ജയ് ബാംഗര്‍ സ്റ്റാര്‍ സ്പോര്‍ട്‌സിലെ ഷോയില്‍ പറഞ്ഞു. ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ, മുഹമ്മദ് വസീം ജൂനിയര്‍, ഹാരിസ് റൗഫ് എന്നിവരാണ് പാകിസ്ഥാന്‍ നിരയിലുള്ള പേസര്‍മാര്‍. ഇംഗ്ലണ്ടിനെതിരെ ഈ നാല്‍വര്‍ സംഘം കളിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 

ഈ ലോകകപ്പില്‍ സൂപ്പര്‍-12 ഘട്ടത്തില്‍ നിന്ന് ഒരുവേള തോല്‍വികളുമായി ടൂര്‍ണമെന്‍റിന് പുറത്താകും എന്ന് തോന്നിച്ച ടീമാണ് പാകിസ്ഥാന്‍. ആദ്യ മത്സരത്തില്‍ ടീം ഇന്ത്യയോട് മെല്‍ബണില്‍ നാല് വിക്കറ്റിന് തോറ്റ പാകിസ്ഥാന്‍ രണ്ടാം കളിയില്‍ പെര്‍ത്തില്‍ സിംബാബ്‌വെയോട് ഒരു റണ്ണിനും തോറ്റു. എന്നാല്‍ പിന്നാലെ ബൗളിംഗ് കരുത്തില്‍ ടീം തിരിച്ചുവന്നു. നെതര്‍ലന്‍ഡ്‌സിനെ ആറ് വിക്കറ്റിനും ദക്ഷിണാഫ്രിക്കയെ മഴ നിയമപ്രകാരം 33 റണ്‍സിനും ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിനും പരാജയപ്പെടുത്തിയ ബാബര്‍ അസമും സംഘവും സെമിയില്‍ ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് മലര്‍ത്തിയടിച്ചാണ് ഫൈനലിന് യോഗ്യത നേടിയത്.

റിസര്‍വ് ദിനവും മഴ ഭീഷണി; ട്വന്‍റി 20 ലോകകപ്പ് കലാശപ്പോര് എയറില്‍, മാനത്ത് നോക്കി ഐസിസിയും ആരാധകരും

click me!