ബാബര്‍ അസമിന്‍റെ റണ്‍വേട്ട തുടരുന്നു, അംലയുടെ റെക്കോര്‍ഡ് തകര്‍ന്നു; ഏകദിനത്തില്‍ പുതു ചരിത്രം

By Jomit JoseFirst Published Aug 22, 2022, 7:20 AM IST
Highlights

നെതര്‍ലന്‍ഡിനെതിരെ മൂന്നാം ഏകദിനത്തില്‍ ബാബര്‍ അസം 91 റണ്‍സ് നേടി. ഇതോടെ 90 ഏകദിന ഇന്നിംഗ്‌സുകളില്‍ താരത്തിന്‍റെ റണ്‍ സമ്പാദ്യം 4664 ആയി. 

റോട്ടര്‍ഡാം: രാജ്യാന്തര ക്രിക്കറ്റില്‍ വിസ്‌മയ കുതിപ്പ് തുടരുന്ന പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന്‍റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍. ഏകദിന ക്രിക്കറ്റിലെ ആദ്യ 90 ഇന്നിംഗ്‌സുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം ഹാഷിം അംലയെ ബാബര്‍ മറികടന്നു. നെതര്‍ലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിലാണ് ബാബറിന്‍റെ നേട്ടം. 

നെതര്‍ലന്‍ഡിനെതിരെ മൂന്നാം ഏകദിനത്തില്‍ ബാബര്‍ അസം 91 റണ്‍സ് നേടി. ഇതോടെ 90 ഏകദിന ഇന്നിംഗ്‌സുകളില്‍ താരത്തിന്‍റെ റണ്‍ സമ്പാദ്യം 4664 ആയി. 59.79 ശരാശരിയിലും 89.74 സ്‌ട്രൈക്ക് റേറ്റിലുമാണ് ബാബറിന്‍റെ റണ്‍വേട്ട. പ്രോട്ടീസ് ഇതിഹാസം ഹാഷിം അംലയ്‌ക്ക് ആദ്യ 90 ഏകദിന ഇന്നിംഗ്‌സുകളില്‍ 4556 റണ്‍സാണ് ഉണ്ടായിരുന്നത്. 90 ഇന്നിംഗ്‌കള്‍ക്കിടെ 17 സെഞ്ചുറികളും 22 അര്‍ധസെഞ്ചുറികളും ബാബര്‍ ഇതിനകം സ്വന്തമാക്കിക്കഴിഞ്ഞു. 17 സെഞ്ചുറികള്‍ എന്നതും ഏകദിനത്തിലെ ആദ്യ 90 ഇന്നിംഗ്‌സുകള്‍ പരിഗണിച്ചാല്‍ ലോക റെക്കോര്‍ഡാണ്. 

ബാബര്‍ അസമിന്(88) പുറമെ ഹാഷിം അംലയും(89), സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സും(98) മാത്രമാണ് 100 ഏകദിന ഇന്നിംഗ്‌സുകള്‍ക്കിടെ 4500 റണ്‍സ് പൂര്‍ത്തിയാക്കിയിട്ടുള്ളൂ. അടുത്ത 10 ഇന്നിംഗ്‌സില്‍ 336 റണ്‍സ് മാത്രം നേടിയാല്‍ ബാബറിന് വേഗത്തില്‍ 5000 ഏകദിന റണ്‍സ് നേടുന്ന താരമാകാം. നെതര്‍ലന്‍ഡ്‌സിനെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ഫിഫ്റ്റി കണ്ടെത്തിയ ബാബറിന് ഈ നേട്ടത്തിലെത്താന്‍ പ്രയാസമുണ്ടാവില്ല. അവസാന 10 ഏകദിന ഇന്നിംഗ്‌സുകളില്‍  158(139), 57(72), 114(83), 105*(115), 103(107), 77(93), 1(3), 74(85), 57(65) and 91(125) എന്നിങ്ങനെയാണ് ബാബറിന്‍റെ സ്‌കോര്‍. 

ബാബര്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ നെതര്‍ലന്‍ഡ്‌സിനെതിരെ മൂന്ന് ഏകദിനങ്ങളുടെ പരമ്പര പാകിസ്ഥാന്‍ 3-0ന് സ്വന്തമാക്കി. അവസാന ഏകദിനത്തില്‍ പാകിസ്ഥാന്‍ 206 റണ്‍സില്‍ പുറത്തായപ്പോള്‍ ശക്തമായ പോരാട്ടം കാഴ്‌ചവെച്ച നെതര്‍ലന്‍ഡ്‌സിന് 197 റണ്‍സിലെത്താനേയായുള്ളൂ. 33 റണ്‍സിന് അഞ്ച് വിക്കറ്റുമായി നസീം ഷായും നാല് പേരെ പുറത്താക്കി മുഹമ്മദ് വസീം ജൂനിയറുമാണ് പാകിസ്ഥാന് ജയമൊരുക്കിയത്. 

കുംബ്ലെ മാത്രമല്ല, മായങ്കും തെറിക്കും; അഴിച്ചുപണിക്ക് പഞ്ചാബ് കിംഗ്‌സ്; ഇംഗ്ലണ്ട് ഹിറ്റര്‍ പുതിയ ക്യാപ്റ്റന്‍?

click me!