കുംബ്ലെ മാത്രമല്ല, മായങ്കും തെറിക്കും; അഴിച്ചുപണിക്ക് പഞ്ചാബ് കിംഗ്‌സ്; ഇംഗ്ലണ്ട് ഹിറ്റര്‍ പുതിയ ക്യാപ്റ്റന്‍?

By Jomit JoseFirst Published Aug 21, 2022, 10:05 PM IST
Highlights

കഴിഞ്ഞ സീസണിലാണ് ഇന്ത്യന്‍ താരം മായങ്ക് അഗര്‍വാളിനെ പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റനായി പ്രഖ്യാപിച്ചത്

മൊഹാലി: ഐപിഎല്‍ 2023 സീസണിന് മുമ്പ് അടിമുടി മാറ്റത്തിന് പഞ്ചാബ് കിംഗ്‌സ് എന്ന് റിപ്പോര്‍ട്ട്. മുഖ്യ പരിശീലകന്‍ അനില്‍ കുംബ്ലെയുമായി വഴിപിരിയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മായങ്ക് അഗര്‍വാളിന്‍റെ ക്യാപ്റ്റന്‍സിയും നഷ്‌ടമാകും എന്നാണ് പുതിയ സൂചന. ഇംഗ്ലീഷ് സൂപ്പര്‍താരം ജോണി ബെയ്‌ര്‍സ്റ്റോയാണ് പുതിയ ക്യാപ്റ്റനാവാന്‍ കൂടുതല്‍ സാധ്യത എന്നും ഇന്‍സൈഡ് സ്‌പോര്‍ട്‌ റിപ്പോര്‍ട്ട് ചെയ്തു. 

കഴിഞ്ഞ സീസണിലാണ് ഇന്ത്യന്‍ താരം മായങ്ക് അഗര്‍വാളിനെ പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. 'ടീമിനെ നയിക്കാനുള്ള താരമാരെന്ന പദ്ധതികളില്‍ മായങ്ക് അഗര്‍വാളില്ല. അദ്ദേഹത്തിന് ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. പഞ്ചാബിന്‍റെ നിര്‍ണായക താരങ്ങളില്‍ ഒരാളാണ് മായങ്ക്. അനില്‍ കുംബ്ലെയുടെ പകരക്കാരനായി പല പേരുകളും ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. പുതിയ ആളെ കണ്ടെത്താന്‍ സമയം അവശേഷിക്കുന്നുണ്ട്. കൃത്യസമയത്ത് ഉചിതമായ തീരുമാനം ഫ്രാഞ്ചൈസി കൈക്കൊള്ളും' എന്നും പഞ്ചാബ് കിംഗ്‌സ് ഒഫീഷ്യല്‍ ഇന്‍സൈഡ് സ്‌പോര്‍ടിനോട് പറഞ്ഞു. 

ആറാം സ്ഥാനത്താണ് കഴിഞ്ഞ സീസണ്‍ പഞ്ചാബ് കിംഗ്‌സ് അവസാനിപ്പിച്ചത്. നായകനായ മായങ്ക് അഗര്‍വാള്‍ 13 മത്സരങ്ങളില്‍ 16.33 ശരാശരിയിലും 122.50 സ്ട്രൈക്ക് റേറ്റിലും 196 റണ്‍സേ നേടിയുള്ളൂ. 12 ഇന്നിംഗ്‌സില്‍ അഞ്ച് തവണ ഒറ്റ സംഖ്യയില്‍ മടങ്ങി. ഐപിഎല്ലിലെ മോശം പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിലെ താരത്തിന്‍റെ സ്ഥാനം തെറിച്ചിരുന്നു. 

കുംബ്ലെ പുറത്തേക്ക്?

മുഖ്യ പരിശീലകന്‍ അനില്‍ കുംബ്ലെയുമായി പഞ്ചാബ് കിംഗ്‌സും വഴിപിരിയുന്നതായി ദിവസങ്ങള്‍ക്ക് മുമ്പ് ഇന്‍സൈഡ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദേശീയ ടീം പരിശീലകനായുള്ള മികച്ച റെക്കോര്‍ഡിന്‍റെ കരുത്തിലാണ് അനില്‍ കുംബ്ലെ പഞ്ചാബ് കിംഗ്‌സിന്‍റെ ചുമതലയേറ്റെടുത്തത്. എന്നാല്‍ അനില്‍ കുംബ്ലെയ്‌ക്ക് കീഴില്‍ കളിച്ച മൂന്ന് സീസണിലും പ്ലേ ഓഫ് കാണാനായില്ല. കഴിഞ്ഞ താരലേലത്തിൽ മികച്ച പ്രകടനം നടത്തിയെന്ന് പൊതുവെ വിലയിരുത്തപ്പെട്ടിട്ടും ടീം തെരഞ്ഞെടുപ്പിലെ അടക്കം പാളിച്ചകള്‍ തിരിച്ചടിയായി. ഇതോടെയാണ് കുംബ്ലെയുടെ കരാര്‍ നീട്ടേണ്ടെന്ന് ഉടമകൾ തീരുമാനിച്ചത്. കുംബ്ലെയ്‌ക്ക് പകരം മുഖ്യ പരിശീലകനായി ഓയിന്‍ മോര്‍ഗനോ ട്രെവര്‍ ബെയ്‌ലിസോ വന്നാല്‍ ഇരുവരുമായുള്ള പരിചയം ക്യാപ്റ്റന്‍സിയില്‍ ജോണി ബെയ്‌ര്‍സ്റ്റോയ്‌ക്ക് ഗുണകരമാകും. 

പന്ത് വേഗത്തിലെറിയണോ, പതുക്കെ വേണോ; ഇന്ത്യന്‍ സ്‌പിന്നര്‍ക്ക് സംശയമെന്ന് കൈഫിന്‍റെ വിമര്‍ശനം

click me!