
ധാക്ക: 2026 ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയിലെ വേദികളില്‍ കളിക്കാന്‍ വിസമ്മതിച്ച ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് പിന്തുണയുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായതിന് പിന്നാലെയാണ് സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ബംഗ്ലാദേശ് ഐസിസിയെ നിലപാട് അറിയിച്ചത്. ഈ സാഹചര്യത്തിലാണ് ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസി ബോര്‍ഡ് അംഗങ്ങള്‍ക്ക് കത്ത് അയച്ചിരിക്കുന്നത്. ലോകകപ്പിലെ ബംഗ്ലാദേശിന്റെ പങ്കാളിത്തത്തില്‍ അന്തിമതീരുമാനം ഇന്ന് ചേരുന്ന ഐസിസിയുടെ യോഗത്തിലുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗ്രൂപ്പ് ഘട്ടത്തിലെ ബംഗ്ലാദേശിന്റെ എല്ലാ മത്സരങ്ങളും ഇന്ത്യയിലാണ് നിശ്ചയിച്ചിരിക്കുന്നത്. ആദ്യത്തെ മൂന്ന് കളികള്‍ കൊല്‍ക്കത്തയിലും ഒന്ന് മുംബൈയിലും. എന്നാല്‍, തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്.
ഇതിനോടകം തന്നെ ഐസിസിയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും പരിഹാരത്തിനായി ഒന്നിലധികം തവണ ചര്‍ച്ചയിലേര്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വാരം ധാക്കയില്‍ വെച്ചും യോഗം നടന്നിരുന്നു. എന്നാല്‍ സമവായത്തിലെത്താന്‍ കഴിയാതെ പോകുകയായിരുന്നു. തീരുമാനിച്ചിരിക്കുന്നതുപോലെ ടൂര്‍ണമെന്റ് നടക്കുമെന്ന നിലപാടാണ് ഐസിസി സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ കളിക്കാന്‍ തയാറല്ലെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ തയാറല്ലെന്ന് ബംഗ്ലാദേശും.
പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യത്തില്‍ പരസ്യമായി പ്രതികരിക്കാന്‍ തയാറായിട്ടില്ല. ബംഗ്ലാദേശ് സര്‍ക്കാര്‍ പാക്കിസ്ഥാനോട് പിന്തുണ ആവശ്യപ്പെട്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിലവിലെ അഭിപ്രായഭിന്നതകളുടെ തുടക്കം ബംഗ്ലാദേശിലെ ആഭ്യന്തര സംഘര്‍ഷങ്ങളായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്ലില്‍ ഭാഗമായ ഏക ബംഗ്ലാദേശ് താരമായ മുസ്തഫിസൂര്‍ റഹ്മാനെ കളിക്കാന്‍ അനുവദിക്കില്ല എന്ന പ്രഖ്യാപനവുമായി ഹിന്ദുത്വ സംഘടനകളും ആത്മീയ നേതാക്കളും രംഗത്തെത്തി. ഇതോടെ മുസ്തഫിസൂറിനെ ലേലത്തില്‍ സ്വന്തമാക്കിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ബിസിസിഐയുടെ നിര്‍ദേശപ്രകാരം താരത്തെ റിലീസ് ചെയ്യേണ്ടതായി വന്നു. ഇത് ബംഗ്ലാദേശ് ക്രിക്കറ്റ് ആരാധകരുടെ വലിയ പ്രതിഷേധത്തിലേക്കും നയിച്ചു. ഐപിഎല്‍ രാജ്യത്ത് വിലക്കാനുള്ള തീരുമാനത്തിലേക്ക് ബംഗ്ലാദേശ് സര്‍ക്കാരുമെത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!