
മുള്‍ട്ടാന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കും ബാറ്റിംഗിനെ തുണക്കുന്ന ഫ്ലാറ്റ് പിച്ച് മതിയെന്ന് പാക് താരങ്ങള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. എന്നാല്‍ ഈ ആവശ്യവുമായി സമീപിച്ച പാക് താരങ്ങളോട് വായടക്കാന്‍ ആവശ്യപ്പെട്ട് കോച്ച് ജേസണ്‍ ഗില്ലെസ്പി ഓടിച്ചുവിടുകയായിരുന്നുവെന്ന് മുന്‍ താരം ബാസിത് അലി പറഞ്ഞു.
ഫ്ലാറ്റ് പിച്ച് മതിയെന്ന പാക് താരങ്ങളുടെ നിര്‍ദേശത്തില്‍ ഗില്ലെസ്പി അസംതൃപ്തനായിരുന്നുവെന്നും ബാസില് അലി യുട്യൂബ് ചാനലില്‍ പറഞ്ഞു. പാക് ടീമിനകത്തെ ഒരു ഡ്രസ്സിംഗ് റൂം രഹസ്യം പറയാം എന്ന് പറഞ്ഞാണ് ബാസിത് അലി ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഗ്രൗണ്ട്സ്മാനോട് പറഞ്ഞ് പിച്ച് ബാറ്റിംഗിന് അനുകൂലമാക്കണമെന്നായിരുന്നു ഗില്ലെസ്പിയോട് പാക് താരങ്ങള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഗ്രൗണ്ട്സ്മാന്‍ എന്ത് തരം പിച്ചാണോ തയറാക്കിയിരിക്കുന്നത് അതില്‍ കളിക്കാന്‍ പറഞ്ഞ ഗില്ലെസ്പി പാക് താരങ്ങളുടെ വായടപ്പിച്ചു എന്ന് ബാസില് അലി പറഞ്ഞു. പിച്ചിലെ പുല്ല് പൂര്‍ണമായും നീക്കി ബാറ്റിംഗിന് അനുകൂലമാക്കണമെന്ന നിലപാടിലായിരുന്നു പാക് ബാറ്റര്‍മാര്‍. എന്നാല്‍ പിച്ച് ക്യൂറേറ്ററും ഗില്ലെസ്പിയും വഴങ്ങിയില്ലെന്നും ബാസിത് അലി പറഞ്ഞു.
പാക് ടീമില്‍ മികച്ച പേസര്‍മാരുള്ളതിനാല്‍ പേസ് പിച്ചിലും ടീമിന് മികവ് കാട്ടാനാകുമെന്ന ഗില്ലെസ്പിയുടെ നിലപാടിനോട് താന്‍ യോജിക്കുന്നുവെന്നും ബാസില് അലി പറഞ്ഞു. 2022ല്‍ അവസാനം കളിച്ച ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് പാകിസ്ഥാനെ 3-0ന് തൂത്തുവാരിയിരുന്നു. കഴിഞ്ഞ മാസം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലും പാകിസ്ഥാന്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയിരുന്നു.
നാട്ടില്‍ ടെസ്റ്റ് പരമ്പര ജയിച്ചിട്ട് മൂന്ന് വര്‍ഷത്തോളമാവുന്ന പാകിസ്ഥാൻ ടീമിനെതിരെ വ്യാപക വിമര്‍ശനം ഉയരുമ്പോഴാണ് ബാറ്റിംഗില്‍ കരുത്തരായ ഇംഗ്ലണ്ടിനെതിരെ ബാറ്റിംഗ് പിച്ച് വേണമെന്ന് പാക് താരങ്ങള്‍ ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. നാളെ മുള്‍ട്ടാനിലാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. 15 മുതല്‍ മുള്‍ട്ടാനില്‍ തന്നെ രണ്ടാം ടെസ്റ്റും 24 മുതല്‍ റാവല്‍പിണ്ടിയില്‍ മൂന്നാം ടെസ്റ്റും നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!