നിലവിൽ സിന്ധുവിനെയും സംഘത്തെയും വിമാനത്താവളത്തിലെ കൂടുതൽ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയിട്ടുണ്ട്. ദുബായ് അധികൃതർക്കും സഹായം നൽകുന്ന ഇന്ത്യൻ ഹൈക്കമ്മീഷനും താരം നന്ദി അറിയിച്ചു.

ദുബായ്: മധ്യേഷ്യയില്‍ യുദ്ധം പുതിയ തലങ്ങളിലേക്ക് കടക്കുമ്പോൾ, ദുബായ് വിമാനത്താവളത്തിലെ ഭീതിജനകമായ അനുഭവം പങ്കുവെച്ച് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ ബാഡ്മിന്‍റൺ താരം പി.വി. സിന്ധു വിമാനത്താവളത്തിനുള്ളിൽ താൻ നിന്നിരുന്ന ഇടത്തിന് തൊട്ടടുത്ത് സ്ഫോടനമുണ്ടായതായും സാഹചര്യം അതീവ ഗുരുതരമാണെന്നും സിന്ധു എക്സ് പോസ്റ്റില്‍ അറിയിച്ചു.

ഓൾ ഇംഗ്ലണ്ട് ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ലണ്ടനിലേക്ക് പോകാനിരുന്ന സിന്ധുവും സംഘവും കണക്ഷൻ ഫ്ലൈറ്റിനായാണ് ദുബായിൽ എത്തിയത്. എന്നാൽ ഇറാൻ-ഇസ്രയേൽ സംഘർഷം മൂർച്ഛിച്ചതോടെ വിമാനത്താവളത്തിന്‍റെ പ്രവർത്തനം പൂർണ്ണമായും നിലച്ചതോടെയാണ് താരവും കോച്ചുമെല്ലാം വിമാനത്താവളത്തില്‍ കുടുങ്ങിയത്. ഭീതിജനകമായ സാഹചര്യം തുടർന്നുകൊണ്ടേയിരിക്കുകയാണെന്ന് സിന്ധു എക്സ് പോസ്റ്റില്‍ കുറിച്ചു. ഓരോ മണിക്കൂർ കഴിയുന്തോറും അവസ്ഥ കൂടുതൽ ഭയപ്പെടുത്തുന്നതായി മാറുന്നു. കുറച്ച് മണിക്കൂറുകൾക്ക് മുൻപ്, വിമാനത്താവളത്തിൽ ഞങ്ങൾ ഇരുന്നിരുന്ന സ്ഥലത്തിന് തൊട്ടടുത്ത് ഒരു സ്ഫോടനമുണ്ടായി. പുകയും അവശിഷ്ടങ്ങളും നിറഞ്ഞ ആ സ്ഥലത്തിന് തൊട്ടടുത്തായിരുന്ന എന്‍റെ കോച്ചിന് ജീവന്‍ രക്ഷിക്കാന്‍ അവിടെനിന്ന് വേഗത്തിൽ ഓടി മാറേണ്ടി വന്നു. ഞങ്ങളെ സംബന്ധിച്ച് അത് അങ്ങേയറ്റം സമ്മർദ്ദവും ഭയവും നിറഞ്ഞ നിമിഷമായിരുന്നു.

Scroll to load tweet…

നിലവിൽ ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്. ദുബായ് വിമാനത്താവളത്തിലെ ജീവനക്കാരുടെയും അധികൃതരുടെയും ശ്രമഫലമായി ഞങ്ങളെ കൂടുതൽ സുരക്ഷിതമായ മറ്റൊരു ഇടത്തേക്ക് മാറ്റിയിട്ടുണ്ട്. ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നിരന്തരം സഹായിക്കുകയും വലിയ പിന്തുണ നൽകുകയും ചെയ്യുന്ന ദുബായിലെ ഇന്ത്യൻ ഹൈക്കമ്മീഷനോടും പ്രത്യേക നന്ദി അറിയിക്കുന്നു. നിലവിൽ, കാര്യങ്ങൾ ശാന്തമാകുന്നതുവരെ കുറച്ചു വിശ്രമിക്കാനും പ്രത്യാശയോടെ കാത്തിരിക്കാനുമാണ് ഞങ്ങൾ ശ്രമിക്കുന്നതെന്ന് സിന്ധു എക്സ് പോസ്റ്റില്‍ കുറിച്ചു.

Scroll to load tweet…

'ഇപ്പോൾ ചുറ്റും നടക്കുന്നത് വിശ്വസിക്കാനാവുന്നില്ല. ആകാശത്ത് മിസൈലുകൾ തകർക്കുന്ന ശബ്ദങ്ങൾ കേൾക്കാം. എല്ലാം ഇത്ര വേഗത്തിൽ വഷളായത് സത്യത്തിൽ ഭയപ്പെടുത്തുന്നു. ഒരുപാട് വേദനിപ്പിക്കുന്ന വീഡിയോകൾ പുറത്തുവരുന്നുണ്ട്. ഞാൻ ഏറെ സ്നേഹിക്കുന്ന, സുരക്ഷിതമെന്ന് കരുതിയ ദുബായ് നഗരം ഈ അവസ്ഥയിലായത് ഉൾക്കൊള്ളാൻ പ്രയാസമാണ്. സാധാരണ ജീവിതം എത്രത്തോളം ദുർബലമാണെന്ന് ഇത്തരം നിമിഷങ്ങൾ ഓർമ്മിപ്പിക്കുന്നുവെന്നും എല്ലാവരുടെയും സമാധാനത്തിനായി പ്രാർത്ഥിക്കുന്നുവെന്നും സിന്ധു നേരത്തെ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.വിമാനത്താവളം പൂര്‍ണമായും അടച്ചതോടെ മാർച്ച് 3-ന് ആരംഭിക്കുന്ന ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാന്‍ സിന്ധുവിന് കഴിയുമോ എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.

യുഎസ്-ഇസ്രായേൽ സഖ്യം ഇറാന് മേൽ ആക്രമണം ശക്തമാക്കിയതോടെ ദുബായ് വിമാനത്താവളം അനിശ്ചിതകാലത്തേക്ക് അടച്ചത്. നൂറുകണക്കിന് കുടുംബങ്ങളാണ് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. യുഎഇയിലെ പ്രധാന വിമാനത്താവളങ്ങൾക്ക് നേരെ ഇറാന്‍റെ മിസൈൽ ഭീഷണി ഉള്ളതിനാല്‍ യുഎഇയിലെ വ്യോമപാതകൾ പൂർണ്ണമായും അടച്ചിരിക്കുകയാണ്. ഡ്രോണുകള്‍ പറത്തുന്നതിന് പോലും വിലക്കുണ്ട്. എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ മധ്യേഷ്യയിലേക്കുള്ള എല്ലാ സർവീസുകളും നിർത്തിവെച്ചു. ദുബായ്, അബുദാബി, ദോഹ, റിയാദ് തുടങ്ങി പ്രധാന നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക