
ലാഹോര്‍: മൈതാനത്തെ വൈരികള്‍ എന്നാണ് വിളിപ്പേരെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് ഏറെ കാര്യങ്ങള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് പഠിക്കാനുണ്ടെന്ന് മുന്‍ സ്‌പിന്നര്‍ ഡാനിഷ് കനേറിയ. പാകിസ്ഥാന്‍ നിലവിലെ കാര്യങ്ങള്‍ മാത്രം നോക്കുമ്പോള്‍ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കി ബിസിസിഐ ഭാവി ടീമിനെ വാര്‍ത്തെടുക്കുകയാണ് എന്ന് കനേറിയ പ്രശംസിച്ചു.
'കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം പാകിസ്ഥാന്‍ കുറവ് മത്സരങ്ങളേ കളിച്ചിട്ടുള്ളൂ. ഏഴില്‍ ആറ് മത്സരങ്ങള്‍ ജയിച്ചു. ഓസ്‌ട്രേലിയക്കെതിരെ കളിച്ച വമ്പന്‍ മത്സരം തോല്‍ക്കുകയും ചെയ്തു. അതേസമയം ഇന്ത്യ 24 മത്സരങ്ങള്‍ കളിച്ചു. അതില്‍ 19 മത്സരങ്ങള്‍ വിജയിച്ചു. ഇന്ത്യയുടെ വിജയശരാശരി വളരെ ഉയര്‍ന്നതാണ്. ഇന്ത്യയുടെ ബി, സി ടീമുകളാണ് ഇതിലേറെ മത്സരങ്ങള്‍ കളിച്ചത്. രോഹിത് ശര്‍മ്മ പറഞ്ഞതുപോലെ ടീം ഇന്ത്യ ബഞ്ചിലെ കരുത്ത് കൂട്ടുകയാണ്. ഇന്ത്യന്‍ ടീം ഭാവിയിലേക്ക് നോക്കുന്നു. നിര്‍ഭാഗ്യവശാല്‍ പാകിസ്ഥാന്‍ ചിന്തിക്കുന്നത് അങ്ങനെയല്ല. ബഞ്ച് കരുത്ത് കൂട്ടാന്‍ നടപടികളില്ല. യുവതാരങ്ങളെ പരീക്ഷിക്കാനുള്ള ധൈര്യം കാട്ടണം. നെതര്‍ലന്‍ഡ്‌സ് പര്യടനത്തിലെങ്കിലും കുറച്ച് യുവതാരങ്ങള്‍ക്ക് അവസരം നല്‍കണം' എന്നും ഡാനിഷ് കനേറിയ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിന് മുന്നോടിയായാണ് ഡാനിഷ് കനേറിയയുടെ നിരീക്ഷണം. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയും കൂടുതല്‍ യുവതാരങ്ങളെ പരീക്ഷിച്ചുമാണ് ഇന്ത്യ ഇത്തവണ ഏഷ്യാ കപ്പിനും ലോകകപ്പിനും തയ്യാറെടുക്കുന്നത്.
പകരംവീട്ടാന്‍ ഇന്ത്യ
ദുബായില്‍ ഓഗസ്റ്റ് 28-ാം തിയതിയാണ് ഏഷ്യാ കപ്പിലെ ആദ്യ ഇന്ത്യ-പാക് പോരാട്ടം. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇരു ടീമുകളും മുഖാമുഖം വന്നപ്പോള്‍ ഇന്ത്യ 10 വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ഇതിന് പകരംവീട്ടുകയാണ് ഇക്കുറി രോഹിത് ശര്‍മ്മയുടേയും സംഘത്തിന്‍റേയും ലക്ഷ്യം.
കഴിഞ്ഞ ടി20 ലോകകപ്പിലെ നേര്‍ക്കുനേര്‍ അങ്കത്തില്‍ ഇന്ത്യയുടെ 151 റൺസ് 13 പന്ത് ശേഷിക്കേ പാകിസ്ഥാൻ മറികടക്കുകയായിരുന്നു. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് പാകിസ്ഥാൻ ഇന്ത്യയെ തോൽപിച്ചത്. പ്രതിസന്ധി ഘട്ടത്തിൽ ഒരിക്കൽക്കൂടി തന്‍റെ മാറ്ററിയിച്ച നായകന്‍ വിരാട് കോലിയും(49 പന്തിൽ 57), റണ്ണുയര്‍ത്താനുള്ള ശ്രമത്തില്‍ പുറത്തായ റിഷഭ് പന്തും(30 പന്തിൽ 39) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ മികച്ചുനിന്നത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യൻ ബൗളർമാർക്ക് പഴുതുകൾ നൽകാതെ പാക് ക്യാപ്റ്റൻ ബാബർ അസമും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‍വാനും തകര്‍ത്തടിച്ചു. കളി പാകിസ്ഥാന്‍ ജയിക്കുമ്പോള്‍ റിസ്‍വാൻ 79* റണ്‍സും ബാബർ 68* റണ്‍സുമായി പുറത്താകാതെ നില്‍പുണ്ടായിരുന്നു.
സ്റ്റെയ്‌ന് ഇതും വശമുണ്ടല്ലേ; സ്‌കേറ്റ്‌ബോര്‍ഡില്‍ അഭ്യാസം, ബൗളിംഗ് പോലെ അതും വേറെ ലെവല്‍- വീഡിയോ