
ലാഹോര്‍: ട്വന്‍റി 20 ലോകകപ്പില്‍ നിന്ന് സൂപ്പര്‍ എട്ടിലെത്താതെ പുറത്തായതോടെ പാക്കിസ്ഥാനെ വിമര്‍ശിച്ച് മുന്‍ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും. ടീമിന്‍റെ തിരഞ്ഞെടുപ്പിനെയടക്കം കുറ്റപ്പെടുത്തുന്നുണ്ട് മുന്‍ താരങ്ങള്‍. താരങ്ങള്‍ക്കെതിരെ കടുത്ത നടപടിയിലേക്ക് പാക് ക്രിക്കറ്റ് ബോര്‍ഡ് കടന്നേക്കും.
ടി20 ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് പാക്കിസ്ഥാന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുന്നത്. ആതിഥേയരായ യുഎസിനോടും കരുത്തരായ ടീം ഇന്ത്യയോടും തോറ്റതാണ് ടീമിന് തിരിച്ചടിയായത്. തോല്‍വിയിലും പുറത്താകലിലും പാക്കിസ്ഥാനെ നിര്‍ത്തിപ്പൊരിക്കുകയാണ് ആരാധകരും മുന്‍ താരങ്ങളും. ടീമിലെ സീനിയര്‍ താരങ്ങളാണ് പാക്കിസ്ഥാന്‍റെ തോല്‍വിക്ക് കാരണമെന്ന് മുന്‍ താരം അഹമ്മദ് ഷെഹ്സാദ് അഭിപ്രായപ്പെട്ടു. ബാബര്‍ അസം, ഷഹീന്‍ അഫ്രീദി, മുഹമ്മദ് റിസ്‌വാന്‍ തുടങ്ങിയ താരങ്ങളെ ടീം പുറത്താക്കണമെന്നാണ് ഷെഹ്സാദിന്‍റെ പക്ഷം. തോല്‍വികളില്‍ നിന്ന് പാഠം പഠിക്കുന്നുണ്ടെന്നാണ് താരങ്ങള്‍ സ്ഥിരം പറയുന്നത്. എന്താണ് ഇവര്‍ പഠിക്കുന്നതെന്ന് അറിയില്ലെന്നും ഷെഹ്സാദ് അഭിപ്രായപ്പെട്ടു. ചില വ്യക്തികള്‍ക്ക് വേണ്ടി പാക്ക് ടീം ആകെ നാശത്തിലേക്ക് പോവുകയാണെന്നും താരം വിമര്‍ശിക്കുന്നു.
ബാബര്‍ അസമിന്‍റെ ക്യാപ്റ്റന്‍സിക്കെതിരെയും വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ജയിക്കണമെന്ന തോന്നലുണ്ടാക്കാന്‍ ബാബറിനാകുന്നില്ലെന്നാണ് വിമര്‍ശനം. സോഷ്യല്‍ മീഡിയ കിംഗ് മാത്രമാണ് ബാബറെന്ന് മുന്‍ താരങ്ങള്‍ വിമര്‍ശിക്കുന്നു. ട്വന്‍റി 20 ഫോര്‍മാറ്റില്‍ ക്യാപ്റ്റനായി ബാബറിനെ ആലോചിക്കാനേ കഴിയുന്നില്ലെന്ന് മുന്‍ ഇംഗ്ലണ്ട് താരം മൈക്കില്‍ വോണ്‍ വിമര്‍ശിച്ചു. ലോകകപ്പില്‍ നിന്നുള്ള നാണംകെട്ട പുറത്താകലില്‍ പാക് ടീമിനെതിരെ ക്രിക്കറ്റ് ബോര്‍ഡ് നടപടി തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മുഹ്സിന്‍ നഖ്‍വി മറ്റ് അംഗങ്ങളുമായി സംസാരിച്ചെന്നും മോശം പ്രകടനം സ്ഥിരമായി കാഴ്‌ചവെക്കുന്ന താരങ്ങളുടെ കരാര്‍ റദ്ദാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം