കിവീസിനെ അവസാന വിക്കറ്റില്‍ അജാസ്- ഹെന്റി സഖ്യം 400 കടത്തി; മറുപടി ബാറ്റിംഗില്‍ തിരിച്ചടിച്ച് പാകിസ്ഥാന്‍

Published : Jan 03, 2023, 06:11 PM ISTUpdated : Jan 03, 2023, 06:12 PM IST
കിവീസിനെ അവസാന വിക്കറ്റില്‍ അജാസ്- ഹെന്റി സഖ്യം 400 കടത്തി; മറുപടി ബാറ്റിംഗില്‍ തിരിച്ചടിച്ച് പാകിസ്ഥാന്‍

Synopsis

മറുപടി ബാറ്റിംഗില്‍ മോശം തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 56 റണ്‍സുള്ളപ്പോള്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. അബ്ദുള്ള ഷെഫീഖ് (19), ഷാന്‍ മസൂദ് (20) എന്നിവരാണ് മടങ്ങിയത്.

കറാച്ചി: ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടെസ്റ്റില്‍ പാകിസ്ഥാന് മികച്ച തുടക്കം. സന്ദര്‍ശകരെ 449ന് പുറത്താക്കി ബാറ്റിംഗ് ആരംഭിച്ച പാകിസ്ഥാന്‍ രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തിട്ടുണ്ട്. ഇമാം ഉള്‍ ഹഖ് (74), സൗദ് ഷക്കീല്‍ (13) എന്നിവരാണ് ക്രീസില്‍. മാറ്റ് ഹെന്റി, അജാസ് പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.നേരത്തെ, ഡെവോണ്‍ കോണ്‍വെയുടെ സെഞ്ചുറിയാണ് കിവീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ടോം ലാഥം (71) മികച്ച പ്രകടനം പുറത്തെടുത്തു. ടോം ബ്ലണ്ടല്‍ (51), വാലറ്റത്ത് മാറ്റ് ഹെന്റി (68), അജാസ് പട്ടേല്‍ (35) എന്നിവര്‍ നിര്‍ണായക സംഭാവന നല്‍കി. അബ്രാര്‍ അഹമ്മദ് നാല് വിക്കറ്റ് നേടി. അഗ സല്‍മാന് മൂന്ന് വിക്കറ്റുണ്ട്. 

മറുപടി ബാറ്റിംഗില്‍ മോശം തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 56 റണ്‍സുള്ളപ്പോള്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. അബ്ദുള്ള ഷെഫീഖ് (19), ഷാന്‍ മസൂദ് (20) എന്നിവരാണ് മടങ്ങിയത്. നാലാമനായി ക്യാപ്റ്റന്‍ ബാബര്‍ അസം ക്രീസിലേക്ക്. നന്നായി തുടങ്ങിയെങ്കിലും മുതലാക്കാന്‍ ബാബറിനായില്ല. 24 റണ്‍സെടുത്ത താരം റണ്ണൗട്ടാവുകയായിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സെന്ന നിലയിലാണ് കിവീസ് രണ്ടാംദിനം ബാറ്റിംഗ് ആരംഭിച്ചത്. 

എന്നാല്‍ തലേദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും കൂട്ടിചേര്‍ക്കാനാവാതെ ഇഷ് സോധി (11)  ആദ്യം മടങ്ങി. തൊട്ടുപിന്നാലെ ബ്ലണ്ടലും പവലിയയില്‍ തിരിച്ചെത്തി. ടിം സൗത്തിക്കും (10) തിളങ്ങാനായില്ല. ഇതോടെ ഒമ്പതിന് 345ന് എന്ന നിലയിലായി ന്യൂസിലന്‍ഡ്. 350 കടക്കില്ലെന്ന് തോന്നിച്ചു. തുടര്‍ന്നാണ് അവസാന വിക്കറ്റില്‍ വിലപ്പെട്ട കൂട്ടുകെട്ട് പിറന്നത്. ഹന്റി ആക്രമിച്ച് കളിച്ചപ്പോള്‍ അജാസ് പിന്തുണ നല്‍കി. ഇരുവരും 104 റണ്‍സാണ് കൂട്ടിചേര്‍ത്തത്. അജാസിനെ പുറത്താക്കി അബ്രാറാണ് കൂട്ടുകെട്ട് പൊളിച്ചത്. 78 പന്തുകള്‍ നേരിട്ട അജാസ് നാല് ബൗണ്ടറികളുടെ സഹായത്തോടെയാണ് 35 റണ്‍സ് നേടിയത്. പുറത്താവാതെ നിന്ന ഹെന്റി 81 പന്തുകളില്‍ രണ്ട് സിക്‌സും എട്ട് ഫോറും നേടി. 

നേരത്തെ മികച്ച തുടക്കമാണ് ന്യൂസിലന്‍ഡിന് ലഭിച്ചിരുന്നത്. കോണ്‍വെ- ലാഥം സഖ്യം ഓപ്പണിംഗ് വിക്കറ്റില്‍ 134 റണ്‍സടിച്ചു. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ടോം ലാഥത്തെ (100 പന്തില്‍ 71) പുറത്താക്കി നസീം ഷാ ആണ് കൂട്ടുകെട്ട് പൊളിച്ചത്. എന്നാല്‍ വണ്‍ ഡൗണായി എത്തിയ മുന്‍ നായകന്‍ കെയ്ന്‍ വില്യംസണും ഡെവോണ്‍ കോണ്‍വെയും ചേര്‍ന്ന് കിവീസിനെ 200 കടത്തി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തിയതോടെ ആദ്യ ടെസ്റ്റിലേതു പോലെ ന്യൂസിലന്‍ഡ് കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുമെന്ന് കരുതി.

എന്നാല്‍ സെഞ്ചുറി തികച്ച കോണ്‍വെയെ(122) അഗ സല്‍മാന്‍ വിക്കറ്റ് കീപ്പര്‍ സര്‍ഫ്രാസിന്റെ കൈകളിലെത്തിച്ചപ്പോള്‍ തൊട്ടടുത്ത ഓവറില്‍ നസീം ഷാ വില്യംസണെ (36) സര്‍ഫ്രാസിന്റെ കൈകളിലെത്തിച്ചു. പിന്നീടെത്തിയ ഡാരില്‍ മിച്ചലിനെയും(3), ഹെന്റി നിക്കോള്‍സിനെയും(26) അഗ സല്‍മാനും ബ്രേസ്വെല്ലിനെ(0) ആബ്രാറും വീഴ്ത്തിയതോടെ കിവീസ് തകര്‍ച്ചയിലായി. 234-1 ഒന്നില്‍ നിന്ന് കിവീസ് 279-6ലേക്ക് വീണു.

രോഹന് സെഞ്ചുറി, വിക്കറ്റ് നേടാനാവാതെ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍; ഗോവയ്‌ക്കെതിരെ കേരളം മികച്ച സ്‌കോറിലേക്ക്

PREV
click me!

Recommended Stories

ടി20 ലോകകപ്പിന് മുമ്പ് ഐസിസിക്ക് മുന്നില്‍ പുതിയ പ്രതിസന്ധി, സംപ്രേഷണ കരാറില്‍ നിന്ന് പിന്‍മാറാനൊരുങ്ങി ജിയോ സ്റ്റാര്‍
ദക്ഷിണാഫ്രിക്ക ചലഞ്ചിന് സഞ്ജു സാംസണ്‍; ലോകകപ്പ് ടീമില്‍ ഇടം നേടാൻ അവസാന അവസരം?