മോശം തുടക്കമായിരുന്നു കേരളത്തിന് ലഭിച്ചിരുന്നത്. സ്‌കോര്‍ബോര്‍ഡില്‍ 25 റണ്‍സുള്ളപ്പോള്‍ രോഹന്‍ കുന്നുമ്മലിന്റെ (20) വിക്കറ്റ് കേരളത്തിന് നഷ്ടമായി. മൂന്നാമനായി ക്രീസിലെത്തിയത് രോഹന്‍ പ്രേം. പി രാഹുലിനൊപ്പം 49 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ രോഹനായി.

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഗോവയ്‌ക്കെതിരായ മത്സരത്തില്‍ കേരളം മികച്ച സ്‌കോറിലേക്ക്. തുമ്പ, സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെടുത്തിട്ടുണ്ട്. സെഞ്ചുറി നേടിയ രോഹന്‍ പ്രേമിന്റെ (പുറത്താവാതെ 112) ഇന്നിംഗ്്‌സാണ് കേരളത്തെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. സഞ്ജുവിന്റെ അഭാവത്തില്‍ ടീമിനെ നയിക്കുന്ന സിജോമോന്‍ ജോസഫ് (2) ക്രീസിലുണ്ട്. ശുഭം ദേശായി ഗോവയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. 14 ഓവറുകള്‍ എറിഞ്ഞെങ്കിലും ഗോവയ്ക്ക് വേണ്ടി കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല. 

മോശം തുടക്കമായിരുന്നു കേരളത്തിന് ലഭിച്ചിരുന്നത്. സ്‌കോര്‍ബോര്‍ഡില്‍ 25 റണ്‍സുള്ളപ്പോള്‍ രോഹന്‍ കുന്നുമ്മലിന്റെ (20) വിക്കറ്റ് കേരളത്തിന് നഷ്ടമായി. മൂന്നാമനായി ക്രീസിലെത്തിയത് രോഹന്‍ പ്രേം. പി രാഹുലിനൊപ്പം 49 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ രോഹനായി. എന്നാല്‍ രാഹുലിനെ പുറത്താക്കി ശുഭം ഗോവയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. നാലാമനായി ക്രീസിലെത്തിയ സച്ചിന്‍ ബേബിക്ക് (46) മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാന്‍ സാധിച്ചില്ല. സഞ്ജുവിന് പകരം ടീമിലെത്തിയ ഷോണ്‍ ജോര്‍ജ് (6) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. അക്ഷയ് ചന്ദ്രനും (20) രോഹിന് പിന്തുണ നല്‍കാന്‍ കഴിയാതെ വന്നു. 

ഇതിനിടെ രോഹന്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. ഇതുവരെ 238 പന്തുകള്‍ നേരിട്ട രോഹന്‍ ഒരു സിക്‌സും 14 ഫോറും നേടി. കേരളത്തിന്റെ നാലാം മത്സരമാണിത്. ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് എന്നിവര്‍ക്കെതിരെ കേരളം ജയിച്ചിരുന്നു. എന്നാല്‍ രാജ്സ്ഥാനെതിരായ മത്സരം സമനിലയില്‍ അവാസനിച്ചു. പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് കേരളം മൂന്ന് മത്സരങ്ങളില്‍ 13 പോയിന്റാണ് കേരളത്തിന്. ഛത്തീസ്ഗഢ്, കര്‍ണാടക ടീമുകള്‍ക്കും 13 പോയിന്റ് വീതമുണ്ട്. 

കേരള ടീം: പി രാഹുല്‍, രോഹന്‍ കുന്നുമ്മല്‍, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, ഷോണ്‍ റോജര്‍, അക്ഷയ് ചന്ദ്രന്‍, സിജോമോന്‍ ജോസഫ്, ജലജ് സക്‌സേന, വൈശാഖ് ചന്ദ്രന്‍, എന്‍ പി ബേസില്‍, ബേസില്‍ തമ്പി.

ഫിറ്റ്‌നെസ് വീണ്ടെടുത്തു! ബുമ്ര തിരിച്ചെത്തി;ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി