പാകിസ്ഥാന് 'മൂന്നര' ക്രിക്കറ്റ് താരങ്ങളെ നഷ്ടമായെന്ന് ഭോഗ്‌ലെ; എന്താണ് അര..?

By Web TeamFirst Published May 3, 2020, 3:11 PM IST
Highlights

മുഹമ്മദ് ആസിഫ്, മുഹമ്മദ് ആമിര്‍, ഉമര്‍ അക്മല്‍ എന്നിവരാണ് പ്രതിഭയോട് നീതി പുലര്‍ത്താതെ പോയ താരങ്ങള്‍. പാക് ക്രിക്കറ്റിന് അവരെ വേണ്ട വിധം ഉപയോഗിക്കാന്‍ കഴിഞ്ഞില്ല.

മുംബൈ: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 'മൂന്നര' താരങ്ങളെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റിന് നഷ്ടമായതെന്ന് പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ. മുന്‍ പാകിസ്താന്‍ താരം റമീസ് രാജയുടെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തിടെ മുന്‍ പാക് നടത്തിയ പ്രസ്താവനകള്‍ക്ക് മറുപടി കൊടുക്കുന്നതിനിടെയാണ് ഭോഗ്‌ലെ ഇത്തരത്തില്‍ സംസാരിച്ചത്. പ്രതിഭകള്‍ക്കു ജന്‍മം നല്‍കുന്ന കാര്യത്തില്‍ 'ക്രിക്കറ്റിലെ ബ്രസീലാണ് പാക്കിസ്ഥാനെന്ന് അഭിപ്രായപ്പെട്ടിരുന്നു മുന്‍താരം വസിം അക്രം. മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗിനേക്കാള്‍ പ്രതിഭയുള്ള താരമായിരുന്നു മുന്‍ പാക് ഓപ്പണര്‍ ഇമ്രാന്‍ നാസിറെന്നായിരുന്നു അക്തറിന്റെ പ്രസ്താവന. എന്നാല്‍ താരത്തിന് ബുദ്ധിയില്ലാതെ പോയെന്നും അക്തര്‍ പറഞ്ഞിരുന്നു. 

ഇതിനിടെയാണ് പാക് ക്രിക്കറ്റിന് നഷ്ടമായ പ്രതിഭകളെ കുറിച്ച് ഭോഗ്‌ലെ പറഞ്ഞത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 'മൂന്നര' താരങ്ങളെയാണ് പാക് ക്രിക്കറ്റിന് നഷ്ടമായതെന്ന് ഭോഗ്‌ലെ പറഞ്ഞു. ''മുഹമ്മദ് ആസിഫ്, മുഹമ്മദ് ആമിര്‍, ഉമര്‍ അക്മല്‍ എന്നിവരാണ് പ്രതിഭയോട് നീതി പുലര്‍ത്താതെ പോയ താരങ്ങള്‍. പാക് ക്രിക്കറ്റിന് അവരെ വേണ്ട വിധം ഉപയോഗിക്കാന്‍ കഴിഞ്ഞില്ല.'' ഭോഗ്‌ലെ പറഞ്ഞു. 'അര' പ്രതിഭയെന്നതുകൊണ്ട് ഭോഗ്‌ലെ ഉദ്ദേശിച്ചത് കരിയറില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത താരത്തെയാണ്. ഓപ്പണറായി കളിച്ചിരുന്ന അഹമ്മദ് ഷെഹ്‌സാദാണ് ആ താരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഭോഗ്‌ലെ തുടര്‍ന്നു... ''രാജ്യാന്തര ക്രിക്കറ്റില്‍ ലോകോത്തര താരങ്ങള്‍ നേരിട്ടിട്ടുള്ളതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ബോളറായിരുന്നു ആസിഫ്.  ആമിറാണ് ഇക്കൂട്ടിത്തില്‍ രണ്ടാമന്‍. ഒട്ടേറെ ടൂര്‍ണമെന്റുകളില്‍ അദ്ദേഹം മികച്ച രീതിയില്‍ ബോള്‍ ചെയ്തിട്ടുണ്ടെങ്കിലും തന്റെ പ്രതിഭയോടു നീതി പുലര്‍ത്താനായിട്ടുണ്ടെന്നു തോന്നുന്നില്ല. മൂന്നാമന്‍ ഉമര്‍ അക്മല്‍ തന്നെ. ബാക്കിയുള്ള പകുതി അഹമ്മദ് ഷെഹ്‌സാദും.''  ഭോഗ്ലെ പറഞ്ഞു.

ഉത്തേജക, ഒത്തുകളി വിവാദങ്ങളില്‍ കുടുങ്ങി അകാലത്തില്‍ കരിയര്‍ അവസാനിപ്പിക്കാനായിരുന്നു ആസിഫിന്റെ വിധി. 2005ല്‍ അരങ്ങേറിയ ആസിഫ് അഞ്ചു വര്‍ഷം കൊണ്ട് കളമൊഴിഞ്ഞു. 23 ടെസ്റ്റും 38 ഏകദിനവും 11 ട്വന്റി20 മത്സരങ്ങളും മാത്രം. ടെസ്റ്റില്‍ 106 വിക്കറ്റും ഏകദിനത്തില്‍ 46 വിക്കറ്റും ട്വന്റി20യില്‍ 13 വിക്കറ്റും വീഴ്ത്തി. ഒത്തുകളി തന്നെയാണ് ആമിറിനേയും തീര്‍ത്തത്. താരം ഇപ്പോഴും പാക് ടീമിലുണ്ടെങ്കിലും പഴയ ഫോമിന്റെ നിഴല്‍ പോലുമില്ല. അക്മലിനെ ഒത്തുകളികാര്‍ സമീപിച്ചത് അറിയിക്കാത്തത് വൈകിപ്പിച്ചതിനെ തുടര്‍ന്ന് പിസിബി മൂന്ന് വര്‍ഷത്തേക്ക് വിലക്കുകയായിരുന്നു.

click me!