ധോണിയോടാണ് രോഹിത് കടപ്പെട്ടിരിക്കേണ്ടത്, നിങ്ങളുടെ വിജയത്തിന് പിന്നില്‍ അയാള്‍ മാത്രമാണ്: ഗംഭീര്‍

By Web TeamFirst Published May 3, 2020, 2:14 PM IST
Highlights

ചാമ്പ്യന്‍സ് ട്രോഫി മുതല്‍ ശിഖര്‍ ധവാനൊപ്പം രോഹിതിനെ ഓപ്പണിംഗിനിറക്കിയ ധോണിയുടെ തീരുമാനമാണ് രോഹിതിന്റെയും ഇന്ത്യന്‍ ടീമിന്റേയും തുടര്‍ന്നുള്ള പ്രകടനങ്ങളെ സ്വാധീനിച്ചത്. 

ദില്ലി: രോഹിത് ശര്‍മ കരിയറിലുടനീളം കടപ്പെട്ടിരിക്കേണ്ടത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയാടാണെന്ന് ഗൗതം ഗംഭീര്‍. സ്‌പോര്‍ട്‌സ് ടാക്കുമായി ലൈവ് ചാറ്റില്‍ സംസാരിക്കുകയായിരുന്നു ഗംഭീര്‍. 2007 രോഹിത് ടീമിലെത്തിയിരുന്നെങ്കിലും മധ്യനിരയിലാണ് താരം കളിച്ചിരുന്നത്.  2013 മുതലാണ് രോഹിത് ഇന്ത്യന്‍ ഏകദിന ക്രിക്കറ്റിന്റെ ഓപ്പണറാകുന്നത്. പിന്നീട് ടീമിന്റെ അവിഭാജ്യ ഘടകമായി. അതേ വര്‍ഷം ചാംപ്യന്‍സ് ട്രോഫി മുതല്‍ ശിഖര്‍ ധവാനൊപ്പം രോഹിതിനെ ഓപ്പണിംഗിനിറക്കിയ ധോണിയുടെ തീരുമാനമാണ് രോഹിതിന്റെയും ഇന്ത്യന്‍ ടീമിന്റേയും തുടര്‍ന്നുള്ള പ്രകടനങ്ങളെ സ്വാധീനിച്ചത്. 

ഗംഭീറിന്റെ എക്കാലത്തേയും മികച്ച ടീമില്‍ ധോണിയും; അങ്ങനെ വരാന്‍ വഴിയില്ലെന്ന് ക്രിക്കറ്റ് ലോകം

ഇതിനെ കുറിച്ചാണ് ഗംഭീര്‍ സംസാരിച്ചത്. ''രോഹിത് ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കേണ്ടത് ധോണിയോടാണെന്നുള്ളതില്‍ സംശയമൊന്നുമില്ല. ധോണിയാണ് രോഹിത്തിന്റെ ഉയര്‍ച്ചയ്ക്ക് കാരണം. അന്ന് ക്യാപ്റ്റനായിരുന്ന ധോണിയാണ് രോഹിത്തിനെ ഓപ്പണറാക്കി സ്ഥാനക്കയറ്റം നല്‍കിയത്. ടീം മാനേജ്‌മെന്റിനും സെലക്റ്റര്‍മാര്‍ക്കും പങ്കില്ലെന്ന് പറയുന്നില്ല. എന്നാല്‍ എല്ലാത്തിന്റേയും അവസാനവാക്ക് ധോണിയാണ്. രോഹിത്തിന് നല്‍കിയ പിന്തുണ ധോണി മറ്റാര്‍ക്കും നല്‍കി കാണില്ല. ഇന്ന് രോഹിത് എവിടെ നില്‍ക്കുന്നോ അതിന്റെയെല്ലാം കാരണക്കാരന്‍ ധോണിയാണ്.

ജീവനൊടുക്കാനാണ് ചിന്തിച്ചത്; ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഷമി

ധോണി നല്‍കിയ പിന്തുണ രോഹിത് എപ്പോഴും ഓര്‍ക്കണം. ഇപ്പോള്‍ ടീമിലെ സീനിയര്‍ താരമാണ്. രോഹിത്തിന് ധോണിയില്‍ നിന്ന് എന്ത് കിട്ടിയോ അത് രോഹിത് യുവതാരങ്ങളോടും കാണിക്കണം. ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍ തുടങ്ങിയ യുവതാരങ്ങളെ രോഹിത് പിന്തുണയ്ക്കുകയാണ് വേണ്ടത്. രോഹിത് മാത്രമല്ല ക്യാപ്റ്റന്‍ വിരാട് കോലിയും അതിന് മുന്‍കൈ എടുക്കണം. മികച്ച പിന്തുണയുണ്ടെങ്കില്‍ ഒരു കളിക്കാരന് എങ്ങനെ പ്രതിഭാസമാകാം എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് രോഹിത്.'' ഗംഭീര്‍ പറഞ്ഞു.

click me!