
കറാച്ചി: അടുത്തമാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിനും യുഎഇയും അഫ്ഗാനിസ്ഥാനും ഉള്‍പ്പെട്ട ത്രിരാഷ്ട്ര ടി20 പരമ്പരക്കുമുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സീനിയര്‍ താരങ്ങളായ ബാബര്‍ അസമിനെയും മുഹമ്മദ് റിസ്‌വാനെയും ഏഷ്യാ കപ്പ് ടീമിലേക്ക് പരിഗണിച്ചില്ല. സല്‍മാന്‍ അലി ആഘയാണ് 17 അംഗ ടീമിന്‍റെ നായകന്‍. മുഹമ്മദ് ഹാരിസാണ് ടീമിന്‍റെ വിക്കറ്റ് കീപ്പര്‍. പേസര്‍ ഷഹീന്‍ അഫ്രീദിയും സീനിയര്‍ താരം ഫഖര്‍ സമനും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. പേസര്‍മാരായ ഹാരിസ് റൗഫ്, ഹസന്‍ അലി, ഫഹീം അഷ്റഫ് എന്നിവര്‍ക്കൊപ്പം യുവതാരങ്ങളായ സയ്യീം അയൂബ് ഹസന്‍ നവാസ് എന്നിവരും ഏഷ്യാ കപ്പ് ടീമിലിടം നേടിയിട്ടുണ്ട്.
അടുത്തകാലത്തായി ഏകദിന ടീം നായകനായ റിസ്‌വാനെയും ബാബറിനെയും പാകിസ്ഥാന്‍ ടി20 ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ഈ മാസം നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ടീമിലും ഇരുവരെയും ഉള്‍പ്പെടുത്തിയിരുന്നില്ല. ടി20 ക്രിക്കറ്റില്‍ ഇരുവരുടെയും മോശം സ്ട്രൈക്ക് റേറ്റ് കാരണം ബാബറിനെയും റിസ്‌വാനെയും ഇനി ടി20 ടീമിലേക്ക് പരിഗണിക്കില്ലെന്ന് പാക് സെലക്ടര്‍മാര്‍ നേരത്തെ സൂചന നല്‍കിയിരുന്നു. 2024 ഡിസംബറിലാണ് ബാബര്‍ അവസാനമായി പാകിസ്ഥാനായി ടി20 മത്സരത്തില്‍ കളിച്ചത്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പെഷവാര്‍ സാല്‍മിക്കായി 128.57 സ്ട്രൈക്ക് റേറ്റില്‍ 288 റണ്‍സ് മാത്രമായിരുന്നു ബാബറിന് നേടാനായത്.
സെപ്റ്റംബര്‍ ഒമ്പതിന് യുഎഇയില്‍ തുടങ്ങുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യക്കും യുഎഇക്കും ഒമാനുമൊപ്പമുള്ള ഗ്രൂപ്പിലാണ് പാകിസ്ഥാന്‍. സെപ്റ്റംബര്‍ 12ന് ആദ്യ മത്സരത്തില്‍ ഒമാനെ നേരിടുന്ന പാകിസ്ഥാന്‍ 14ന് ഇന്ത്യയുമായി മത്സരത്തിനിറങ്ങും. സെപ്റ്റംബര്‍ 17ന് യുഎഇക്കെതിരെ ആണ് പാകിസ്ഥാന്‍റെ അവസാന ഗ്രൂപ്പ് മത്സരം. ഗ്രൂപ്പില്‍ നിന്ന് മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ സൂപ്പര്‍ ഫോറിലേക്ക് മുന്നേറും. ഏഷ്യാ കപ്പിന് മുമ്പ് യുഎഇയും അഫ്ഗാനിസ്ഥാനും ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയിലും പാകിസ്ഥാന്‍ കളിക്കും.
2023ല്‍ ഏകദിന ഫോര്‍മാറ്റില്‍ നടന്ന ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറിലെത്തിയെങ്കിലും മൂന്നിൽ രണ്ട് കളികളും തോറ്റ് പാകിസ്ഥാന്‍ ഫൈനലിലെത്താതെ പുറത്തായിരുന്നു. 2022ല്‍ ടി20 ഫോര്‍മാറ്റില്‍ നടന്ന ഏഷ്യാ കപ്പില്‍ പാകിസ്ഥാൻ റണ്ണറപ്പുകളായിരുന്നു.
ത്രിരാഷ്ട്ര പരമ്പരക്കും ഏഷ്യാ കപ്പിനുമുള്ള പാകിസ്ഥാന്‍ ടീം: സൽമാൻ അലി ആഘ (ക്യാപ്റ്റൻ), അബ്രാർ അഹമ്മദ്, ഫഹീം അഷ്‌റഫ്, ഫഖർ സമാൻ, ഹാരിസ് റൗഫ്, ഹസൻ അലി, ഹസൻ നവാസ്, ഹുസൈൻ തലാത്ത്, ഖുഷ്ദിൽ ഷാ, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയർ, സാഹിബ്‌സാദ ഫർഹാൻ, സലിംസാദ ഫർഹാൻ, ഷാഹിർഫ്, സലീം അഹമ്മദ് സുഫ്യാൻ മൊഖിം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!