പാകിസ്ഥാന്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്ന്: ക്രിസ് ഗെയില്‍

By Web TeamFirst Published Jan 10, 2020, 12:57 PM IST
Highlights

പാകിസ്ഥാന്‍ പര്യടനത്തിനായി ടീമിനെ അയ്ക്കുന്നത് സംബന്ധിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡില്‍ ആലോചന നടക്കുന്ന സമയത്താണ് ക്രിസ് ഗെയിലിന്‍റെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ചോട്ടോഗ്രാം ചാലഞ്ചേഴ്സിന്‍റെ താരമായ ഗെയില്‍ ധാക്കയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു

ധാക്ക: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളില്‍ ഒന്നാണ് പാകിസ്ഥാനെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍. പാകിസ്ഥാന്‍ പര്യടനത്തിനായി ടീമിനെ അയ്ക്കുന്നത് സംബന്ധിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡില്‍ ആലോചന നടക്കുന്ന സമയത്താണ് ക്രിസ് ഗെയിലിന്‍റെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്.

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ചോട്ടോഗ്രാം ചാലഞ്ചേഴ്സിന്‍റെ താരമായ ഗെയില്‍ ധാക്കയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഇപ്പോള്‍ പാകിസ്ഥാന്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങള്‍ ഒന്നാണ്. നിങ്ങള്‍ക്ക് പ്രസിഡന്‍റിന് നല്‍കുന്ന സുരക്ഷാ സംവിധാനങ്ങള്‍ നല്‍കുമെന്നും സുരക്ഷിത കരങ്ങളിലായിരിക്കുമെന്നും അവര്‍ പറയുന്നു.

താന്‍ ഉദ്ദേശിച്ചതെന്തന്നാല്‍ ബംഗ്ലാദേശിലും നാം സുരക്ഷിതമായ കരങ്ങളിലല്ലേയെന്നും ഗെയില്‍ ചോദിച്ചു. 10 വര്‍ഷങ്ങള്‍ക്ക് ശേഷം പാക് മണ്ണിലേക്കെത്തുന്ന ആദ്യ വിദേശ ടീമായി ശ്രീലങ്ക മാറിയിരുന്നു. കറാച്ചിയില്‍ രണ്ട് ടെസ്റ്റുകളാണ് ശ്രീലങ്ക കളിച്ചത്. ഇതിന് പിന്നാലെ രണ്ട് ടെസ്റ്റ്, മൂന്ന് ട്വന്‍റി 20 എന്നിവ അടങ്ങുന്ന പരമ്പരയ്ക്കായി പാകിസ്ഥാന്‍ ബംഗ്ലാദേശിനെ ക്ഷണിച്ചു. എന്നാല്‍, പരമ്പരയുടെ പകുതി ബംഗ്ലാദേശില്‍ നടത്തണമെന്നുള്ള അഭിപ്രായം നിരാകരിച്ചതിനാല്‍ ഇതുവരെ ബംഗ്ല ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യത്തില്‍ തീരുമാനം ഒന്നുമെടുത്തിട്ടില്ല.

ജനുവരി 12ന് നടക്കുന്ന ബോര്‍ഡ് മീറ്റിംഗില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം, തനിക്ക് ക്രിക്കറ്റ് കളിക്കുന്നത് തുടരാനാണ് താത്പര്യമെന്നും ഗെയില്‍ കൂട്ടിച്ചേര്‍ത്തു. ഒത്തിരിയേറെ പേര്‍ക്ക് ക്രിസ് ഗെയിലിനെ കളത്തില്‍ തുടര്‍ന്നും കാണാന്‍ ആഗ്രഹമുണ്ട്. ഇപ്പോള്‍ ക്രിക്കറ്റ് താന്‍ ഇഷ്ടപ്പെടുന്നു. എത്രനാള്‍ തുടരാനാകുമോ അത്രനാള്‍ തുടരാനാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ഇന്ത്യയെ രാജ്യാന്തര ക്രിക്കറ്റിൽ ഒറ്റപ്പെടുത്തണമെന്ന് പാകിസ്ഥാന്‍ മുന്‍ നായകന്‍ ജാവേദ് മിയാന്‍ദാദ് ആഹ്വാനം ചെയ്തിരുന്നു. ഇന്ത്യ സുരക്ഷിതമല്ലെന്നും രാജ്യം സന്ദര്‍ശിക്കാന്‍ ഒരു ടീമും തയ്യാറാകരുതെന്നും മിയാന്‍ദാദ് പറഞ്ഞു. ഒരു ദശാബ്ദത്തോളം ക്രിക്കറ്റില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട പാകിസ്ഥാനേക്കാള്‍ അപകടകരമായ നിലയിലാണ് ഇന്ത്യ ഇപ്പോള്‍.

ഇന്ത്യയിലെ പ്രക്ഷോഭങ്ങള്‍ ലോകം കാണുന്നുണ്ടെന്നും ഐസിസിയിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നതായും മിയാന്‍ദാദ് പറഞ്ഞു. ഇന്ത്യ ക്രിക്കറ്റിന് സുരക്ഷിതമായ വേദിയല്ലെന്ന പിസിബി ചെയര്‍മാന്‍ എഹ്‌സാന്‍ മാണിയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് മിയാന്‍ദാദിന്‍റെ വിദ്വേഷപ്രസ്താവന. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യത്തുടനീളം ഉണ്ടായത്.

click me!