2015 ലോകകപ്പില്‍ രോഹിത്തിനെതിരെ പന്തെറിയാന്‍ പേടിച്ചിരുന്നു! കാരണം വെളിപ്പെടുത്തി പാകിസ്ഥാന്‍ പേസര്‍

By Web TeamFirst Published Feb 5, 2023, 4:44 PM IST
Highlights

കോലിക്ക് പുറമെ രോഹിത് ശര്‍മ, എം എസ് ധോണി, സുരേഷ് റെയ്‌ന, അജിന്‍ക്യ രഹാനെ എന്നിവരുടെ വിക്കറ്റുകളും സൊഹൈല്‍ സ്വന്തമാക്കിയിരുന്നു. പാകിസ്ഥാന് വേണ്ടി 13 ഏകദിനങ്ങള്‍ മാത്രമാണ് താരം കളിച്ചിട്ടുള്ളത്.

ഇസ്ലാമാബാദ്: പാകിസ്ഥാനെതിരെ മികച്ച റെക്കോര്‍ഡാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക്. പാകിസ്ഥാനെതിരെ അവസാനമായി പരമ്പര കളിച്ച ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ട ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് കോലി. പാകിസ്ഥാനെതിരെ കോലിയുടെ മികച്ച ഇന്നിംഗ്‌സുകള്‍ പിറന്നത് ലോകകപ്പിലും ഏഷ്യാ കപ്പിലുമാണ്. അതിലൊന്ന് 2015 ലോകകപ്പിലായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെതിരെ 107 റണ്‍സാണ് കോലി നേടിയത്. മത്സരത്തില്‍ 76 റണ്‍സിന് ഇന്ത്യ ജയിക്കുകയും ചെയ്തു. അന്ന് കോലി ഉള്‍പ്പെടെയുള്ള താരങ്ങളെ പുറത്താക്കിയത് സൊഹൈല്‍ ഖാനായിരുന്നു. 55 റണ്‍സ് വഴങ്ങിയ താരം അഞ്ച് വിക്കറ്റും വീഴ്ത്തിയിരുന്നു.

കോലിക്ക് പുറമെ രോഹിത് ശര്‍മ, എം എസ് ധോണി, സുരേഷ് റെയ്‌ന, അജിന്‍ക്യ രഹാനെ എന്നിവരുടെ വിക്കറ്റുകളും സൊഹൈല്‍ സ്വന്തമാക്കിയിരുന്നു. പാകിസ്ഥാന് വേണ്ടി 13 ഏകദിനങ്ങള്‍ മാത്രമാണ് താരം കളിച്ചിട്ടുള്ളത്. മികച്ച പ്രകടനവും ഇതുതന്നെ. അന്ന് പുറത്താക്കിയ താരങ്ങളില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ വിക്കറ്റ് ഏതെന്ന് വ്യക്തമാക്കുകയാണ് സൊഹൈല്‍. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ വിക്കറ്റെടുക്കാനാണ് ബുദ്ധിമുട്ടിയതെന്ന് സുഹൈല്‍ തുറന്ന് സമ്മതിക്കുന്നു.

നാദിര്‍ അലിയുടെ യൂട്യൂബ് ചാനല്‍ ഇന്റര്‍വ്യൂയില്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിന്റെ കാരണം സുഹൈല്‍ വിവരിക്കുന്നതിങ്ങനെ... ''വളരെയധികം സാങ്കേതിക തികവുള്ള താരമാണ് രോഹിത്. ഞാന്‍ രോഹിത്തിനെതിരെ പന്തെറിയാന്‍ പേടിച്ചിരുന്നു. പുതിയ പന്തുകള്‍ രോഹിത്തിന് അതിജീവിക്കാന്‍ കഴിഞ്ഞാല്‍ ഇരട്ട സെഞ്ചുറി വരെ നേടിയേക്കാം. പന്തുകള്‍ വളരെ വൈകി കളിക്കുന്ന താരമാണ് രോഹിത്. മണിക്കൂറില്‍ 150 കിലോ മീറ്റര്‍ വേഗത്തില്‍ എറിയുന്ന പന്തും 120ല്‍ എറിയുന്ന പന്തും ഒരുപോലെ കളിക്കാന്‍ രോഹിത്തിന് സാധിക്കും. എന്നാല്‍ തുടക്കത്തില്‍ എനിക്ക് അദ്ദേഹത്തെ പുറത്താക്കാന്‍ സാധിച്ചത് നേട്ടമായി കരുതുന്നു.'' സൊഹൈല്‍ പറഞ്ഞു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സാണ് നേടിയത്. കോലിക്ക് പുറമെ ശിഖര്‍ ധവാന്‍ (73), സുരേഷ് റെയ്‌ന (74) എന്നിവരും തിളങ്ങി. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 47 ഓവറില്‍ 224ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് പാകിസ്ഥാനെ തകര്‍ത്തത്.

ഓസീസിന് കാര്യങ്ങള്‍ എളുപ്പമാവില്ല; സ്റ്റാര്‍ പേസര്‍ക്ക് ആദ്യ ടെസ്റ്റ് നഷ്‌ടം, രണ്ടാം മത്സരവും സംശയം

click me!