നാഗ്‌പൂരിലെ ആദ്യ ടെസ്റ്റില്‍ കളിക്കില്ലെന്ന് വ്യക്തമായ ഹേസല്‍വുഡിന് രണ്ടാം മത്സരവും നഷ്‌ടമായേക്കും

നാഗ്‌പൂര്‍: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്ക് മുമ്പ് പരിക്കിന്‍റെ ആശങ്കകളിലാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം. പേസ് ജീനിയസ് മിച്ചല്‍ സ്റ്റാര്‍ക്ക് കളിക്കാതിരിക്കുകയും ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന് ആദ്യ ടെസ്റ്റില്‍ കളിക്കാകുമോ എന്ന അവ്യക്തത തുടരുന്നതിനുമിടെ പേസര്‍ ജോഷ് ഹേസല്‍വുഡിന്‍റെ പരിക്കും ഓസീസ് മാനേജ്‌മെന്‍റിനെ അസ്വസ്‌ഥപ്പെടുത്തുകയാണ്. നാഗ്‌പൂരിലെ ആദ്യ ടെസ്റ്റില്‍ കളിക്കില്ലെന്ന് വ്യക്തമായ ഹേസല്‍വുഡിന് രണ്ടാം മത്സരവും നഷ്‌ടമായേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ ഹേസല്‍വുഡിന് പകരം സ്‌കോട്ട് ബോളണ്ടിന് ഓവര്‍സീസ് അരങ്ങേറ്റത്തിന് അവസരമൊരുങ്ങും. 

ജോഷ് ഹേസല്‍വുഡ് ഇതുവരെ പരിക്കില്‍ നിന്ന് പൂര്‍ണമുക്തനായിട്ടില്ല. 'ആദ്യ ടെസ്റ്റില്‍ കളിക്കാനാകുമോ എന്ന് ഉറപ്പില്ല. മത്സരത്തിന് കുറച്ച് ദിവസം അവശേഷിക്കുന്നു. രണ്ടാം ടെസ്റ്റ് ആദ്യ മത്സരത്തിന് തൊട്ടുപിന്നാലെയാണ്' എന്നും ഹേസല്‍വുഡ് പരിശീലനത്തിന് ശേഷം പറഞ്ഞു. ഹേസല്‍വുഡിന് കളിക്കാനായില്ലെങ്കില്‍ ബോളണ്ടാകും പകരക്കാരനായി എത്തുക. ഇതുവരെ ബോളണ്ട് കളിച്ച ആറ് ടെസ്റ്റുകളും ഓസീസ് മണ്ണിലായിരുന്നു. നാഗ്‌പൂരില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് നഷ്‌ടമാകും എന്ന് നേരത്തെ ഉറപ്പായിരുന്നു. കാമറൂണ്‍ ഗ്രീനും ഹേസല്‍വുഡും കളിച്ചില്ലെങ്കില്‍ സ്കോട്ട് ബോളണ്ടിന് പുറമെ അരങ്ങേറ്റക്കാരന്‍ പേസര്‍ ലാന്‍സ് മോറിസും ഓപ്‌ഷനായി ഓസീസിന് മുന്നിലുണ്ട്. ഹേസല്‍വുഡ് ഇല്ലേല്‍ പാറ്റ് കമ്മിന്‍സ്, സ്‌കോട്ട് ബോളണ്ട്, ലാന്‍സ് മോറിസ് ത്രയം പേസര്‍മാരായി കളിച്ചേക്കും. മൂന്നാം പേസറായി ഉപയോഗിച്ച് വരുന്ന ഗ്രീന്‍ കളിച്ചില്ലെങ്കില്‍ ഓസീസിന് അത് കനത്ത തിരിച്ചടിയാവും. 

ഓസ്ട്രേലിയന്‍ ടെസ്റ്റ് സ്‌ക്വാഡ്: പാറ്റ് കമ്മിന്‍സ്(നായകന്‍), ആഷ്‌ടണ്‍ ആഗര്‍, സ്കോട്ട് ബോളണ്ട്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ഉസ്‌മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്‌ന്‍, നേഥന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മുര്‍ഫി, മാത്യൂ റെന്‍ഷോ, സ്റ്റീവ്‌ സ്‌മിത്ത്(വൈസ് ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വപ്‌സണ്‍, ഡേവിഡ് വാര്‍ണര്‍.