
ലാഹോര്‍: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് മുമ്പ് കനത്ത തിരിച്ചടി നേരിട്ട് പാകിസ്ഥാന്‍. പരിക്കേറ്റ സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി ടൂര്‍ണമെന്‍റ് ആരംഭിക്കുന്നതിന് മുമ്പേ പുറത്തായി. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ മെഡിക്കല്‍ സംഘം നാല് മുതല്‍ ആറ് ആഴ്‌ച വരെ വിശ്രമമാണ് ഷഹീന്‍ ഷാ അഫ്രീദിക്ക് നിര്‍ദേശിച്ചിരിക്കുന്നത്. ഏഷ്യാ കപ്പിന് പുറമെ ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയും താരത്തിന് നഷ്‌ടമാകും.
ഏഷ്യാ കപ്പില്‍ ടീം ഇന്ത്യക്കെതിരെ ഏറ്റവും നിര്‍ണായകമാകും എന്ന് കരുതിയ പാക് ഇടംകൈയന്‍ പേസറാണ് ഷഹീന്‍ ഷാ അഫ്രീദി. സമീപകാലത്ത് ഇംഗ്ലണ്ടിലടക്കം ഇടംകൈയന്‍ പേസര്‍മാര്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് കനത്ത ഭീഷണി സൃഷ്‌ടിച്ചിരുന്നു. ഏഷ്യാ കപ്പില്‍ മൂന്ന് മത്സരങ്ങളില്‍ ഇന്ത്യ-പാക് ടീമുകള്‍ മുഖാമുഖം വരാന്‍ സാധ്യതയുള്ളതിനാല്‍ താരത്തിന്‍റെ അഭാവം ബാബര്‍ അസമിനും സംഘത്തിനും കനത്ത പ്രഹരമാകും. ഗോളില്‍ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനിടെയാണ് ഷഹീന്‍റെ വലത് കാല്‍മുട്ടിലെ ലിഗമെന്‍റിന് പരിക്കേറ്റത്. നെതര്‍ലന്‍ഡ്‌സിനെതിരെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയില്‍ ഇരുപത്തിരണ്ടുകാരനായ താരം സ്‌ക്വാഡിലുണ്ടായിരുന്നെങ്കിലും ആദ്യ രണ്ട് മത്സരങ്ങള്‍ കളിക്കാനായിരുന്നില്ല.
ഏഷ്യാ കപ്പ് കളിക്കാനാവാത്തതില്‍ ഷഹീന്‍ ഷാ അഫ്രീദി നിരാശനാണെങ്കിലും പരിക്കില്‍ നിന്ന് താരം വേഗം മുക്തിപ്രാപിക്കുന്നതായാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് മെഡിക്കല്‍ ഓഫീസറുടെ വാക്കുകള്‍. ഒക്‌ടോബറില്‍ ഷഹീന്‍ മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 16ന് ഓസ്‌ട്രേലിയയില്‍ ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുമ്പ് ഷഹീന്‍ അഫ്രീദിയെ തയ്യാറാക്കാനാകും പാക് ടീമിന്‍റെ ശ്രമം. ഏഷ്യാ കപ്പില്‍ ഷഹീന്‍റെ പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഓഗസ്റ്റ് 28ന് ദുബായില്‍ ഇന്ത്യക്കെതിരെയാണ് ടൂര്‍ണമെന്‍റില്‍ പാകിസ്ഥാന്‍റെ ആദ്യ മത്സരം.
പാക് സ്‌ക്വാഡ്: ബാബര്‍ അസം(ക്യാപ്റ്റന്‍), ഷദാബ് ഖാന്‍, ആസിഫ് അലി, ഫഖര്‍ സമാന്‍, ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഇഫ്‌തിഖര്‍ അഹമ്മദ്, ഖുസ്‌ദില്‍ ഷാ, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്‌വാന്‍, മുഹമ്മദ് വസീം, നസീം ഷാ, ഷാനവാസ് ദഹാനി, ഉസ്‌മാന്‍ ഖാദിര്‍.
അയ്യയ്യേ നാണക്കേട്, ദയനീയം ഈ കണക്കുകള്‍; ഇന്ത്യക്കെതിരെ തലതാഴ്‌ത്തി സിംബാബ്‌വെ