രണ്ടാം ഏകദിനത്തില്‍ 38.1 ഓവറില്‍ വെറും 161 റണ്ണിന് ഓള്‍ഔട്ടാവുകയായിരുന്നു സിംബാബ്‌വെ
ഹരാരെ: ഏകദിന ക്രിക്കറ്റില്‍ ടീം ഇന്ത്യക്കെതിരെ ബാറ്റിംഗില്‍ ദയനീയ പരാജയം തുടര്‍ന്ന് സിംബാബ്‌വെ. ഇന്ന് രണ്ടാം ഏകദിനത്തിലും സിംബാബ്‌വെ 200ല്‍ താഴെ സ്‌കോറില്‍ പുറത്തായി. ഇന്ത്യക്കെതിരെ അവസാന അഞ്ച് ഏകദിനങ്ങളിലും ഇതായിരുന്നു സിംബാബ്‌വെയുടെ അവസ്ഥ. ഒരുകാലത്ത് ടീം ഇന്ത്യയെ അടക്കം വിറപ്പിച്ചിട്ടുള്ള സിംബാബ്‌വെ ടീമിന്‍റെ പുതിയ തലമുറയ്‌ക്കാണ് ഈ ദയനീയാവസ്ഥ.
ഇന്ന് ഹരാരെ സ്പോര്‍ട്‌സ് ക്ലബില്‍ ഇന്ത്യക്കെതിരെ രണ്ടാം ഏകദിനത്തില്‍ സിംബാബ്‌വെ 38.1 ഓവറില്‍ വെറും 161 റണ്‍സില്‍ പുറത്താവുകയായിരുന്നു. കഴിഞ്ഞ ഏകദിനത്തിലാവട്ടെ 40.3 ഓവറില്‍ 189ന് എല്ലാവരും മടങ്ങി. അതിന് മുമ്പുള്ള ഏകദിനങ്ങളില്‍ 123 (42.2 overs), 126 (34.3 overs), 168 (49.5 overs) എന്നിങ്ങനെയായിരുന്നു സിംബാബ്‌വെയുടെ സ്‌കോറുകള്‍. ഒരു മത്സരത്തില്‍ പോലും 200 കടന്നില്ല എന്നത് മാത്രമല്ല, 50 ഓവറും ബാറ്റിംഗ് പൂര്‍ത്തിയാക്കാനും സിംബാബ്‌വെ ടീമിനായില്ല.
രണ്ടാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ഓരോ വിക്കറ്റ് വീതം നേടിയ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ദീപക് ഹൂഡ എന്നിവരുടെ ബൗളിംഗ് മികവിന് മുന്നില്‍ 38.1 ഓവറില്‍ വെറും 161 റണ്ണിന് ഓള്‍ഔട്ടാവുകയായിരുന്നു സിംബാബ്‌വെ. 42 പന്തില്‍ അത്രതന്നെ റണ്‍സെടുത്ത സീന്‍ വില്യംസും 47 പന്തില്‍ 39 റണ്‍സെടുത്ത റയല്‍ ബേളും മാത്രമാണ് പിടിച്ചുനിന്നത്. ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റേഗിസ് ചകാബ്വ രണ്ട് റണ്‍സില്‍ പുറത്തായി. ഇന്ത്യന്‍ ബൗളര്‍മാരില്‍ സിറാജ് 2ഉം അക്‌സര്‍ 2.90ഉം ഇക്കോണമി മാത്രമാണ് വഴങ്ങിയത്.
ഇന്ന് ജയിച്ചാല്‍ മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഇന്ത്യക്ക് ഒരു മത്സരം ബാക്കിനില്‍ക്കേ സ്വന്തമാക്കാം. ആദ്യ ഏകദിനത്തില്‍ 10 വിക്കറ്റിനായിരുന്നു കെ എല്‍ രാഹുലിന്‍റെയും സംഘത്തിന്‍റേയും വിജയം. 190 റണ്‍സ് വിജയലക്ഷ്യം ഓപ്പണര്‍മാരായ ശുഭ്‌മാന്‍ ഗില്‍(72 പന്തില്‍ 82*), ശിഖര്‍ ധവാന്‍(113 പന്തില്‍ 81*) എന്നിവരുടെ മികവില്‍ ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. പരിക്കിന് ശേഷമുള്ള മടങ്ങിവരവിലെ ആദ്യ മത്സരത്തില്‍ 27 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ദീപക് ചാഹറായിരുന്നു മത്സരത്തിലെ താരം.
സഞ്ജു ഇടംപിടിക്കുമോ? ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിക്കുന്ന തിയതി പുറത്ത്
