'കിഷനേനും സൂര്യകുമാറിനേയും നോക്കൂ'; പാക് സെലക്റ്റര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആമിര്‍

By Web TeamFirst Published May 12, 2021, 6:14 PM IST
Highlights

അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാന്‍ പക്വത ഇല്ലാത്തവരും സാങ്കേതിക തികവില്ലാത്ത താരങ്ങളേയുമാണ് പാക് ടീമിലെത്തിക്കുന്നതെന്നുമാണ് ആമിറിന്റെ ആക്ഷേപം.

കറാച്ചി: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം സെലക്റ്റര്‍മാരെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പേസര്‍ മുഹമ്മദ് ആമിര്‍. അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാന്‍ പക്വത ഇല്ലാത്തവരും സാങ്കേതിക തികവില്ലാത്ത താരങ്ങളേയുമാണ് പാക് ടീമിലെത്തിക്കുന്നതെന്നുമാണ് ആമിറിന്റെ ആക്ഷേപം. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ആമിര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 

ഇക്കാര്യത്തില്‍ ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നിവരെ പാകിസ്ഥാന്‍ മാതൃകയാക്കണമെന്നുമാണ് ആമിര്‍ പറയുന്നത്. ആമിറിന്റെ വാക്കുകള്‍... ''ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നീ ടീമുകള്‍ താരങ്ങളെ പ്രാപ്തരാക്കിയ ശേഷമാണ് അന്താരാഷ്ട്ര രംഗത്തേക്ക് വിടുന്നത്. അവര്‍ ടീമിലെത്തുമ്പോള്‍ അതിനുള്ള ഗുണം കാണിക്കും. എന്നാല്‍ ഇവിടെ നേരെ മറിച്ചാണ് കാര്യങ്ങള്‍. ടീമിലെത്തിയ ശേഷം പരിശീലകരില്‍ നിന്നാണ് താരങ്ങള്‍ എന്തെങ്കിലും പഠിക്കാന്‍ ശ്രമിക്കുന്നത്.'' ആമിര്‍ പറഞ്ഞു.

ഇന്ത്യന്‍ താരങ്ങളായ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരുടെ പേരുകളും ആമിര്‍ ഉദാഹരണമായെടുത്തു. ''നിങ്ങള്‍ ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവരെ നോക്കൂ. അവര്‍ക്ക് കൂടുതല്‍ കോച്ചിംഗോ മറ്റോ കൊടുക്കേണ്ടി വന്നിരുന്നില്ല. തുടക്കത്തിന്റെ ബുദ്ധിമുട്ടുകളോ മറ്റോ കാണിക്കാതെയാണ് അവര്‍ കളിച്ചത്. ദീര്‍ഘകാലം ആഭ്യന്തര ക്രിക്കറ്റും ഐപിഎല്ലും കളിച്ച ശേഷമാണ് അവര്‍ ദേശീയ ജേഴ്‌സി അണിയുന്നത്. അതുകൊണ്ടാണ് ഇത്തരത്തില്‍ കളിക്കാന്‍ അവര്‍ക്ക് സാധിക്കുന്നത്.'' ആമിര്‍ പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റിനെ സ്‌കൂള്‍ ക്രിക്കറ്റായി പരിഗണിക്കരുതെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു. സാങ്കേതിക തികവില്ലാത്ത താരങ്ങളൊക്കെയാണ് പാക് ടീമിലെത്തുന്നത്. ഇത്തരം കാര്യങ്ങള്‍ ഭാവിയില്‍ പരിഹരിക്കുമെന്ന് കരുതാം. ആമിര്‍ പറഞ്ഞുനിര്‍ത്തി.

click me!