പാകിസ്ഥാന്‍ ഇന്ത്യയില്‍ ലോകകപ്പ് കളിക്കില്ല; വീണ്ടും പോരുമായി പിസിബി മുന്‍ സിഇഒ

By Web TeamFirst Published Mar 29, 2023, 5:20 PM IST
Highlights

ഇന്ത്യ, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുകൾക്കിടയിലെ വടംവലിക്കൊടുവിൽ സമവായത്തിന്‍റെ വഴി കണ്ടെത്തിയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസില്‍ ഏഷ്യാ കപ്പിന്‍റെ വേദി ഒടുവില്‍ ഉറപ്പിച്ചത്

ലാഹോര്‍: ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് വേദികളെ ചൊല്ലിയുള്ള ബിസിസിഐ-പിസിബി പോര് പുതിയ തലത്തില്‍. ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ന്യൂട്രല്‍ വേദിയില്‍ നടത്താന്‍ തീരുമാനിച്ചതുപോലെ ലോകകപ്പില്‍ പാകിസ്ഥാന്‍റെ മത്സരങ്ങള്‍ നിഷ്‌പക്ഷ വേദിയിലേക്ക് മാറ്റുന്നതാവും ഉചിതമെന്ന് പിസിബി മുന്‍ സിഇഒയും ഐസിസി ക്രിക്കറ്റ് ജനറല്‍ മാനേജറുമായ വസീം ഖാന്‍ വ്യക്തമാക്കി. പാകിസ്ഥാന്‍ വേദിയാവുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്‌പക്ഷ വേദിയില്‍ കളിക്കാന്‍ ബിസിസിഐ സമ്മതം മൂളിയതിന് പിന്നാലെയാണ് വസീം ഖാന്‍റെ പ്രതികരണം. 

ലോകകപ്പിന് നിഷ്‌പക്ഷ വേദിയാണ് ഉചിതം. പാകിസ്ഥാന്‍ അവരുടെ മത്സരങ്ങള്‍ ഇന്ത്യയില്‍ കളിക്കും എന്ന് തോന്നുന്നില്ല. ഏഷ്യാ കപ്പില്‍ ഇന്ത്യ ചെയ്യുന്നത് പോലെ പാകിസ്ഥാന്‍റെ മത്സരങ്ങള്‍ ന്യൂട്രല്‍ വേദിയില്‍ കളിക്കുന്നതാണ് നല്ലതെന്നും വസീം ഖാന്‍ ഒരു പാക് ചാനലിനോട് വ്യക്തമാക്കി. 

സുരക്ഷാപ്രശ്‌നങ്ങള്‍ പരിഗണിച്ച് ഇന്ത്യന്‍ താരങ്ങള്‍ പാകിസ്ഥാനിലേക്ക് ഏഷ്യാ കപ്പിനായി യാത്ര ചെയ്യില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് ഇതിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഭീഷണി മുഴക്കിയിരുന്നു. ഇതോടെ ഇരു ബോര്‍ഡുകളും തമ്മിലുള്ള വടംവലി രൂക്ഷമായി. 

ഇന്ത്യ, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുകൾക്കിടയിലെ വടംവലിക്കൊടുവിൽ സമവായത്തിന്‍റെ വഴി കണ്ടെത്തിയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസില്‍ ഏഷ്യാ കപ്പിന്‍റെ വേദി ഒടുവില്‍ ഉറപ്പിച്ചത്. ഏഷ്യ കപ്പ് സെപ്റ്റംബറില്‍ തന്നെ നടത്താന്‍ തീരുമാനമായപ്പോള്‍ ആകെ 13 മത്സരങ്ങളുള്ള ടൂര്‍ണമെന്‍റിന്‍റെ വേദിയായി പാകിസ്ഥാനെ തന്നെ നിലനിര്‍ത്തുകയായിരുന്നു. എന്നാൽ ഇന്ത്യൻ ടീമിന് പാകിസ്ഥാനിലേക്ക് പോകേണ്ടിവരില്ല. പാകിസ്ഥാനെതിരായ 2 ഗ്രൂപ്പ് മത്സരങ്ങള്‍ അടക്കം ഇന്ത്യയുടെ എല്ലാ കളികളും മറ്റൊരു രാജ്യത്തേക്ക് മാറ്റാമെന്ന് ധാരണയായി. യുഎഇ, ഒമാന്‍, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നിവയെയാണ് ഇന്ത്യയുടെ മത്സരങ്ങള്‍ക്കുള്ള വേദിയായി പരിഗണിക്കുന്നത്. സമാനമായി ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിലെ പാകിസ്ഥാന്‍റെ മത്സരങ്ങള്‍ നിഷ്‌പക്ഷ വേദിയിലേക്ക് മാറ്റുമോയെന്ന് കണ്ടറിയാം. 

ഏഷ്യ കപ്പ്: പോരിനൊടുവില്‍ വേദി തീരുമാനമായി, ഇന്ത്യന്‍ മത്സരങ്ങള്‍ പാകിസ്ഥാന് പുറത്തേക്ക്

click me!