
പല്ലെക്കലെ: ടി20 ലോകകപ്പിലെ നിര്‍ണ്ണായക സൂപ്പര്‍ 8 മത്സരത്തില്‍ പാകിസ്ഥാന്‍ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ഇരുവരുടേയും രണ്ടാം മത്സരമാണിത്. പാകിസ്ഥാന്‍ - ന്യൂസിലന്‍ഡ് ആദ്യ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിുന്നു. ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പ്പിക്കുകയും ചെയ്തു. പല്ലെക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഈ മത്സരം പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം അതിനിര്‍ണ്ണായകമാണ്. പോയിന്റ് പട്ടികയില്‍ പിന്നിലായ പാകിസ്ഥാന് സെമി ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കാന്‍ ഇന്ന് വിജയം അനിവാര്യമാണ്.
ആദ്യ മത്സരത്തെ മഴ തടസ്സപ്പെടുത്തിയെങ്കിലും ഇന്ന് കാലാവസ്ഥ അനുകൂലമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്യുവെതര്‍ പ്രകാരം മഴ പെയ്യാന്‍ വെറും 2 ശതമാനം സാധ്യത മാത്രമേയുള്ളൂ. 25 മുതല്‍ 27 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില പ്രതീക്ഷിക്കുന്ന പല്ലെക്കലെയില്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് തടസ്സമില്ലാത്ത ഒരു മത്സരം കാണാന്‍ സാധിക്കുമെന്ന് ഉറപ്പാണ്.
സല്‍മാന്‍ അലി അഗ നയിക്കുന്ന പാകിസ്ഥാന്‍ ടീമിന് ശ്രീലങ്കയിലെ സാഹചര്യങ്ങള്‍ ഏറെ പരിചിതമാണ്. ലോകകപ്പിലെ തങ്ങളുടെ എല്ലാ മത്സരങ്ങളും ഈ ദ്വീപ് രാഷ്ട്രത്തില്‍ തന്നെ കളിച്ചതിനാല്‍ ഇവിടുത്തെ പിച്ചുകളുമായി അവര്‍ നന്നായി പൊരുത്തപ്പെട്ടു കഴിഞ്ഞു. ഉപഭൂഖണ്ഡത്തിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകളില്‍ ഇംഗ്ലണ്ട് ബാറ്റര്‍മാരെ കുടുക്കാന്‍ പാകിസ്ഥാന്റെ കരുത്തുറ്റ സ്പിന്‍ നിരയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.
സൂപ്പര്‍ 8 ഘട്ടത്തില്‍ ഓരോ ടീമിനും മൂന്ന് മത്സരങ്ങള്‍ മാത്രമാണുള്ളത്. ന്യൂസിലന്‍ഡിനെതിരായ മത്സരം മഴ കൊണ്ടുപോയതോടെ പാകിസ്ഥാന്റെ നിയന്ത്രണം ഭാഗികമായി നഷ്ടമായിട്ടുണ്ട്. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ പാകിസ്ഥാന് ഒന്നാകെ മൂന്ന് പോയിന്റുകളാകും. തുടര്‍ന്ന് അവസാന മത്സരത്തില്‍ ശ്രീലങ്കയെയും പരാജയപ്പെടുത്തിയാല്‍ 5 പോയിന്റോടെ മറ്റാരുടെയും സഹായമില്ലാതെ പാകിസ്ഥാന് സെമി ഉറപ്പിക്കാം. ഇന്ന് പരാജയപ്പെട്ടാല്‍ പാകിസ്ഥാന്‍ ഒരു പോയിന്റില്‍ തന്നെ തുടരും. അങ്ങനെയെങ്കില്‍ അവസാന മത്സരത്തില്‍ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കാന്‍ പ്രാര്‍ത്ഥിക്കേണ്ടി വരും. മാത്രമല്ല, പാകിസ്ഥാന്‍ ലങ്കയെ തോല്‍പ്പിക്കുകയും വേണം.
ഇന്നും മഴ പെയ്ത് മത്സരം ഉപേക്ഷിച്ചാല്‍ പാകിസ്ഥാന് രണ്ട് പോയിന്റ് മാത്രമേ ലഭിക്കൂ. ഇത് മറ്റ് ടീമുകളുടെ മത്സരഫലങ്ങളെ ആശ്രയിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കും. ചുരുക്കത്തില്‍, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് സെമിയിലേക്കുള്ള പാത സുഗമമാക്കുക എന്നതാണ് പാകിസ്ഥാന് മുന്നിലുള്ള ഏക വഴി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!