
കറാച്ചി: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സൗദ് ഷക്കീലിന്‍റെ സെഞ്ചുറിയുടെയും ഇമാമുള്‍ ഹഖിന്‍റെയും സര്‍ഫ്രാസ് അഹമ്മദിന്‍റെയും അര്‍ധസെഞ്ചുറികളുടെയും മികവില്‍ ഒന്നാം ഇന്നിംഗ്സ് ലീഡിനായി പൊരുതി പാക്കിസ്ഥാന്‍. ന്യൂസിലന്‍ഡിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 449 റണ്‍സിന് മറുപടിയായി മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ പാക്കിസ്ഥാന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 407 റണ്‍സെടുത്തിട്ടുണ്ട്. 124 റണ്‍സുമായി സൗദ് ഷക്കീലും റണ്ണൊന്നുമെടുക്കാതെ അബ്രാര്‍ അഹമ്മദും ക്രീസില്‍. ഒരു വിക്കറ്റ് മാത്രം ശേഷിക്കെ ന്യൂസിലന്‍ഡ് സ്കോര്‍ മറികടക്കാന്‍ പാക്കിസ്ഥാന് ഇനിയും 42 റണ്‍സ് കൂടി വേണം.
അബ്ദുള്ള ഷഫീഖ്(19), ഷാന്‍ മസൂദ്(20) ക്യാപ്റ്റന്‍ ബാബര്‍ അസം(24) എന്നിവരെ നഷ്ടമായി 99-3 എന്ന സ്കോറില്‍ പതറിയ പാക്കിസ്ഥാനെ ഇമാമുള്‍ ഹഖും സൗദ് ഷക്കീലും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. നാലാം വിക്കറ്റില്‍ ഇരുവരും 84 റണ്‍സടിച്ചു. ഇമാമിനെ(83) സൗത്തി പുറത്താക്കിയശേഷം ക്രീസിലെത്തിയ സര്‍ഫ്രാസ് അഹമ്മദ് തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി പാക്കിസ്ഥാന്‍ സ്കോര്‍ ഉയര്‍ത്തി. 109 പന്തില്‍ 78 റണ്‍സെടുത്ത സര്‍ഫ്രാസിനെ ഡാരില്‍ മിച്ചല്‍ പുറത്താക്കുമ്പോള്‍ പാക് സ്കോര്‍ 332ല്‍ എത്തിിരുന്നു. അഞ്ചാം വിക്കറ്റില്‍ സൗദ് ഷക്കീലിനൊപ്പം 150 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് സര്‍ഫ്രാസ് മടങ്ങിയത്.
ഇന്ത്യന്‍ താരത്തിന്‍റെ വേഗമറിയ പന്ത്, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് ഉമ്രാന്‍ മാലിക്
സര്‍ഫ്രാസ് പുറത്തായശേഷം ക്രീസിലെത്തിയ അഗ സല്‍മാന്‍ ഷക്കീലിന് മികച്ച പിന്തുണ നല്‍കി പാക് സ്കോര്‍ 400ന് അടുത്തെത്തിച്ചു. അഗ സല്‍മാനെ(41) പുറത്താക്കിയ അജാസ് പട്ടേലാണ് കിവീസിന് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. അഗ സല്‍മാന്‍ പുറത്തായതിന് പിന്നാല ഹസന്‍ അളി(4), നസീം ഷാ(4), മിര്‍ ഹംസ(0) എന്നിവര്‍ കൂടി മടങ്ങിയതോടെ ഒന്നാം ഇന്നിംഗ്സ് ലീഡെന്ന പാക് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റു. കിവീസിനായി അജാസ് പട്ടേല്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഇഷ് സോധി രണ്ട് വിക്കറ്റെടുത്തു. പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞിരുന്നു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!