
കറാച്ചി: പാക്കിസ്ഥാനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് ആറ് വിക്കറ്റിന്‍റെ ഉജ്ജ്വല വിജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തപ്പോള്‍ 16.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക ജയം സ്വന്തമാക്കി. പരമ്പരയിലെ ആദ്യ മത്സരം പാക്കിസ്ഥാന്‍ ജയിച്ചിരുന്നു. ഇതോടെ മൂന്ന് മത്സര പരമ്പര 1-1 സമനിലയായി. മൂന്നാമത്തെയും അവസനാത്തെയും മത്സരം നാളെ നടക്കും.
പാക്കിസ്ഥാന്‍ ഉയര്‍ത്തിയ വിജയലക്ഷ്യത്തിന് മുന്നില്‍ തുടക്കത്തില്‍ പതറിയെങ്കിലും റേസാ ഹെന്‍ഡ്രിക്സും പൈറ്റ് വാന്‍ ബില്‍ജോണും(42), ഡേവിഡ് മില്ലറും(25*), ഹെന്‍റിച്ച് ക്ലാസനും(17*) ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ജയം അനായാസമാക്കി. ജാനെമാന്‍ മലനും(4), സ്മട്സും(7) തുടക്കത്തിലെ പുറത്തായശേഷമായിരുന്നു ദക്ഷിണാഫ്രിക്കയുടെ തിരിച്ചുവരവ്. ക്യാപ്റ്റന്‍ ക്വിന്‍റണ്‍ ഡീകോക്ക് അടക്കം പ്രമുഖ താരങ്ങളില്ലാതെ ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ ക്ലാസനാണ് നയിച്ചത്.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനായി ഓപ്പണര്‍ മുഹമ്മദ് റിസ്‌വാന്‍(41 പന്തില്‍ 51)അര്‍ധസെഞ്ചുറി നേടിയെങ്കിലും മറ്റാര്‍ക്കും കാര്യമായ പിന്തുണ നല്‍കാനായില്ല. വാലറ്റത്ത് ഫഹീം അഷ്റഫ്(12 പന്തില്‍ 30) നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് പാക്കിസ്ഥാനെ 144ല്‍ എത്തിച്ചത്. ക്യാപ്റ്റന്‍ ബാബര്‍ അസം(5) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കക്കുവേണ്ടി പ്രിട്ടോറിയസ് നാലോവറില്‍ 17 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!