
കറാച്ചി: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പര (Pakistan vs West Indies T20I Series) സ്വന്തമാക്കി പാകിസ്ഥാൻ. രണ്ടാം ട്വന്‍റി 20യിൽ ഒന്‍പത് റൺസിനാണ് പാകിസ്ഥാന്‍റെ ജയം. പാകിസ്ഥാൻ ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് 20 ഓവറിൽ 163 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 43 പന്തിൽ 67 റൺസെടുത്ത ബ്രാൻഡൺ കിങ് (Brandon King) ആണ് ടോപ് സ്കോറർ.
അവസാന ഓവറുകളിൽ ആഞ്ഞടിച്ച് റൊമാരിയോ ഷെപ്പേർഡ് പ്രതീക്ഷ നൽകിയെങ്കിലും വിൻഡീസിന് ജയിക്കാനായില്ല. 19 പന്തിൽ രണ്ട് വീതം ഫോറും സിക്‌സറുമടക്കം 35 റൺസെടുത്ത് ഷെപ്പേർഡ് പുറത്താകാതെ നിന്നു. വിൻഡീസ് നിരയിലെ ആറ് താരങ്ങൾക്ക് രണ്ടക്കം കാണാനായില്ല. ഷഹീൻഷാ അഫ്രീദി മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് നവാസ്, മുഹമ്മദ് വാസിം, ഹാരിസ് റൗഫ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്ഥാൻ 172ലെത്തിയത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഇഫ്തിക്കർ അഹമ്മദും ഷദബ് ഖാനുമാണ് പാകിസ്ഥാനെ മികച്ച സ്കോറിലെത്തിച്ചത്. ഇഫ്തിക്കർ 19 പന്തിൽ 32 റൺസെടുത്തു. ഷദബ് ഖാൻ 12 പന്തിൽ 28 റൺസെടുത്ത് പുറത്താകാതെ നിന്നു. മുഹമ്മദ് റിസ്‍വാൻ 38ഉം ഹൈദർ അലി 31ഉം റൺസെടുത്തു. പരമ്പരയിലെ മൂന്നാം മത്സരം നാളെ നടക്കും.