PAK vs WI : റിസ്‌വാന്‍-ബാബര്‍ വെടിക്കെട്ടില്‍ വിന്‍ഡീസിനെതിരെ വമ്പന്‍ ജയവുമായി പാക്കിസ്ഥാന്‍

Published : Dec 16, 2021, 10:45 PM IST
PAK vs WI : റിസ്‌വാന്‍-ബാബര്‍ വെടിക്കെട്ടില്‍ വിന്‍ഡീസിനെതിരെ വമ്പന്‍ ജയവുമായി പാക്കിസ്ഥാന്‍

Synopsis

ഓപ്പണിംഗ് വിക്കറ്റില്‍ തകര്‍ത്തടിച്ച ബാബറും റിസ്‌വാനും ചേര്‍ന്ന് 15.1 ഓവറില്‍ 158 റണ്‍സടിച്ചശേഷമാണ് വേര്‍ പിരിഞ്ഞത്. 45 പന്തില്‍ 10 ഫോറും മൂന്ന് സിക്സും പറത്തിയാണ് റിസ്‌വാന്‍ 86 റണ്‍സടിച്ചത്. 53 പന്തില്‍ ഒമ്പത് ഫോറും രണ്ട് സിക്സും പറത്തിയ ബാബര്‍ 79 റണ്‍സടിച്ചു.

കറാച്ചി: ആദ്യം ബാറ്റ് ചെയ്ത് 208 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തിയിട്ടും പാക്കിസ്ഥാനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് (Pakistan vs West Indies 3rd T20I) തോല്‍വി. മുഹമ്മദ് റിസ്‌വാന്‍റെയും(Mohammad Rizwan) ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെയും(Babar Azam) വെടിക്കെട്ട് ബാറ്റിംഗിന്‍റെ കരുത്തില്‍ മൂന്നാം ടി20 മത്സരത്തില്‍ പാക്കിസ്ഥാന്‍ ഏഴ് വിക്കറ്റിന്‍റെ അനായാസ ജയവുമായി പരമ്പര തൂത്തുവാരി. 45 പന്തില്‍ 86 റണ്‍സെടുത്ത റിസ്‌വാനും 53 പന്തില്‍ 79 റണ്‍സടിച്ച ബാബര്‍ അസമുമാണ് പാക് ജയം അനായാസമാക്കിയത്. സ്കോര്‍ വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 207-3, പാക്കിസ്ഥാന്‍ 18.5 ഓവറില്‍ 208-3.

ഓപ്പണിംഗ് വിക്കറ്റില്‍ തകര്‍ത്തടിച്ച ബാബറും റിസ്‌വാനും ചേര്‍ന്ന് 15.1 ഓവറില്‍ 158 റണ്‍സടിച്ചശേഷമാണ് വേര്‍ പിരിഞ്ഞത്. 45 പന്തില്‍ 10 ഫോറും മൂന്ന് സിക്സും പറത്തിയാണ് റിസ്‌വാന്‍ 86 റണ്‍സടിച്ചത്. 53 പന്തില്‍ ഒമ്പത് ഫോറും രണ്ട് സിക്സും പറത്തിയ ബാബര്‍ 79 റണ്‍സടിച്ചു. ഇരുവരും പുറത്തായശേഷം അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ആസിഫ് അലി(7 പന്തില്‍ 21*)(Asif Ali) പാക് ജയം വേഗത്തിലാക്കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ക്യാപ്റ്റന്‍ നിക്കോളാസ് പുരാന്‍റെ(Nicholas Pooran)  അര്‍ധസെഞ്ചുറിയുടെയും(37 പന്തില്‍ 64), ബ്രാണ്ടന്‍ കിംഗ്(21 പന്തില്‍ 43), ഷമ്ര ബ്രൂക്സ്(31 പന്തില്‍ 49), ഡാരന്‍ ബ്രാവോ(27 പന്തില്‍ 34) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗിന്‍റെയും കരുത്തിലാണ് കൂറ്റന്‍ സ്കോര്‍ കുറിച്ചത്.

ഇന്നത്തെ മത്സരത്തോടെ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ടി20 റണ്‍സ് നേടുന്ന ബാറ്ററെന്ന റെക്കോര്‍ഡ് മുഹമ്മദ് റിസ്‌വാന്‍ സ്വന്തമാക്കി. 2036 റണ്‍സാണ് ഈ വര്‍ഷം റിസ്‌വാന്‍ അടിച്ചു കൂട്ടിയത്. ഈ വര്‍ഷം 1779 റണ്‍സുമായി ക്യാപ്റ്റന്‍ ബാബര്‍ അസമാണ് രണ്ടാം സ്ഥാനത്ത്. 2015ല്‍ 1665 റണ്‍സ് നേടിയിട്ടുള്ള ക്രിസ് ഗെയ്ല്‍ മൂന്നാമതും 2016ല്‍ 1614 റണ്‍സടിച്ചിട്ടുള്ള വിരാട് കോലി നാലാം സ്ഥാനത്തുമാണ്.

പാക്കിസ്ഥാന്‍ ഒരു ടി20 മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് 208 റണ്‍സ്. ടി20യില്‍ പാക്കിസ്ഥാന്‍റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടീം ടോട്ടലുമാണിത്. വിന്‍ഡീസിനെതിരെ പാക്കിസ്ഥാന്‍റെ വിജയകരമായ ഏറ്റവും ഉയര്‍ന്ന റണ്‍ ചേസാണ് ഇന്നത്തേത്. സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 205 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതായിരുന്നു ഇതിന് മുമ്പ് പിന്തുടര്‍ന്ന് നേടിയ എറ്റവും വലിയ വിജയം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആഷസ്: അഡ്‌ലെയ്ഡ് ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്, ജയിക്കാൻ ഇഗ്ലണ്ടിന് വേണ്ടത് 126 റൺസ്, ഓസീസിന് 3 വിക്കറ്റും
'ഗില്ലിനെ ഒഴിവാക്കാനുള്ള തിരുമാനം ഇന്നലെ എടുത്തതല്ല'; പിന്നില്‍ കാരണങ്ങളുണ്ട്, റിപ്പോര്‍ട്ട്