
കൊളംബൊ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര പാകിസ്ഥാന്‍ തൂത്തുവാരി. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 222 റണ്‍സിനുമായിരുന്നു പാകിസ്ഥാന്റെ ജയം. സ്വന്തം നാട്ടില്‍ ശ്രീലങ്ക നേരിടുന്ന ഏറ്റവും വലിയ പരാജയമാണിത്. മാത്രമല്ല, ശ്രീലങ്കയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് പരമ്പരകള്‍ സ്വന്തമാക്കുന്ന ടീമും പാകിസ്ഥാനായി. സ്‌കോര്‍ബോര്‍ഡ്: ശ്രീലങ്ക 166, 188 & പാകിസ്ഥാന്‍: 576/5 ഡി. നാല് വിക്കറ്റ് നേടിയ അബ്രാര്‍ അഹമ്മദാണ് ശ്രീലങ്കയെ രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍ത്തത്. നേരത്തെ അബ്ദുള്ള ഷെഫീഖ് (201), അഗ സല്‍മാന്‍ (132) എന്നിവരുടെ ഇന്നിംഗ്‌സാണ് പാകിസ്ഥാനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.
പാകിസ്ഥാനെ വീണ്ടും ബാറ്റിംഗിനയക്കാന്‍ 388 റണ്‍സില്‍ കൂടുതല്‍ വേണമായിരുന്നു ശ്രീലങ്കയ്ക്ക്. എന്നാല്‍ 188ന് പുറത്താവുകയായിരുന്നു. അബ്രാറിന് പുറമെ നസീം ഷാ മൂന്ന് വിക്കറ്റെടുത്തു. 57 റണ്‍സെടുത്ത ധനഞ്ജയ ഡി സില്‍വ മാത്രമാണ് ശ്രീലങ്കന്‍ നിരയില്‍ പിടിച്ചുനിന്നത്. ദിനേശ് ചാണ്ഡിമല്‍ (34), രമേഷ് മെന്‍ഡിസ് (27), ദിമുത് കരുണാരത്‌നെ (17) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.
നേരത്തെ, ഷെഫീഖ് നാല് സിക്‌സിന്റേയും 19 ഫോറിന്റേയും സഹായത്തോടെയാണ് ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയത്. സല്‍മാന്‍ 15 ഫോറും ഒരു സിക്‌സും നേടി. ഷാന്‍ മസൂദ് (51), സൗദ് ഷക്കീല്‍ (57), മുഹമ്മദ് റിസ്‌വാന്‍ (50) എന്നിവരും തിളങ്ങി. ഇമാം ഉള്‍ ഹഖ് (6), ബാബാബര്‍ അസം (39) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സര്‍ഫറാസ് അഹമ്മദ് (14) റിട്ടയേര്‍ഡ് ഹര്‍ട്ടായി. പ്രഭാത് ജയസൂര്യ രണ്ട് വിക്കറ്റെടുത്തു.
നെറ്റ്‌സില്‍ ഹാര്‍ദിക്കിനെതിരെ ഷോട്ട് പായിച്ച് കോലി! പിന്നാലെ ഗോഷ്ഠി കാണിച്ച് പരിഹാസം - വീഡിയോ
നേരത്തെ, നൂമാന്‍ അലിയുടെ ഏഴ് വിക്കറ്റ് പ്രകടനമാണ് ശ്രീലങ്കയെ ഒന്നാം ഇന്നിംഗ്‌സില്‍ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. നസീം ഷാ മൂന്ന് വിക്കറ്റെടുത്തു. 63 റണ്‍സെടുത്ത എയ്ഞ്ചലോ മാത്യൂസാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. കരുണാരത്‌നെ (41) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.