
ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന പരമ്പരയ്ക്ക് തയ്യാറെടുക്കയാണ് ഇന്ത്യ. മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയ്ക്ക് ഇന്ന് ബാര്‍ബഡോസിലാണ് തുടക്കമാവുന്നത്. ഏകദിന ലോകകപ്പിന് മുമ്പ് മികച്ച ടീമിനെ ഒരുക്കുകയാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യന്‍ ടീം കടുത്ത പരിശീലനത്തിലാണ്. പരിശീലനത്തിനിടെയുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
വിരാട് കോലിയും ഹാര്‍ദിക് പാണ്ഡ്യയുമാണ് വൈറല്‍ വീഡിയോയിലെ താരങ്ങള്‍. ഹാര്‍ദിക് നെറ്റ്‌സില്‍ കോലിക്കെതിരെ പന്തെറിയുന്നുണ്ട്. കോലി ഷോട്ട് പായിക്കുകയും ചെയ്തു. ശേഷം, ഹാര്‍ദിക് കോലിയോട് എന്തോ പറയുന്നുമുണ്ട്. എന്നാല്‍ കോലിയുടെ മറുപടിയാണ് ക്രിക്കറ്റ് ലോകം ഏറ്റെടുത്തിരിക്കുന്നത്. വീഡിയോ കാണാം...
ഇന്ന് വൈകിട്ട് ഏഴിന് ബാര്‍ബഡോസിലാണ് മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ബാര്‍ബഡോസിലാണ് കളിക്കുന്നതെങ്കിലും രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ചിന്ത ഇന്ത്യ വേദിയാവുന്ന ലോകകപ്പിനെ കുറിച്ചാണ്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ലോക പോരാട്ടത്തിന് ഇറങ്ങുംമുന്‍പ് കെട്ടുറപ്പുള്ള സംഘത്തെ വാര്‍ത്തെടുക്കുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യയില്‍ ടിവിയില്‍ ഡിഡി സ്‌പോര്‍ട്‌സിലും ലൈവ് സ്ട്രീമിംഗില്‍ ജിയോ സിനിമയിലും ഫാന്‍കോഡ് ആപ്പിലും മത്സരം തത്സമയം കാണാം.
ഓപ്പണിംഗില്‍ രോഹിത്തിനൊപ്പം ശുഭ്മാന്‍ ഗില്‍ കളിച്ചേക്കും. ഏകദിന ലോകകപ്പിന് യോഗ്യത പോലും നേടാതെ ചരിത്രത്തിലെ ഏറ്റവും വലിയ നിരാശയിലാണ് വെസ്റ്റ് ഇന്‍ഡീസ് ഇറങ്ങുന്നത്. ഷിംറോണ്‍ ഹെറ്റ്മെയ്മറും ഒഷെയ്ന്‍ തോമസും തിരിച്ചെത്തുന്നതോടെ കരുത്ത് വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് ഷായ് ഹോപ് നയിക്കുന്ന വിന്‍ഡീസ്. 2019 ഡിസംബറിന് ശേഷം വിന്‍ഡീസിന് ഏകദിനത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. ഇതിനിടെ നേര്‍ക്കുനേര്‍വന്ന എട്ട് കളിയിലും ഇന്ത്യ ജയിച്ചു. ബാര്‍ബഡോസില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. ഇതുകൊണ്ടുതന്നെ ടോസ് നിര്‍ണായകം.
ഇന്ത്യയുടെ സാധ്യതാ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, മുകേഷ് കുമാര്‍, ഉമ്രാന്‍ മാലിക്, യൂസ്വേന്ദ്ര ചാഹല്‍.
ജസ്‌പ്രീത് ബുമ്രയുടെ തിരിച്ചുവരവ് വൈകിയേക്കും; ആശങ്കയായി രോഹിത് ശര്‍മ്മയുടെ വാക്കുകള്‍