ടി20 ലോകകപ്പിലെ ഇന്ത്യക്കെതിരായ പോരാട്ടത്തില്‍ 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ആവര്‍ത്തിക്കും: ഹസന്‍ അലി

By Web TeamFirst Published Sep 15, 2021, 7:28 PM IST
Highlights

ഇന്ത്യയെ തോല്‍പ്പിച്ച് 2017ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയത് ഞങ്ങള്‍ക്ക് മധുരമുള്ള ഓര്‍മയാണ്. ലോകകപ്പിലും ആ പ്രകടനം ആവര്‍ത്തിക്കാനാണ് ശ്രമിക്കുക.

ദുബായ്: ടി20 ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ സൂപ്പര്‍ പോരാട്ടത്തില്‍ 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ആവര്‍ത്തിക്കുമെന്ന് പാക് പേസര്‍ ഹസന്‍ അലി. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തകര്‍ത്ത് പാക്കിസ്ഥാന്‍ കിരീടം നേടിയതിനെ ഓര്‍മ്മിപ്പിച്ചായിരുന്നു ഹസന്‍ അലിയുടെ പ്രതികരണം. അതിനുശേഷം നടന്ന 2018ലെ ഏഷ്യാ കപ്പിലും 2019ലെ ലോകകപ്പിലും ഇന്ത്യക്കായിരുന്നു ജയം. ലോകകപ്പ് മത്സരങ്ങളില്‍ പാക്കിസ്ഥാന് ഇതുവരെ ഇന്ത്യയെ കീഴടക്കാനുമായിട്ടില്ല.

ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടങ്ങള്‍ എല്ലായ്പ്പോഴും കളിക്കാരില്‍ അദിക സമ്മര്‍ദ്ദമുണ്ടാക്കും. എങ്കിലും ലോകകപ്പില്‍ ഇന്ത്യക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. ഇന്ത്യയെ തോല്‍പ്പിച്ച് 2017ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയത് ഞങ്ങള്‍ക്ക് മധുരമുള്ള ഓര്‍മയാണ്. ലോകകപ്പിലും ആ പ്രകടനം ആവര്‍ത്തിക്കാനാണ് ശ്രമിക്കുക. ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ കളിക്കാര്‍ക്ക് എപ്പോഴും സമ്മര്‍ദ്ദം കൂടും. കാരണം ഇരു രാജ്യങ്ങളിലെയും ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയരുക എന്നതു തന്നെ. സാധാരണ ക്രിക്കറ്റ് മത്സരങ്ങള്‍ കാണാത്തവര്‍പോലും ഇന്ത്യ-പാക് മത്സരം കാണാറുണ്ട്. അതുകൊണ്ട് ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാന്‍ ശ്രമിക്കും-ഹസന്‍ അലി പറഞ്ഞു.

യുഎഇയിലെ സാഹചര്യങ്ങളില്‍ എങ്ങനെ പന്തെറിയണമെന്ന് പാക്കിസ്ഥാന് ധാരണയുണ്ടെന്നും അലി പറഞ്ഞു. യുഎഇയിലെ സ്ലോ പിച്ചുകള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ ടീം അഞ്ച് പേസര്‍മാരെ ടീമിലെടുത്തിട്ടുണ്ട്. പക്ഷെ പേസര്‍മാര്‍ക്കും മത്സരങ്ങളില്‍ നിര്‍ണായക റോളുണ്ട്. പാക്കിസ്ഥാന്‍റെ ബൗളിംഗ് കോച്ചായിരുന്ന വഖാര്‍ യൂനിസിന്‍റെ മാര്‍ഗനിര്‍ദേശം ലഭിക്കില്ലെന്നത് നിരാശജനകമാണ്.

കാരണം അദ്ദേഹം പന്തെറിയുന്നത് കണ്ടാണ് ഞാന്‍ ബൗളിംഗ് പഠിച്ചത്. അതുകൊണ്ടുതന്നെ തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ അസാസാന്നിധ്യം വലിയ നഷ്ടമാണ്.  പക്ഷെ അത് പാക് ക്രിക്കറ്റ് ബോര്‍ഡ് കൈകാര്യം ചെയ്യേണ്ട വിഷയമാണ്. അതില്‍ കളിക്കാരെന്ന നിലയില്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല-ഹസന്‍ അലി വ്യക്തമാക്കി. ഒക്ടോബര്‍ 17ന് ആരംഭിക്കുന്ന ടി20 ലോകകപ്പില്‍ 24നാണ് ഇന്ത്യ-പാക്കിസ്ഥാന്‍ ക്ലാസിക് പോരാട്ടം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!