
കൊളംബൊ: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര പാകിസ്ഥാന്. രണ്ടാം മത്സരത്തില്‍ ഒരു വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് പാകിസ്ഥാന്‍ മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പര നേടിയത്. അവസാന ഓവര്‍ വരെ നീണ്ടുനിന്ന മത്സരത്തിലായിരുന്നു പാകിസ്ഥാന്റെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 49.5 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 91 റണ്‍സ് നേടിയ ഇമാം ഉള്‍ ഹഖാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍.
അവസാന ഓവറില്‍ 11 റണ്‍സാണ് പാകിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഷദാബ് ഖാന്‍ (48) - നസീം ഷാ (10) സഖ്യമായിരുന്നു ക്രീസില്‍. അവസാന ഓവറില്‍ ആദ്യ പന്ത് എറിയും മുമ്പ് ഫസല്‍ഹഖ് ഫാറൂഖി ഷദാബിനെ റണ്ണൗട്ടാക്കി. പന്തെറിയും മുമ്പ് ക്രീസ് വിട്ട ഷദാബിനെ നോണ്‍സ്‌ട്രൈക്ക് സ്റ്റംപിലെ ബെയ്ല്‍സ് ഇളക്കി റണ്ണൗട്ടാക്കുകയായിരുന്നു. എന്നാല്‍ ആദ്യ പന്ത് തന്നെ നസീം ഷാ ബൗണ്ടറി പായിച്ചു. രണ്ടാം പന്തില്‍ റണ്ണില്ല. മൂന്നാം പന്തില്‍ ഒരു റണ്‍. നാലാം പന്തില്‍ ഹാരിസ് റൗഫിന്റെ വക മൂന്ന് റണ്‍. അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ വേണ്ടത് മൂന്ന് റണ്‍. അഞ്ചാം പന്ത് നസീം ഷായുടെ ബാറ്റില്‍ തട്ടി തേര്‍ഡ് മാനിലേക്ക് ബൗണ്ടറി. പാകിസ്ഥാന് പരമ്പര.
നേരത്തെ, ഇമാമിനും ഷദാബിനും പുറമെ ബാബര്‍ അസമാണ് (53) പാക് നിരയില്‍ തിളങ്ങിയത്. വലിയ വിജയലക്ഷ്യത്തിലേക്ക് നല്ല രീതിയിലാണ് പാകിസ്ഥാന്‍ തുടങ്ങിയത്. ആദ്യ വിക്കറ്റില്‍ ഇമാം - ഫഖര്‍ സമാന്‍ (30) സഖ്യം 52 റണ്‍സ് കൂട്ടിചേര്‍ത്തു. സമാന്‍ പുറത്തായതിന് പിന്നാലെ ബാബറിനൊപ്പം 168 റണ്‍സും ഇമാം കൂട്ടിചേര്‍ത്തു. പാകിസ്ഥാന്‍ അനായാസം വിജയിക്കുമെന്ന് തോന്നിച്ചിരിക്കെ ഫാറൂഖി, ബാബറിനെ പുറത്താക്കി അഫ്ഗാന് ബ്രേക്ക് ത്രൂ നല്‍കി. മുഹമ്മദ് റിസ്‌വാന്‍ (2), അഗ സല്‍മാന്‍ (14), ഉസ്മാന്‍ മിര്‍ (0), ഇഫ്തികര്‍ അഹമ്മദ് (17) എന്നിവര്‍ പുറത്തായതോടെ പാകിസ്ഥാന്‍ പ്രതിരോധത്തിലായി. ഇതിനിടെ ഇമാമും മടങ്ങി. എന്നാല്‍ ഷദാബ് പ്രതീക്ഷ നല്‍കി. ഷദാബിന്റെ പ്രചോദനം നസീം ഷാ ഏറ്റെടുത്തതോടെ പാകിസ്ഥാന് ജയം. ഹാരിസ് (3) പുറത്താവാതെ നിന്നു.
നേരത്തെ, ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസിന്റെ (151) ഇന്നിംഗ്‌സാണ് അഫ്ഗാനെ മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 80 റണ്‍സ് നേടിയ ഇബ്രാഹിം സദ്രാന്‍ പിന്തുണ നല്‍കി. ഷഹീന്‍ അഫ്രീദി രണ്ട് വിക്കറ്റെടുത്തു. ഗംഭീര തുടക്കമാണ് ഓപ്പണര്‍മാര്‍ അഫ്ഗാന് നല്‍കിയത്. 227 റണ്‍സാണ് ഗുര്‍ബാസ് - സദ്രാന്‍ സഖ്യം ഒന്നാം വിക്കറ്റില്‍ കൂട്ടിചേര്‍ത്തത്. 40-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. സദ്രാനെ ഉസ്മാന്‍ മിര്‍ പുറത്താക്കുകയായിരുന്നു. ആറ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു സദ്രാന്റെ ഇന്നിംഗ്‌സ്. 45-ാം ഓവറില്‍ അഫ്രീദിക്ക് വിക്കറ്റ് നല്‍കി ഗുര്‍ബാസും മടങ്ങി. 151 പന്തുകള്‍ നേരിട്ട ഗുര്‍ബാസ് മൂന്ന് സിക്‌സും 14 ഫോറും നേടി. അഞ്ചാം ഏകദിന സെഞ്ചുറിയാണ് ഗുര്‍ബാസ് നേടിയത്. 29 റണ്‍സ് നേടിയ മുഹമ്മദ് നബിയും സ്‌കോര്‍ 300ല്‍ എത്തിക്കുന്നില്‍ നിര്‍ണായക പങ്കുവഹിച്ചു.
റാഷിദ് ഖാന്‍ (2), ഷഹിദുള്ള കമാല്‍ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഹഷ്മതുള്ള ഷാഹിദി (15), അബ്ദുള്ള റഹ്മാന്‍ (4) എന്നിവര്‍ പുറത്താവാതെ നിന്നു. അഫ്രീദിക്ക് പുറമെ നസീം ഷാ, ഉസാമ മിര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ആദ്യ ഏകദിനത്തില്‍ പാകിസ്ഥാന്‍ 142 റണ്‍സിന് ജയിച്ചിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ 47.1 ഓവറില്‍ 201ന് എല്ലാവരും പുറത്താവുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ അഫ്ഗാന്‍ 19.2 ഓവറില്‍ 59ന് എല്ലാവരും പുറത്തായി.
എന്തിന് പേടിക്കണം? കൂടെ സഞ്ജു ഉണ്ടല്ലൊ! ഏഷ്യാ കപ്പിനൊരുങ്ങുമ്പോള്‍ വിലയിരുത്തലുമായി അശ്വിന്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!