ടി20യില്‍ തകര്‍പ്പന്‍ സെഞ്ചുറി; കോലിക്കും രോഹിത്തിനും പോലുമില്ലാത്ത റെക്കോര്‍ഡിട്ട് പരാസ് ഖാദ്‌ക

By Web TeamFirst Published Sep 29, 2019, 2:52 PM IST
Highlights

ത്രിരാഷ്‌‌ട്ര പരമ്പരയില്‍ സിംഗപ്പൂരിനെതിരെയാണ് പരാസ് താണ്ഡവമാടിയത്. പരാസ് 49 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി.

സിംഗപ്പൂര്‍ സിറ്റി: അന്താരാഷ്‌ട്ര ടി20യില്‍ സെഞ്ചുറി നേടുന്ന ആദ്യ നേപ്പാള്‍ താരമെന്ന നേട്ടം നായകന്‍ പരാസ് ഖാദ്‌കയ്‌ക്ക്. ത്രിരാഷ്‌‌ട്ര പരമ്പരയില്‍ സിംഗപ്പൂരിനെതിരെയാണ് പരാസ് താണ്ഡവമാടിയത്. പരാസ് 49 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. അന്താരാഷ്‌ട്ര ടി20യില്‍ ഏഷ്യന്‍ താരത്തിന്‍റെ വേഗമേറിയ നാലാം സെഞ്ചുറി കൂടിയാണിത്.

എന്നാല്‍ ഇതിലേറെ തിളക്കമുള്ള മറ്റൊരു നേട്ടം താരത്തിന് സ്വന്തമായി. അന്താരാഷ്‌ട്ര ടി20യില്‍ ചേസിംഗില്‍ സെഞ്ചുറി നേടുന്ന ആദ്യ ക്യാപ്റ്റനാണ് പരാസ്. വിരാട് കോലി, രോഹിത് ശര്‍മ്മ തുടങ്ങിയ വമ്പന്‍മാര്‍ക്കൊന്നും സ്‌കോര്‍ പിന്തുടരുമ്പോള്‍ ശതകമില്ല. ടി20യില്‍ സെഞ്ചുറി നേടിയിട്ടുള്ള മറ്റ് അഞ്ച് ക്യാപ്റ്റന്‍മാരും ആദ്യം ബാറ്റ് ചെയ്യവെയാണ് 100 തികച്ചത്. ആരോണ്‍ ഫിഞ്ച്, ഷെയ്‌ന്‍ വാട്‌സണ്‍, ഫാഫ് ഡുപ്ലസിസ്, തിലരത്‌നെ ദില്‍ഷന്‍, രോഹിത് ശര്‍മ്മ എന്നിവരാണ് നായകനായിരിക്കേ മുന്‍പ് സെഞ്ചുറി നേടിയ താരങ്ങള്‍. 

വിരാട് കോലിക്ക് പകരം അപൂര്‍വം അവസരങ്ങളില്‍ ടീം ഇന്ത്യയെ നയിച്ചിട്ടുള്ള രോഹിത് ശര്‍മ്മ ക്യാപ്റ്റനായിരിക്കേ രണ്ട് സെഞ്ചുറികള്‍ ടി20യില്‍ നേടിയിട്ടുണ്ട്. ഇന്‍ഡോറില്‍ 2017ല്‍ ശ്രീലങ്കയ്‌ക്ക് എതിരെ രോഹിത് 118 റണ്‍സെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം ലക്‌നൗവില്‍ വിന്‍ഡീസിനെതിരെ പുറത്താകാതെ 111 റണ്‍സെടുത്തതാണ് രണ്ടാമത്തെ സെഞ്ചുറി. അന്താരാഷ്‌ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമെന്ന നേട്ടത്തില്‍ രോഹിത്തിനെ മറികടന്നെങ്കിലും കോലിക്ക് ഇതുവരെ അന്താരാഷ്‌ട്ര ടി20യില്‍ ഒരു സെഞ്ചുറിയില്ല. 

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംഗപ്പൂര്‍ നിശ്ചിത 20 ഓവറില്‍ 151 റണ്‍സാണ് എടുത്തത്. എന്നാല്‍ പരാസ് 52 പന്തില്‍ ഏഴ് ബൗണ്ടറിയും ഒന്‍പത് സിക്‌സുകളും സഹിതം പുറത്താകാതെ 106 റണ്‍സെടുത്തപ്പോള്‍ നേപ്പാള്‍ 16 ഓവറില്‍ ജയത്തിലെത്തി. പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള നേപ്പാള്‍ ചൊവ്വാഴ്‌ച സിംബാബ്‌വെയെ നേരിടും. 

click me!