
അഹമ്മദാബാദ്: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പ്രതീക്ഷിച്ചിരുന്ന പല താരങ്ങളും ടീമിലിടം നേടാത്തതില്‍ ആരാധകര്‍ കടുത്ത നിരാശയിലാണ്. മലയാളി താരം സഞ്ജു സാംസണ്‍ അടക്കം നിരവധി താരങ്ങള്‍ ലഭിച്ച അവസരങ്ങളില്‍ മികവ് കാട്ടിയിട്ടും ഏഷ്യാ കപ്പ് ടീമിലെത്തിയില്ല.
ഇതിനിടെ ഏഷ്യാ കപ്പ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ ഉറപ്പായും യോഗ്യത ഉണ്ടായിരുന്ന മറ്റൊരു താരത്തിന്‍റെ പേരുമായി രംഗത്തുവന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ പാര്‍ഥിവ് പട്ടേല്‍. ഇടം കൈന്‍ സ്പിന്‍ ഓള്‍ റൗണ്ടറായ അക്സര്‍ പട്ടേലിനെ ഒഴിവാക്കിയതിനെയാണ് പാര്‍ഥിവ് ചോദ്യം ചെയ്യുന്നത്. ടീം ആവശ്യപ്പെട്ടതെല്ലാം ഭംഗിയായി ചെയ്തിട്ടും അക്സറിനെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയില്ലന്ന് പാര്‍ഥിവ് യുട്യൂബ് ചാനലില്‍ പറഞ്ഞു.
വിന്‍ഡീസിനെതിരായ പരമ്പരയില്‍ ബാറ്റുകൊണ്ടും ബോളു കൊണ്ടും അക്സര്‍ മികവ് കാട്ടിയിരുന്നു. പാര്‍ട് ടൈം ഓഫ് സ്പിന്നറായ ദിപക് ഹൂഡയുള്ളതിനാല്‍ സ്പെഷലിസ്റ്റ് ഓഫ് സ്പിന്നറായി ആര്‍ അശ്വിനെ ടീമിലുള്‍പ്പെടുത്തേണ്ടിയിരുന്നില്ലെന്നും പകരം അക്സറിനെ ടീമിലുള്‍പ്പെടുത്താമായിരുന്നുവെന്നും പാര്‍ഥിവ് പറഞ്ഞു. അക്സറിനെ ടീമിലെടുത്തിരുന്നെങ്കില്‍ ഫിറ്റ്നെസ് പ്രശ്നങ്ങളുള്ള രവീന്ദ്ര ജഡേജയുടെ പകരക്കാരനായും ഉപയോഗിക്കാമായിരുന്നു.
അശ്വിനെ ഇന്ത്യ കഴിഞ്ഞ ലോകകപ്പില്‍ പരീക്ഷിച്ചതാണ്. ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഓഫ് സ്പിന്നറായി വേണമെങ്കില്‍ ഹൂഡയെ പരിഗണിക്കാമായിരുന്നു. 15 അംഗ ടീമില്‍ നാല് സ്പിന്നര്‍മാരെയും മൂന്ന് പേസര്‍മാരെയും ടീമിലെടുക്കാനുള്ള കാരണവും പാര്‍ഥിവ് വിശദീകരിച്ചു. കഴിഞ്ഞ ഐപിഎല്ലിന് യുഎഇ വേദജിയായപ്പോള്‍ പേസര്‍മാര്‍ക്ക് കാര്യമായ സഹായം ലഭിക്കാതിരുന്നതിനാലാണ് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയതെന്നും പാര്‍ഥിവ് വ്യക്തമാക്കി.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം- Rohit Sharma (Capt ), KL Rahul (VC), Virat Kohli, Suryakumar Yadav, Deepak Hooda, R Pant (wk), Dinesh Karthik (wk), Hardik Pandya, R Jadeja, R Ashwin, Y Chahal, R Bishnoi, Bhuvneshwar Kumar, Arshdeep Singh, Avesh Khan.