ഒരുപാട് കാലം കീപ്പറാവാന്‍ രാഹുലിന് കഴിയില്ല; പന്തിനെ പിന്തുണച്ച് പാര്‍ത്ഥിവ് പട്ടേല്‍

By Web TeamFirst Published May 21, 2020, 1:23 PM IST
Highlights

നേരത്തെ മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫും ഇക്കാര്യം അഭിപ്രായപ്പെട്ടിരിന്നു. ഋഷഭ് പന്തിനെ വെള്ളം ചുമക്കാനാക്കരുത് എന്നാണ് കൈഫ് പറഞ്ഞത്. 

മുംബൈ: ദീര്‍ഘകാലം കെ എല്‍ രാഹുലിനെ ഇന്ത്യന്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനം ഏല്‍പ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് പാര്‍ത്ഥിവ് പട്ടേല്‍. നേരത്തെ മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫും ഇക്കാര്യം അഭിപ്രായപ്പെട്ടിരിന്നു. ഋഷഭ് പന്തിനെ വെള്ളം ചുമക്കാനാക്കരുത് എന്നാണ് കൈഫ് പറഞ്ഞത്. 

ഓസ്‌ട്രേലിയക്കെതിരെ നാട്ടില്‍ നടന്ന ഏകദിന പരമ്പരയില്‍ പന്തിന് പരിക്കേറ്റപ്പോഴാണ് രാഹുല്‍ കീപ്പറാകുന്നത്. പിന്നാലെ നടന്ന ന്യൂസിലന്‍ഡ് പരമ്പരയിലും രാഹുലായിരുന്നു വിക്കറ്റിന് പിന്നില്‍. എന്നാല്‍ ദീര്‍ഘകാലത്തേക്ക് രാഹുലിനെ വിക്കറ്റ് കീപ്പര്‍ സ്ഥാനം ഏല്‍പ്പിക്കാനാവില്ലെന്നാണ് പാര്‍ത്ഥിവ് പറയുന്നത്. ''ഏകദിനം, ടി20 എന്നിവയില്‍ രാഹുലിനെ വിക്കറ്റ് കീപ്പറായി നമുക്ക് ദീര്‍ഘകാലത്തേക്കു ആശ്രയിക്കാന്‍ കഴിയില്ല. താല്‍കാലികമായി ആ റോള്‍ രാഹുലിനെ ഏല്‍പ്പിക്കാം. ടി20 ലോകകപ്പിലും വേണമെങ്കില്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. അദ്ദേഹത്തിന് വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കും. 

ഒരുപാട് കാലം ഇന്ത്യന്‍ വിക്കറ്റ് കീപ്പറാവാനുള്ള ശേഷി പന്തിനുണ്ട്. ഞാന്‍ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറുമ്പോള്‍ എന്റെ പ്രകടനം മികച്ചതായിരുന്നില്ല. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റ് കളിച്ച് മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ എനിക്ക് സാധിച്ചു. കഴിവുള്ളതുകൊണ്ടാണ് ആരാധകര്‍ പന്തിനെ കുറിച്ച് സംസാരിക്കുന്നത്. പന്ത് ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയാല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.'' പാര്‍ത്ഥിവ് പറഞ്ഞു.

വിക്കറ്റ് കീപ്പറുടെ റോളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പലരെയും പരീക്ഷിക്കുന്നത് ശരിയല്ലെന്ന് കൈഫ് പറഞ്ഞിരുന്നു. സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറെയാണ് ഇന്ത്യക്ക് വേണ്ടത് പാര്‍ട് ടൈം വിക്കറ്റ് കീപ്പറെയല്ലെന്നും കൈഫ് പറഞ്ഞിരുന്നു.

click me!