
ലാഹോര്‍: ലോകകപ്പ് ക്രിക്കറ്റില്‍ സെമി ഫൈനലില്‍ എത്താതെ പാക്കിസ്ഥാന്‍ പുറത്തായതിനെത്തുടര്‍ന്ന് പരിശീലകസംഘത്തിന്റെ കരാര്‍ നീട്ടേണ്ടെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. മുഖ്യ പരിശീലകന്‍ മിക്കി ആര്‍തര്‍, ബൗളിംഗ് പരിശീലകന്‍ അസ്ഹര്‍ മെഹമൂദ്, ബാറ്റിംഗ് പരിശീലകന്‍ ഗ്രാന്‍ഡ് ഫ്ലവര്‍, ട്രെയിനര്‍ ഗ്രാന്റ് ലുഡന്‍ എന്നിവരാണ് പുറത്തുപോവുന്ന പ്രമുഖര്‍.
ദക്ഷിണാഫ്രിക്കന്‍ പരിശീലകനായിരുന്ന ആര്‍തര്‍ 2016ലാണ് വഖാര്‍ യൂനിസിന് പകരം പാക്കിസ്ഥാന്‍ ദേശീയ ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്. 2016ലെ ടി20 ലോകകപ്പില്‍ പാക്കിസ്ഥാന്റെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് യൂനിസിനെ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കിയത്. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ കീഴടക്കി കിരീടം നേടിയതാണ് പാക്കിസ്ഥാനായി ആര്‍തറുടെ പ്രധാന നേട്ടം. ആര്‍തര്‍ക്ക് കീഴില്‍ പാക്കിസ്ഥാന്‍ ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ടെസ്റ്റ് റാങ്കിംഗിലും കുറച്ചുകാലത്തേക്ക് പാക്കിസ്ഥാന്‍ ഒന്നാമതെത്തി.
നാലുപേരുടെയും കരാര്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുന്ന പശ്ചാത്തലത്തില്‍ പുതിയ പരിശീലകരെതേടി അപേക്ഷ ക്ഷണിക്കാനാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!