
ദുബായ്: ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ കളിക്കേണ്ട വേദികള്‍ മാറ്റം വരുത്തണമെന്ന പിസിബിയുടെ അഭ്യര്‍ത്ഥന ഐസിസിയും ബിസിസിഐയും നിരസിച്ചു. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന്റെ വേദി ചെന്നൈയില്‍ നിന്ന് ബംഗലൂരുവിലേക്കും ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിന്റെ വേദി ബംഗലൂരുവില്‍ നിന്ന് ചെന്നൈയിലേക്കും മാറ്റണമെന്നാണ് പാക്കിസ്ഥാന്റെ പ്രധാന ആവശ്യം. ചെന്നൈയിലെ സ്പിന്‍ പിച്ചില്‍ അഫ്ഗാന്‍ സ്പിന്നര്‍മാരായ റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുജീബ് ഉര്‍ റഹ്‌മാന്‍ എന്നിവരെ നേരിടുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന വിലയിരുത്തലിലാണ് വേദിമാറ്റം പാക് ബോര്‍ഡ് ആവശ്യപ്പെട്ടത്.
എന്നാല്‍ ബിസിസിഐ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. വേദി മാറ്റാനാവില്ലെന്ന്് ബിസിസിഐ അറിയിച്ചു. ഇപ്പോള്‍ ഐസിസിയും ഇതേ കാര്യമാണ് പറയുന്നത്. ഒക്‌റ്റോബര്‍ - നവംബര്‍ മാസങ്ങളിലാണ് ലോകകപ്പ് നടക്കുന്നത്. വേദി സംബന്ധിച്ച് ചൊവ്വാഴ്ച്ച ബിസിസിഐ - ഐസിസി സംയുക്ത യോഗം നടത്തി. യോഗതീരുമാനം പിസിബിയെ അറിയിക്കുകയായിരുന്നു. ഇന്ത്യയുമായി അഹമ്മദാബില്‍ കളിക്കുന്നതിനും പാകിസ്ഥാന്‍ തടസമുന്നയിച്ചിരുന്നു.
സുരക്ഷാ കാരണങ്ങളാല്‍ അഹമ്മദാബാദില്‍ കളിക്കാനാവില്ലെന്നായിരുന്നു പിസിബിയുടെ നിലപാട്. വേദികള്‍ സംബന്ധിച്ച് പാകിസ്താന്‍ ഓരോ തവണയും തടസമുന്നയിച്ചതോടെ മത്സരക്രമം പുറത്തിറക്കാനും കഴിയുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു. അതേസമയം, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കളിക്കില്ലെന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി രംഗത്തെത്തി.
പാക് സര്‍ക്കാര്‍ അനുവദിച്ചാല്‍ മാത്രമെ അഹമ്മദാബാദില്‍ കളിക്കൂവെന്നാണ് പിസിബി ചെയര്‍മാന്‍ നജാം സേഥി വ്യക്തമാക്കിയത്. അഹമ്മദാബാദില്‍ ജയിച്ചാണ് ഇന്ത്യക്ക് മറുപടി നല്‍കേണ്ടതെന്നും അഫ്രീദി പറഞ്ഞു. ഏഷ്യാകപ്പില്‍ കളിക്കാന്‍ ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് ബിസിസിസിഐ നിലപാട് എടുത്തതോടെയാണ് ഇന്ത്യക്കെതിരെ അഹമ്മദാബാദില്‍ കളിക്കില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡും വ്യക്തമാക്കിയത്.