
ചെന്നൈ: ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ഈ മാസം അവസാനം അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഐപിഎല്ലില്‍ മിന്നിയ ഏതൊക്കെ താരങ്ങള്‍ ലോകകപ്പ് ടീമിലെത്തുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഈ മാസം 28നോ 29നോ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി യോഗം ചേരുമെന്നും ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുമെന്നുമാണ് കരുതുന്നത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും. ഇതിനിടെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി തിളങ്ങിയ ശിവം ദുബെയെ ലോകകപ്പ് ടീമിലെടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ചെന്നൈ താരം കൂടിയായ സുരേഷ് റെയ്ന. എക്സ് പോസ്റ്റില്‍ അജിത് അഗാര്‍ക്കറെ ടാഗ് ചെയ്തുകൊണ്ടാണ് റെയ്ന ശിവം ദുബെക്ക് ലോകകപ്പ് ലോഡിങ്, ഭായി, അവനെ ദയവു ചെയ്ത് ടീമിലെടുക്കൂ എന്ന് റെയ്ന പോസ്റ്റ് ചെയ്തത്.
റെയ്നക്ക് പിന്നാലെ മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫും ശിവം ദുബെയെ ലോകകപ്പ് ടീമിലെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്കുശേഷം നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ കളിപ്പിക്കാവുന്ന പെര്‍ഫെക്ട് ബാറ്ററാണ് ശിവം ദുബെ എന്നായിരുന്നു കൈഫിന്‍റെ എക്സ് പോസ്റ്റ്. സീസണില്‍ എട്ട് മത്സരങ്ങളില്‍ 311 റണ്‍സടിച്ച ദുബെ റണ്‍വേട്ടയില്‍ ആറാമതുണ്ട്. 169.95 എന്ന മികച്ച സ്ട്രൈക്ക് റേറ്റും ദുബെക്കുണ്ട്.
ലോകകപ്പ് ടീമിലെത്താന്‍ ശിവം ദുബെക്കൊപ്പം മത്സരിക്കുന്ന ഹാര്‍ദ്ദിക് പാണ്ഡ്യക്കും റിങ്കു സിംഗിനും ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാവാത്തതും ദുബെയുടെ സാധ്യത കൂട്ടുന്നുവെന്നാണ് വിലയിരുത്തല്‍. ഐപിഎല്ലില്‍ ഇന്നലെ ലഖ്നൗിവിനെതിരായ മത്സരത്തില്‍ 27 പന്തില്‍ 66 റണ്‍സടിച്ച ദുബെ തിളങ്ങിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക