
തിരുവനന്തപുരം: ലോകകപ്പിനിടെ കണങ്കാലിനേറ്റ പരിക്കിന് ലണ്ടനില്‍ ശസ്ത്രക്രിയക്ക് വിധേയനായ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി എത്രയും പെട്ടെന്ന് കളിക്കളത്തില്‍ തിരിച്ചെത്താന്‍ ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സ് പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി മുഹമ്മദ് ഷമി എത്രയും വേഗം കളിക്കളത്തില്‍ തിരിച്ചെത്തട്ടെയെന്ന് ആശംസിച്ചത്.
ആരോഗ്യവാനായി എത്രയും പെട്ടെന്ന് തിരിച്ചുവരാന്‍ ആശംസിക്കുന്നു, എനിക്കുറപ്പുണ്ട്, നിന്നിലുള്ള ധൈര്യം കൊണ്ട് ഈ പരിക്കിനെയും മറികടന്ന് നീ തിരിച്ചുവരുമെന്ന് എന്നായിരുന്നു പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്. ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറായ ഷമി പരിക്കിന്‍റെ വേദനക്ക് ഇഞ്ചക്ഷന്‍ എടുത്താണ് ലോകകപ്പ് മത്സരങ്ങളില്‍ കളിച്ചത്.
ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റശേഷം അപ്രതീക്ഷിതമായി ഇന്ത്യന്‍ ഡ്രസ്സിംഗ് റൂം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ താരങ്ങളെ ആശ്വസിപ്പിച്ചതിനൊപ്പം മുഹമ്മദ് ഷമിയെ ചേര്‍ത്ത് പിടിച്ചിരുന്നു. ലോകകപ്പിലെ ആദ്യ നാലു മത്സരങ്ങളിലും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിക്കാതിരുന്ന ഷമി ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പരിക്കേറ്റതോടെയാണ് പ്ലേയിംഗ് ഇലവനിലെത്തിയത്. പിന്നീട് കളിച്ച ഏഴ് മത്സരങ്ങളില്‍ രണ്ട് അഞ്ച് വിക്കറ്റ് നേട്ടമുള്‍പ്പെടെയാണ് ഷമി 24 വിക്കറ്റുമായി ലോകകപ്പിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമത് എത്തിയത്.
ശസ്ത്രക്രിയക്ക് വിധേയനായ ഷമിക്ക് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ്, ടി20 പരമ്പരകളും അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും നഷ്ടമായിരുന്നു. അടുത്ത മാസം തുടങ്ങുന്ന ഐപിഎല്ലിലും ഗുജറാത്ത് ടൈറ്റന്‍സിനായി കളിക്കാന്‍ ഷമിക്കാവില്ല. ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിലും ഷമി ഇന്ത്യക്കായി കളിക്കുന്ന കാര്യം സംശയത്തിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!