'ഓപ്പറേഷൻ സിന്ദൂർ പാഴായതായി തോന്നുന്നു, ജീവനേക്കാള്‍ വലുതാണോ നിങ്ങള്‍ക്ക് പണം'; ഇന്ത്യ-പാക് മത്സരത്തിനെതിരെ എതിര്‍പ്പ് രൂക്ഷം

Published : Sep 14, 2025, 09:11 AM IST
India VS Pakistan

Synopsis

ഇന്ത്യ-പാക് മത്സരത്തിനെതിരെ എതിര്‍പ്പ് രൂക്ഷം. പ്രതിപക്ഷ കക്ഷികള്‍ക്ക് പുറമെ, പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ ബിസിസിഐയുടെ തീരുമാനത്തിൽ ദുഃഖം പ്രകടിപ്പിക്കുകയും മത്സരം ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.

ദില്ലി: ഏഷ്യാകപ്പിൽ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിനെതിരെ വ്യാപക വിമർശനം. മത്സരം ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങളിൽ നിരവധി പ്രതിപക്ഷ പാർട്ടികൾ പങ്കുചേർന്നു. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരുടെ ജീവനേക്കാൾ പണത്തിന് വിലയുണ്ടോ ക്രിക്കറ്റ് മത്സരമെന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) നേതാവ് അസദുദ്ദീൻ ഒവൈസി ചോദിച്ചു. പഹൽ​ഗാം ഭീകാരക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും മത്സരത്തിനെതിരെ രം​ഗത്തെത്തി. അസം മുഖ്യമന്ത്രിയോടും ഉത്തർപ്രദേശ് മുഖ്യമന്ത്രിയോടും, എല്ലാവരോടും എനിക്ക് ഒരു ചോദ്യമുണ്ട്. പഹൽഗാമിലെ നമ്മുടെ 26 പൗരന്മാരുടെയും മതം ചോദിച്ച് വെടിവച്ച പാകിസ്ഥാനെതിരെ ക്രിക്കറ്റ് മത്സരം ഒഴിവാക്കാൻ നിങ്ങൾക്ക് അധികാരമില്ലേ- ഒവൈസി ചോദിച്ചു. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും സംഭാഷണവും ഭീകരതയും ഒരുമിച്ച് സംഭവിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനകളും ഒവൈസി ഓർമ്മിപ്പിച്ചു. ഒരു ക്രിക്കറ്റ് മത്സരത്തിൽ നിന്ന് ബിസിസിഐക്ക് എത്ര പണം ലഭിക്കും. പരമാവധി 3000 കോടി രൂപ? നമ്മുടെ 26 പൗരന്മാരുടെ ജീവനേക്കാൾ മൂല്യം കൂടുതലാണോ പണത്തിനെന്നും അദ്ദേഹം ചോദിച്ചു.

കോൺഗ്രസ്, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻ‌സി‌പി (എസ്‌പി), ശിവസേന (യു‌ബി‌ടി) എന്നിവയുൾപ്പെടെ നിരവധി പാർട്ടികൾ പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കാനുള്ള തീരുമാനത്തെ അപലപിച്ചു. മത്സരം പഹൽഗാം ഇരകളുടെ കുടുംബങ്ങളെ അപമാനിക്കുന്നതാണെന്ന് കുറ്റപ്പെടുത്തി. ഒരു വശത്ത്, നിങ്ങൾ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് സംസാരിക്കുന്നു. ഭീകരതയുമായി ചർച്ച വേണ്ടെന്നും ഭീകരതയുമായി വ്യാപാരം വേണ്ടെന്നും പറയുന്നു. പ്രതിനിധി സംഘം വിദേശ രാജ്യങ്ങളിലേക്ക് പോയി. ഇന്ന് പാകിസ്ഥാനുമായി മത്സരം കളിക്കുന്നതിലൂടെ നിങ്ങൾ എന്ത് സന്ദേശമാണ് നൽകാൻ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് ദത്ത് ചോദിച്ചു. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നിലപാട് ലോകത്തിന് മുന്നിൽ അറിയിക്കാനുള്ള അവസരമാണ് നഷ്ടപ്പെടുത്തിയതെന്ന് ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെ പറഞ്ഞു. "ഈ ക്രിക്കറ്റ് മത്സരം ദേശീയ വികാരങ്ങളെ അപമാനിക്കുന്നതാണ്. നമ്മുടെ സൈനികർ അതിർത്തിയിൽ ജീവൻ ബലിയർപ്പിക്കുമ്പോൾ നമ്മൾ പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കണോയെന്നും അദ്ദേഹം താക്കറെ ചോദിച്ചു.

മത്സരത്തിനെതിരെ തന്റെ പാർട്ടി പ്രതിഷേധം സംഘടിപ്പിക്കുമെന്നും പാർട്ടിയിലെ വനിതാ പ്രവർത്തകർ സിന്ദൂരം (കുഞ്ചം) ശേഖരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയയ്ക്കുമെന്നും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി പറഞ്ഞു. ദില്ലിയില്‍, ആം ആദ്മി പാർട്ടി തങ്ങളുടെ പ്രവർത്തകർ മത്സരം പ്രദർശിപ്പിക്കുന്ന ക്ലബ്ബുകൾ, പബ്ബുകൾ, റെസ്റ്റോറന്റുകൾ എന്നിവയെ തുറന്നുകാട്ടുമെന്ന് പറഞ്ഞു. പാകിസ്ഥാനുമായി ഒരു മത്സരം സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്താണ്? ഈ മത്സരം നടക്കരുതെന്ന് രാജ്യം മുഴുവൻ പറയുന്നു. പിന്നെ എന്തിനാണ് ഈ മത്സരം സംഘടിപ്പിക്കുന്നതെന്ന് എഎപി മേധാവി അരവിന്ദ് കെജ്‌രിവാൾ എക്‌സിലെപോസ്റ്റിൽ ചോദിച്ചു. ദേശീയ തലസ്ഥാനത്ത് പാകിസ്ഥാൻ കളിക്കാരുടെ പ്രതീകമായ കോലം ആം ആദ്മി പ്രവർത്തകർ കത്തിച്ചു.

പ്രതിപക്ഷ കക്ഷികള്‍ക്ക് പുറമെ, പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ ബിസിസിഐയുടെ തീരുമാനത്തിൽ ദുഃഖം പ്രകടിപ്പിക്കുകയും മത്സരം ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. ആക്രമണത്തിൽ പിതാവിനെയും സഹോദരനെയും നഷ്ടപ്പെട്ട സാവൻ പർമാർ, ഓപ്പറേഷൻ സിന്ദൂർ ഇപ്പോൾ പാഴായതായി തോന്നുന്നുവെന്ന് പറഞ്ഞു. ഇന്ത്യ -പാകിസ്ഥാൻ മത്സരം സംഘടിപ്പിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഞങ്ങൾ വളരെ അസ്വസ്ഥരായിരുന്നു. പാകിസ്ഥാനുമായി ഒരു തരത്തിലുള്ള ബന്ധവും തുടരരുത്. നിങ്ങൾക്ക് മത്സരം കളിക്കണമെങ്കിൽ, നിരവധി വെടിയുണ്ടകൾ ഏറ്റ എന്റെ 16 വയസ്സുള്ള സഹോദരനെ തിരികെ കൊണ്ടുവരിക. ഓപ്പറേഷൻ സിന്ദൂർ ഇപ്പോൾ പാഴായതായി തോന്നുന്നുവെന്ന് അവര്‍ പറഞ്ഞു. ആക്രമണത്തിൽ കൊല്ലപ്പെട്ട ശുഭം ദ്വിവേദിയുടെ ഭാര്യ ഐഷാന്യ ദ്വിവേദി, ടെലിവിഷനിൽ പോലും മത്സരം കാണരുതെന്ന് ആളുകളോട് അഭ്യർത്ഥിച്ചു. ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ത്യയും പാകിസ്ഥാനും ഞായറാഴ്ച ദുബായിൽ ഏറ്റുമുട്ടും. ഏപ്രിൽ 22 ന് പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദികൾ നടത്തിയ പഹൽഗാം ആക്രമണത്തിന് ശേഷം ഇരു ടീമുകളും തമ്മിലുള്ള ആദ്യ മത്സരം ആയിരിക്കുമിത്.

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല