
ഹൈദരാബാദ്: ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് ഏകദിന ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഏകദിന ക്രിക്കറ്റിന്‍റെ ഭാവി സംബന്ധിച്ച ആശങ്ക പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജ. തന്നെ സംബന്ധിച്ചിടത്തോളം ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും കളിക്കുക നിലവിലെ സാഹചര്യത്തില്‍ അസാധ്യമാണെന്നും ഏകദിന ക്രിക്കറ്റില്‍ 100 ശതമാനവും സമര്‍പ്പിക്കാന്‍ കഴിയുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സ്റ്റോക്സ് അപ്രതീക്ഷിതമായി ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.
ടെസ്റ്റ് ക്രിക്കറ്റിന്‍റെ ഭാവിയെക്കുറിച്ചായിരുന്നു നമ്മളെല്ലാം ആശങ്കപ്പെട്ടിരുന്നതെന്നും എന്നാല്‍ ഭാവിയില്‍ നിരവധി താരങ്ങള്‍ ഏകദിന ക്രിക്കറ്റ് മതിയാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ഇതോടെ ഏകദിന ക്രിക്കറ്റിന്‍റെ ഭാവി തന്നെ വലിയ പ്രതിസന്ധിയിലാകുമെന്നും ഓജ സമൂഹമാധ്യമത്തില്‍ കുറിച്ചു.
ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്ക് പിന്നാലയാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിനത്തിനുശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് സ്റ്റോക്സ് പ്രഖ്യാപിച്ചത്. 2019ലെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ചാമ്പ്യന്‍മാരാക്കുന്നതില്‍ സ്റ്റോക്സ് നിര്‍ണായക പങ്കു വഹിച്ചിരുന്നു. 84 റണ്‍സെടുത്ത് മത്സരം ടൈ ആക്കിയ സ്റ്റോക്സ് ആണ് കളി സൂപ്പര്‍ ഓവറിലേക്ക് നീട്ടിയെടുത്തത്.
ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ബെന്‍ സ്റ്റോക്സ്
പിന്നീട് സൂപ്പര്‍ ഓവറില്‍ രണ്ടാം റണ്ണിനായി ഓടിയെ സ്റ്റോക്സിന്‍റെ ബാറ്റില്‍ തട്ടി ബൗണ്ടറി കടന്ന പന്താണ് സൂപ്പര്‍ ഓവറും ടൈ ആക്കാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത്. 2011ല്‍ ഇംഗ്ലണ്ടിനായി ഏകദിന അരങ്ങേറ്റം കുറിച്ച സ്റ്റോക്സ് മൂന്ന് സെഞ്ചുറികളടക്കം 2919 റണ്‍സ് നേടിയിട്ടുണ്ട്.
ഈ വര്‍ഷം ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ ഭൂരിഭാഗം ടീമുകളും ഏകദിനങ്ങളെക്കാള്‍ പരമ്പരകളില്‍ ടി20 മത്സരങ്ങള്‍ ഉള്‍പ്പെടുത്താനാണ് ശ്രമിക്കുന്നത്. അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുശേഷം കൂടുതല്‍ ഇന്ത്യന്‍ താരങ്ങളും ഏകദിനം മതിയാക്കിയാലും അത്ഭുതപ്പെടാനില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!