അടിച്ച ട്രിപ്പിള്‍ സെഞ്ചുറി വെറുതെയാവും, പൃഥ്വി ഷാ ഇന്ത്യന്‍ ടീമിലേക്ക് ഉടന്‍ മടങ്ങിയെത്തില്ല- റിപ്പോര്‍ട്ട്

By Web TeamFirst Published Jan 11, 2023, 4:04 PM IST
Highlights

ഇന്ത്യന്‍ ക്രിക്കറ്റില്‍ വീരേന്ദര്‍ സെവാഗിന്‍റെ പകരക്കാരനായി പറഞ്ഞുകേട്ട ഓപ്പണറാണ് പൃഥ്വി ഷാ

മുംബൈ: രഞ്ജി ട്രോഫിയില്‍ റെക്കോര്‍ഡ് ട്രിപ്പിള്‍ സെഞ്ചുറിയുമായി തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മുംബൈ ബാറ്റര്‍ പൃഥ്വി ഷാ. ന്യൂസിലന്‍ഡിനെതിരായ ഏകദിന, ട്വന്‍റി 20 ടീമുകളെ ഉടന്‍ പ്രഖ്യാപിക്കാനിരിക്കേ ഷായുടെ ബാറ്റിംഗിന് നേരെ സെലക്‌ടര്‍മാര്‍ക്ക് കണ്ണടയ്ക്കാന്‍ സാധിക്കില്ല. എന്നാല്‍ ആര്‍ക്ക് പകരം പൃഥ്വിയെ ടീമിലെടുക്കും എന്നതാണ് സെലക്‌ടര്‍മാരുടെ മുന്നിലുള്ള വെല്ലുവിളി. അതിനാല്‍ പൃഥ്വി ഷായെ ടീമിലേക്ക് മടക്കി വിളിക്കാന്‍ സാധ്യതയില്ല എന്നാണ് സെലക്‌ടര്‍മാരില്‍ ഒരാള്‍ നല്‍കുന്ന സൂചന. 

ഇന്ത്യന്‍ ക്രിക്കറ്റില്‍ വീരേന്ദര്‍ സെവാഗിന്‍റെ പകരക്കാരനായി പറഞ്ഞുകേട്ട ഓപ്പണറാണ് പൃഥ്വി ഷാ. അതിവേഗം സ്കോര്‍ ചെയ്യാന്‍ കഴിവുള്ള താരം പക്ഷേ പരിക്കും ഫോമില്ലായ്‌മയും കാരണം ടീമില്‍ വന്നും പോയുമിരുന്നു. രഞ്ജി ട്രോഫിയില്‍ 379 റണ്‍സടിച്ച് തിളങ്ങിയ ഷാ വീണ്ടും തന്‍റെ പേര് സെലക്‌ടര്‍മാരുടെ മുന്നിലേക്ക് വച്ചുനീട്ടുകയാണ്. എന്നാല്‍ താരത്തെ ഉള്‍ക്കൊള്ളിക്കാനുള്ള സ്ഥലം ടീമിലില്ല എന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍. 'പറയൂ, ആര്‍ക്ക് പകരം ഷായെ ടീമിലെടുക്കും. ഏകദിനത്തില്‍ ഇഷാന്‍ കിഷനെയും ശുഭ്‌മാന്‍ ഗില്ലിനെയും രോഹിത് ശര്‍മ്മയേയും പുറത്താക്കാന്‍ കഴിയുമോ. ട്വന്‍റി 20 ടീമിലും വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. എങ്കിലും സെലക്ഷന്‍ കമ്മിറ്റി മീറ്റിംഗില്‍ തീര്‍ച്ചയായും പൃഥ്വി ഷായുടെ പേര് ചര്‍ച്ച ചെയ്യും' എന്നും പേര് വെളിപ്പെടുത്താത്ത സെലക്‌ടര്‍ ഇന്‍സൈഡ് സ്പോര്‍ടിനോട് പറഞ്ഞു.

രഞ്ജി ട്രോഫിയില്‍ അസമിനെതിരെ ഗുവാഹത്തിയിലാണ് പൃഥ്വി ഷാ ഇരട്ട സെഞ്ചുറി നേടിയത്. 383 പന്തില്‍ താരം 379 റണ്‍സടിച്ചുകൂട്ടി. 83 പന്തില്‍ 49 ഫോറും നാല് സിക്സും പറത്തിയാണ് പൃഥ്വി 379 റണ്‍സടിച്ചത്. രഞ്ജിയില്‍ പൃഥ്വിയുടെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറിയാണിത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 400 റണ്‍സെന്ന അപൂര്‍വ നേട്ടത്തിലേക്ക് ബാറ്റ് വീശിയ പൃഥ്വി ഷായെ റിയാന്‍ പരാഗ് ആണ് വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. രഞ്ജി ട്രോഫി ചരിത്രത്തിലെ ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറാണിത്. 2018ല്‍ പതിനെട്ടാം വയസില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുമായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച താരമാണ് പൃഥ്വി ഷാ. 

രഞ്ജിയില്‍ ട്രിപ്പിള്‍ സെഞ്ചുറിയുമായി പൃഥ്വി ഷാ, രഹാനെക്ക് സെഞ്ചുറി

click me!