പ്രായം 20, വേഗം 152.65! ആരാണ് പുതിയ പാക് പേസ് സെന്‍സേഷന്‍ ഇഹ്‌സാനുള്ള

Published : Mar 18, 2023, 05:18 PM ISTUpdated : Mar 18, 2023, 05:21 PM IST
പ്രായം 20, വേഗം 152.65! ആരാണ് പുതിയ പാക് പേസ് സെന്‍സേഷന്‍ ഇഹ്‌സാനുള്ള

Synopsis

സ്വാത് താഴ്‌വരയില്‍ നിന്നുള്ള ഇഹ്‌സാനുള്ളയ്ക്ക് 20 വയസ് മാത്രമാണ് പ്രായം, വേഗത്തിനൊപ്പം ലൈനും ലെങ്തും അമ്പരപ്പിക്കുന്നു

മുള്‍ട്ടാന്‍: പേസ് ബൗളര്‍മാര്‍ക്ക് ഒരുകാലത്തും പഞ്ഞമില്ലാത്ത നാടാണ് പാകിസ്ഥാന്‍. ലോക ക്രിക്കറ്റിലെ പേസ് ഫാക്‌ടറിയെന്ന വിശേഷണം തന്നെയുണ്ട് പാകിസ്ഥാന്. 140-145 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന പേസര്‍മാര്‍ സര്‍വസാധാരണമായ രാജ്യം. ഇവിടെ നിന്ന് മറ്റൊരു പേസ് സെന്‍സേഷന്‍ കൂടി ഉദയം ചെയ്യുകയാണ്. ഇരുപത് വയസുകാരന്‍ ഇഹ്‌സാനുള്ളയാണ് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ വേഗമാര്‍ന്ന പന്തുകള്‍ കൊണ്ട് അമ്പരപ്പിക്കുന്നത്. 

സ്വാത് താഴ്‌വരയില്‍ നിന്നുള്ള ഇഹ്‌സാനുള്ളയ്ക്ക് 20 വയസ് മാത്രമാണ് പ്രായം. പുരോഗമിച്ചുകൊണ്ടിരിക്കുന്ന പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനായി 150 കിലോമീറ്റര്‍ വേഗമുള്ള പന്തുകള്‍ നിരന്തരം എറിഞ്ഞാണ് താരം ശ്രദ്ധേയനാവുന്നത്. ബാബര്‍ അസം, ജേസന്‍ റോയി, സര്‍ഫറാസ് അഹമ്മദ് തുടങ്ങിയ വമ്പന്‍മാര്‍ അഹ്‌സാനുള്ളയുടെ തീതുപ്പും പന്തുകള്‍ക്ക് മുന്നില്‍ ഇതിനകം അടിയറവ് പറഞ്ഞു. ഇഫ്തിഖ‍ര്‍ അഹമ്മദിനെ പുറത്താക്കാന്‍ 152.65 കിലോമീറ്റര്‍ വേഗത്തിലെറിഞ്ഞ പന്താണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. പിഎസ്എല്ലില്‍ ഫൈനല്‍ അവശേഷിക്കേ വിക്കറ്റ് വേട്ടയില്‍ 21 എണ്ണവുമായി രണ്ടാം സ്ഥാനത്താണ് ഇഹ്സാനുള്ള. കലാശപ്പോരില്‍ ലാഹോര്‍ ക്വാലാണ്ടാഴ്‌സിനെതിരെ മൂന്ന് വിക്കറ്റ് നേടിയാല്‍ തലപ്പത്തുള്ള അബ്ബാസ് അഫ്രീദിയെ മറികടക്കാം.  

ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്‍റുകളായ ഖ്വയ്‌ദ് ഇ അസം ട്രോഫിയിലും പാകിസ്ഥാന്‍ കപ്പിലും മികച്ച പ്രകടനം നടത്തിയാണ് താരം പിഎസ്എല്ലില്‍ എത്തിയത്. ആദ്യ സീസണില്‍ ഒരു മത്സരത്തിലേ പരിക്ക് കാരണം കളിക്കാനായുള്ളൂ. 2022/23 പാകിസ്ഥാന്‍ കപ്പിലെ രണ്ടാമത്തെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായി. സമീപകാല പ്രകടനത്തോടെ പാകിസ്ഥാന്‍ ടീമിലേക്ക് ഇഹ്‌സാനുള്ളയ്ക്ക് കന്നി ക്ഷണം ലഭിച്ചുകഴിഞ്ഞു. അഫ്‌ഗാനിസ്ഥാന് എതിരായ ട്വന്‍റി 20 പരമ്പരയ്ക്കുള്ള സ്‌ക്വാഡിലാണ് താരം ഇടംപിടിച്ചത്. പാക് പേസ് ഇതിഹാസം വഖാര്‍ യൂനിസാണ് ഇഹ്‌സാനുള്ളയുടെ മാതൃകാ താരം. ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ വഖാറിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഇഹ്‌സാനുള്ളയ്ക്കായിട്ടുണ്ട്. 

കുട്ടി ആരാധകന് പ്രത്യേക സമ്മാനം; മനംകവര്‍ന്ന് കോലി, കിംഗിന് അഭിനന്ദനപ്രവാഹം
    

PREV
click me!

Recommended Stories

മാധവ് കൃഷ്ണയ്ക്ക് സെഞ്ച്വറി, കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിന്‍റെ ലീഡ്
മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത അപൂര്‍വ നേട്ടം, വിക്കറ്റ് നേട്ടത്തില്‍ 'ട്രിപ്പിള്‍ സെഞ്ചുറി' തികച്ച് ജസ്പ്രീത് ബുമ്ര