മുംബൈയിലെ ആദ്യ ഏകദിനത്തിനിടെ ഓസ്‌കാര്‍ അവാര്‍ഡ് വിന്നിംഗ് ഗാനമായ നാട്ടു നാട്ടുവിനൊപ്പം കോലി സ്റ്റെപ്പിടുന്നത് കാണാമായിരുന്നു
മുംബൈ: ഓസ്ട്രേലിയക്ക് എതിരായ ആദ്യ ഏകദിനത്തില്‍ ബാറ്റിംഗ് പരാജയമായെങ്കിലും ആരാധകരുടെ മനസിലേക്ക് ചേക്കേറി ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലി. ഒരു കുട്ടി ആരാധകനൊപ്പമുള്ള കോലിയുടെ വീഡിയോ വൈറലാവുകയാണ്. മുംബൈ വിമാനത്താവളത്തില്‍ വച്ച് കുട്ടി ആരാധകന്‍ ആവശ്യപ്പെട്ട പ്രകാരം ടീ-ഷര്‍ട്ടില്‍ ഓട്ടോഗ്രാഫ് നല്‍കുകയായിരുന്നു കോലി. തന്‍റെ കട്ട ഫാനിനൊപ്പം സംസാരിക്കുകയും കൂടെ നിന്ന് സെല്‍ഫിയെടുക്കുകയും ചെയ്തു താരം. കോലിയുടെ എളിമയെ പ്രശംസിക്കുകയാണ് ആരാധകര്‍. ഈ ദൃശ്യങ്ങളിലൂടെ ആരാധകരുടെ മനംകവര്‍ന്നു കോലി എന്ന് ഏവരും വാഴ്‌ത്തുന്നു.
മുംബൈയിലെ ആദ്യ ഏകദിനത്തിനിടെ ഓസ്‌കാര്‍ അവാര്‍ഡ് വിന്നിംഗ് ഗാനമായ നാട്ടു നാട്ടുവിനൊപ്പം വിരാട് കോലി സ്റ്റെപ്പിടുന്നത് കാണാമായിരുന്നു. ഓസീസ് ഇന്നിംഗ്‌സിനിടെ ബാറ്റ് ചെയ്യവേയായിരുന്നു കോലിയുടെ ഡാന്‍സ്. ഇതിന്‍റെ വീഡിയോ നേരത്തെ വൈറലായിരുന്നു. ഓസീസിന്‍റെ 189 റണ്‍സ് പിന്തുടരവെ 9 പന്തില്‍ വെറും 4 റണ്‍സുമായി കോലി മടങ്ങിയിരുന്നു. എന്നാല്‍ മത്സരം ടീം ഇന്ത്യ അഞ്ച് വിക്കറ്റിന് വിജയിച്ചു.
കെ എല്‍ രാഹുല്‍(91 പന്തില്‍ പുറത്താവാതെ 75*) നേടിയ അര്‍ധ സെഞ്ചുറിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 189 റണ്‍സ് വിജയലക്ഷ്യം 39.5 ഓവറില്‍ ഇന്ത്യ മറികടന്നു. രവീന്ദ്ര ജഡേജ(45*) പുറത്താവാതെ നിന്നു. നേരത്തെ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഓസീസ് 188ന് പുറത്തായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് നിരയില്‍ മിച്ചല്‍ മാര്‍ഷ്(81) മാത്രമാണ് തിളങ്ങിയത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. രണ്ടാം ഏകദിനം ഞായറാഴ്ച്ച വിശാഖപട്ടണത്ത് നടക്കും. ജഡേജയായിരുന്നു മത്സരത്തിലെ മികച്ച താരം.
