'ഇത്ര ആവേശം വേണ്ടാ, കളമറിഞ്ഞ് കളിക്കൂ'; ഇന്ത്യയുടെ ബാറ്റിംഗ് ശൈലിയെ കടന്നാക്രമിച്ച് ഗംഭീറും അക്രവും

By Jomit JoseFirst Published Aug 30, 2022, 10:16 AM IST
Highlights

രോഹിത് ശര്‍മ്മയുടെ ശൈലിയോട് പൂര്‍ണ യോജിപ്പില്ല മുന്‍താരങ്ങളും കമന്‍റേറ്റര്‍മാരുമായ ഗൗതം ഗംഭീറിനും വസീം അക്രത്തിനും

ദുബായ്: രോഹിത് ശര്‍മ്മ ക്യാപ്റ്റനായ ശേഷം അഗ്രസീവ് മോഡിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടി20 കളിക്കുന്നത്. ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ രോഹിത് പുറത്തായ രീതി നോക്കിയാല്‍ ഇത് വ്യക്തമാകും. ബൗളര്‍മാരെ കടന്നാക്രമിക്കുക എന്നതാണ് ഹിറ്റ്‌മാന്‍റെ നയം. എന്നാല്‍ രോഹിത് ശര്‍മ്മയുടെ ഈ ശൈലിയോട് പൂര്‍ണ യോജിപ്പില്ല മുന്‍താരങ്ങളും കമന്‍റേറ്റര്‍മാരുമായ ഗൗതം ഗംഭീറിനും വസീം അക്രത്തിനും. പാകിസ്ഥാനെതിരെ മുന്‍നിര വിക്കറ്റുകള്‍ ഇന്ത്യ എളുപ്പം നഷ്‌ടപ്പെടുത്തിയിരുന്നു.

'ഇത് ഇന്ത്യ-പാകിസ്ഥാന്‍ മത്സരമാണ്. നിങ്ങള്‍ സാഹസികത എടുക്കേണ്ട കാര്യമില്ല. 20 ഓവർ കളിച്ച് ലക്ഷ്യം നേടാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്. പോസിറ്റീവ് രീതിയിലാണ് ഇന്ത്യ കളിക്കുന്നത്, എന്നാല്‍ അതിനൊപ്പം സാഹചര്യം അറിഞ്ഞും വേണം ബാറ്റ് വീശാന്‍. ഇന്ത്യയുടെ ബാറ്റിംഗ് ശൈലി മാറിയതായി കേള്‍ക്കുന്നു. ഒരു താരം 50 പന്തില്‍ 60 റണ്‍സെടുക്കുന്നത് ക്യാപ്റ്റന്‍ ആഗ്രഹിക്കുന്നില്ല. 25 പന്തില്‍ 50 എടുക്കുകയാണ് അദ്ദേഹത്തിന് വേണ്ടത്' എന്നും വസീം അക്രം സ്റ്റാര്‍ സ്പോര്‍ട്‌സില്‍ പറഞ്ഞു. ഇന്ത്യയുടെ ബാറ്റിംഗ് രീതിയിലെ അതേസമയം കടന്നാക്രമിക്കുകയാണ് ഗംഭീര്‍ ചെയ്തത്. 

'പോസിറ്റിവിറ്റി എന്നതുകൊണ്ട് നിങ്ങള്‍ ആവേശം കാണിക്കണം എന്നല്ല അര്‍ഥം. അത്യന്തികമായി മത്സരം ജയിക്കുകയായിരിക്കണം ലക്ഷ്യം. 15-ാം ഓവറിലാണോ 19-ാം ഓവറിലാണോ ജയിക്കുന്നത് എന്നത് ഘടകമല്ല. സാഹചര്യത്തിന് അനുസരിച്ച് കളിക്കുകയാണ് വേണ്ടത്. ന്യൂബോളില്‍ മുന്‍തൂക്കം ബൗളര്‍മാര്‍ക്കുണ്ടെങ്കില്‍ ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ചാല്‍ ആറ് ഓവറിനിടെ 3-4 വിക്കറ്റുകള്‍ നഷ്‌ടമാകാന്‍ വഴിയൊരുക്കും. അതോടെ മത്സരം തീരും. 148 റണ്‍സാണ് പിന്തുടരുന്നതെങ്കില്‍ ആറ് ഓവറില്‍ അഞ്ച് വിക്കറ്റുകള്‍ നഷ്‌ടപ്പെടുത്തി 60 റണ്‍സ് നേടിയിട്ട് എന്ത് കാര്യം. ഇത് എതിര്‍ ടീം മത്സരത്തിലേക്ക് തിരിച്ചുവരാന്‍ മാത്രമേ ഉപകരിക്കൂ' എന്നും ഗംഭീര്‍ വ്യക്തമാക്കി.

പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ തുടക്കത്തിലെ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞിരുന്നു. ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെ എല്‍ രാഹുലിനെ ഇന്നിംഗ്‌സിലെ രണ്ടാം പന്തില്‍ നസീം ഷായുടെ പന്തില്‍ നഷ്‌ടമായി. 18 പന്തില്‍ 12 റണ്‍സെടുത്ത രോഹിത് ശര്‍മ്മയാവട്ടെ കൂറ്റനടിക്ക് ശ്രമിച്ച് മടങ്ങി. ഫോമിലേക്ക് മടങ്ങിയെത്തിയ വിരാട് കോലി 34 പന്തില്‍ 35 റണ്‍സെടുത്തെങ്കിലും അര്‍ധ സെഞ്ചുറിയിലേക്കെത്തിയില്ല. ഒടുവില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ടില്‍(17 പന്തില്‍ 33) ഇന്ത്യ അഞ്ച് വിക്കറ്റിന് വിജയിക്കുകയായിരുന്നു. പാണ്ഡ്യ നേരത്ത മൂന്ന് വിക്കറ്റും വീഴ്‌ത്തി. രവീന്ദ്ര ജഡേജയുടെ 35 റണ്‍സും നിര്‍ണായകമായി. 

മൈതാനത്തെ 'തല്ലുമാല' പഴങ്കഥ; കായിക ലോകത്തിന് മാതൃകയായി ഇന്ത്യ-പാക് ടീമുകള്‍

click me!